സൈനിക അട്ടിമറിശ്രമം: തുര്‍ക്കി കൂട്ടവിചാരണ ആരംഭിച്ചു
ഇസ്താംബൂള്‍: 2016 ജൂലൈയിലെ സൈനിക അട്ടിമറിശ്രമത്തില്‍ അറസ്റ്റിലായവരുടെ വിചാരണ തുര്‍ക്കി ആരംഭിച്ചു. അങ്കാറയില്‍ വച്ചു നടക്കുന്ന കൂട്ടവിചാരണയുടെ മുന്നോടിയായി കുറ്റാരോപിതരെ പരസ്യമായി ജനക്കൂട്ടത്തിനു മുന്‍പാകെ പ്രദര്‍ശിപ്പിച്ചു. അട്ടിമറിശ്രമത്തില്‍ പങ്കുള്ളതായി സംശയിക്കുന്ന 221 പേരുടെ വിചാരണയാണ് തുര്‍ക്കി കോടതി ആരംഭിച്ചത്. ഇതില്‍ ഭൂരിഭാഗം പേരും ഉയര്‍ന്ന സൈനിക പദവികള്‍ വഹിച്ചവരായിരുന്നു. മുന്‍ വ്യോമസേനാ കമാന്‍ഡറായ അകിന്‍ ഒസ്തുര്‍ക്ക് ആണ് കൂട്ടത്തില്‍ ഏറ്റവും പ്രമുഖന്‍. അങ്കാറയിലെ സിന്‍കാന്‍ ജയില്‍ കെട്ടിടത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയിലാണ് കൂട്ടവിചാരണ നടക്കുന്നത്.
പ്രതികളെ ഹാജരാക്കിയപ്പോള്‍ കൂക്കുവിളികളോടെയാണ് ജനങ്ങള്‍ എതിരേറ്റത്. ഇവര്‍ക്ക് വധശിക്ഷ ഏര്‍പ്പെടുത്തണമെന്ന് പൊതു ആവശ്യമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, യൂറോപ്യന്‍ യൂനിയനില്‍ ചേരാനുള്ള നീക്കത്തിന്റെ ഭാഗമായി തുര്‍ക്കി വധശിക്ഷ നിരോധിച്ചിട്ടുണ്ട്.
2016 ജൂലൈ 15 രാത്രിയാണ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ സ്ഥാനഭ്രഷ്ടനാക്കാനായി തുര്‍ക്കി സൈന്യത്തിന്റെ നേതൃത്വത്തില്‍ അട്ടിമറിശ്രമം നടന്നത്. അങ്കാറ, ഇസ്താംബൂള്‍, മാര്‍മാരിസ്, മലാറ്റിയാ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നടന്ന അട്ടിമറിനീക്കം ജനങ്ങള്‍ ചേര്‍ന്ന് പരാജയപ്പെടുത്തുകയായിരുന്നു. 250 പേരുടെ മരണത്തിനിടയാക്കിയതും തുര്‍ക്കി പാര്‍ലമെന്റിലും പ്രസിഡന്റിന്റെ കൊട്ടാരത്തിലും പ്രക്ഷോഭകാരികള്‍ ബോംബിട്ടതുമടക്കം വന്‍ അക്രമസംഭവങ്ങളാണ് ഈ ദിവസം അരങ്ങേറിയത്.
അതിനിടെ, സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ 75 ദിവസമായി നിരാഹാരസമരം തുടരുന്ന രണ്ട് സര്‍വകലാശാലാ അധ്യാപകരെ പൊലിസ് അറസ്റ്റ് ചെയ്തുനീക്കി. നൂരിയെ ഗുല്‍മെന്‍, സെമീഹ് ഒസാക്ക എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അട്ടിമറിശ്രമത്തിനു ശേഷം സര്‍ക്കാര്‍ വിരുദ്ധരെന്ന് ആരോപിച്ച് ജോലിയില്‍നിന്നു പിരിച്ചുവിടപ്പെട്ട ഒരു ലക്ഷത്തോളം വരുന്ന അധ്യാപകരില്‍പെട്ടവരാണ് ഇരുവരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."