വൈസ് പ്രിന്‍സിപ്പല്‍ നിയമന വിവാദം: പ്രൊഫ. ജയദേവന്റെ രാജി സ്വീകരിച്ചു; ബിന്ദുവിന് പകരം ചുമതല
തൃശൂര്‍: കേരള വര്‍മ കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എ.പി ജയദേവന്റെ രാജി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചു. പകരം ചുമതല പ്രൊഫ. ആര്‍ ബിന്ദുവിന് നല്‍കി. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ.വിജയരാഘവന്റെ ഭാര്യയാണ് ബിന്ദു.
പ്രൊഫസര്‍ ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പല്‍ ആക്കിയതില്‍ പ്രതിഷേധിച്ചാണ് പ്രൊഫസര്‍ ജയദേവന്‍ സ്ഥാനമൊഴിഞ്ഞത്. പ്രിന്‍സിപ്പലിന്റെ അധികാരം വൈസ് പ്രിന്‍സിപ്പാളിന് വീതിച്ച് നല്‍കിയിരുന്നു. കേരളവര്‍മ്മയില്‍ ആദ്യമായിട്ടായിരുന്നു വൈസ് പ്രിന്‍സിപ്പല്‍ നിയമനം.
യു.ജി.സി മാനദണ്ഡമനുസരിച്ചാണ് വൈസ് പ്രിന്‍സിപ്പലിന്റെ നിയമനമെന്നാണ് ദേവസ്വത്തിന്റെ വിശദീകരണം. വൈസ് പ്രിന്‍സിപ്പലിനെ നിയമിക്കാനുള്ള സാഹചര്യം എന്താണെന്നും തന്നോട് കൂടിയാലോചിക്കാതെയാണ് വൈസ് പ്രിന്‍സിപ്പലിനെ നിയമിച്ചതെന്നും പ്രിന്‍സിപ്പലായിരുന്ന ജയദേവന്‍ വ്യക്തമാക്കി. രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്നത് ഭരണ പ്രതിസന്ധി ഉണ്ടാക്കുമെന്നും സ്ഥാനം ഒഴിഞ്ഞു ദേവസ്വത്തിനയച്ച കത്തില്‍ ജയദേവന്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഏഴ് വര്‍ഷം കൂടി കാലാവധിയുള്ളപ്പോഴാണ് ജയദേവന്‍ പ്രിന്‍സിപ്പല്‍ സ്ഥാനമൊഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."