സഊദിയില്‍ ഫോര്‍മുല ഇ കാറോട്ട മത്സരം ഡിസംബറില്‍; ഓണ്‍ലൈന്‍ വിസ അനുവദിക്കും
റിയാദ്: സഊദി ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന ഫോര്‍മുല ഇ കാറോട്ട മത്സരത്തിന് ഡിസംബറില്‍ ആരവമുയരും. ഇതിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു മത്സരം കാണാനെത്തുന്ന വിദേശികള്‍ക്ക് ഓണ്‍ അറൈവല്‍ വിസ അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അന്താരാഷ്ട്ര കാറോട്ട മത്സരത്തിന്റെ സഊദി പതിപ്പാണ് ഡിസംബറില്‍ അരങ്ങേറുക. കാറോട്ട മത്സര വേദിക്ക് 'ദര്‍ഇയ്യ ഇ' എന്നാണു നാമകരണം ചെയ്തിരിക്കുന്നതെന്നും കാറോട്ട മത്സരം കാണാനെത്തുന്നവര്‍ക്ക് യാതൊരു പ്രതിബന്ധങ്ങളുമുണ്ടാകില്ലെന്നും മത്സരം വീക്ഷിക്കുന്നതിനു ടിക്കറ്റെടുക്കുന്ന അവസരത്തില്‍ തന്നെ ഓണ്‍ലൈന്‍ വിസയും ലഭ്യമാകുമെന്നും സഊദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി വൈസ്പ്രസിഡന്റ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. ഇതാദ്യമായാണ് സഊദി ഓണ്‍ലൈന്‍ വിസ അനുവദിക്കുന്നത്.
പ്രമുഖ ബഹുരാഷ്ട്ര കമ്പനിയായ എ.ബി.ബിയുമായി സഹകരിച്ചാണ് അന്താരാഷ്ട്ര കാറോട്ട മത്സരം സഊദി സംഘടിപ്പിക്കുന്നത്. സഊദിയുടെ ആദ്യ തലസ്ഥാനമായ ദര്‍ഇയ്യയിലാണ് മത്സരം നടക്കുക. ഇതോടനുബന്ധിച്ചു തുടര്‍ച്ചയായ മൂന്നു ദിവസം സംഗീത വിനോദ പരിപാടികളും അരങ്ങേറും. സഊദി ജനറല്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ഫോര്‍മുല ഇയുമായി പത്ത് വര്‍ഷത്തെ കരാര്‍ ഒപ്പുവച്ചിട്ടുണ്ട്. ഏറെ കാര്‍ റേസിങ് പ്രേമികളുള്ള സഊദിയില്‍ മത്സരം വിജയം കാണുമെന്നാണ് അധികൃതര്‍ കണക്കുകൂട്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."