മുത്വലാഖില്‍ ഇസ്‌ലാം വിധിച്ചത്
ത്വലാഖും മുത്വലാഖും വീണ്ടും ചര്‍ച്ചകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നീതിപീഠം നടത്തുന്ന പരാമര്‍ശങ്ങളും വിലയിരുത്തലുകളും വലിയ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ക്കും വഴിതുറന്നുകൊണ്ടിരിക്കുകയാണ്. പതിവുശൈലിയില്‍നിന്നു വിഭിന്നമായി വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കണമെന്ന വാദം പരസ്യമായി പ്രഖ്യാപിക്കുകയും അതുവഴി വ്യക്തിനിയമങ്ങളുടെ മതവും രാഷ്ട്രീയവും ഒരുപോലെ ചര്‍ച്ചയാവുകയും ചെയ്യുന്ന കാഴ്ചയാണു നാമിപ്പോള്‍ കണ്ടത്.
ഉത്തരാഖണ്ഡ് സ്വദേശിനി സഹ്‌റാ ബാനുവും ഭര്‍ത്താവ് രിസ്‌വാന്‍ അഹ്മദും തമ്മിലുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയതും അതിനെതിരേ ഭാര്യ സുപ്രിംകോടതിയെ സമീപിച്ചതുമാണു പുതിയ ചര്‍ച്ചകളുടെ തുടക്കം. മുത്വലാഖ്, ബഹുഭാര്യത്വം എന്നിവ നിരോധിക്കുക, ഇവ ഉള്‍ക്കൊള്ളുന്ന ശരീഅത്ത് ആക്ട് ഭരണഘടനാവിരുദ്ധമാണെന്നു പ്രഖ്യാപിക്കുക എന്നിവയായിരുന്നു ഹരജിക്കാരിയുടെ ആവശ്യം. ഇതിനെ പൂര്‍ണമായും പിന്തുണച്ച കേന്ദ്രസര്‍ക്കാര്‍ എല്ലാ ത്വലാഖുകളും ഭരണഘടനാ വിരുദ്ധമാണെന്നാണു വാദിച്ചത്.
മുത്വലാഖ് വിഷയം ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള പോരാട്ടമല്ലെന്നും മുസ്‌ലിം സമുദായത്തിലെ ദുര്‍ബലരായ സ്ത്രീകളും ശക്തരായ പുരുഷന്മാരും തമ്മിലുള്ള പോരാട്ടമാണെന്നുമുള്ള വിചിത്രമായ നിലപാടാണ് സര്‍ക്കാര്‍ എടുത്തത്. ഇസ്‌ലാമിലെ ചില നിയമങ്ങള്‍ പ്രാകൃതവും പൈശാചികവുമാണെന്നും മതേതരരാജ്യത്ത് മതേതരനിയമത്തിനായിരിക്കണം പ്രാധാന്യം എന്നുമാണു സര്‍ക്കാര്‍ വാദിച്ചത്.
രാജ്യത്തിന്റെ ഔദ്യോഗികപദവികളിലിരിക്കുന്നവര്‍പോലും ഏകസിവില്‍കോഡ് നടപ്പാക്കുക, അല്ലെങ്കില്‍ മുസ്‌ലിം വ്യക്തിനിയമം പരിഷ്‌കരിക്കുകയെന്ന ആശയങ്ങളിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ടെന്നു വേണം മനസിലാക്കാന്‍. മുത്വലാഖിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്യുന്ന ഹരജികള്‍ ഒരാഴ്ചക്കാലത്തെ വാദങ്ങള്‍ക്കുശേഷം വിധിപറയാനായി കോടതി മാറ്റിവച്ചിരിക്കുകയാണ്.
മതബോധങ്ങള്‍ വികലമാക്കുകയും ധാര്‍മികമൂല്യങ്ങളെ വിലയിടിച്ചു കാണുകയും ചെയ്യുന്ന പുതിയകാലത്ത് അത്തരം വ്യക്തികളില്‍ നിന്നുണ്ടാകുന്ന ദുഷിച്ചപ്രവണതകള്‍ക്കു മതത്തിന്റെ പരിരക്ഷ നല്‍കുന്നുണ്ടെന്ന് ആരോപിച്ച് അത് അനാചാരമായി കാണുകയും മാറ്റിയെഴുത്തിനായി മുറവിളി കൂട്ടുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്നുള്ളത്. ജനങ്ങളില്‍ ദൈവഭയവും മതഭക്തിയും കുറഞ്ഞുവരികയും ഭൗതികതാല്‍പര്യങ്ങള്‍ അധികരിക്കുകയും ചെയ്യുകയും മതസമ്പ്രദായങ്ങള്‍ ചൂഷണോപാധികളാക്കാനുള്ള പൈശാചികത്വര വ്യാപകമാവുകയും ചെയ്തപ്പോള്‍ നിലവിലുള്ള വ്യക്തിനിയമത്തിന്റെ പഴുതുപയോഗിച്ച് അനേകം അനാശാസ്യ പ്രവണതകള്‍ തലപൊക്കിയിട്ടുണ്ടെന്ന കാര്യം നഗ്നസത്യം തന്നെയാണ്. അതെല്ലാം ഇസ്‌ലാം അനുവദിക്കുന്നുവെന്നാണ് പൊതുധാരണ. ലക്കും ലഗാനുമില്ലാതെ അതീവ ലാഘവത്തോടെ മാറി മാറി വിവാഹം കഴിക്കുന്ന ചിലരുണ്ട്. ഇങ്ങനെ മാറി മാറി വിവാഹം കഴിച്ച് ധാരാളം ത്വലാഖ് ചൊല്ലുന്ന പുരുഷര്‍ ശപിക്കപ്പെട്ടവരാണെന്നാണ് തിരുവചനം. അനാവശ്യമായി ബഹുഭാര്യാത്വം സ്വീകരിക്കുക, ഭാര്യമാരുടെയും സന്താനങ്ങളുടെയും സംരക്ഷണത്തില്‍ വീഴ്ച വരുത്തുക, ഭാര്യമാരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കുക, ഭാര്യയോടുള്ള കോപം ഒറ്റയടിക്ക് മൂന്ന് ത്വലാഖും ചൊല്ലുന്നത്ര കഠിനമാവുക എന്നിവയെല്ലാം ഇസ്‌ലാം നികൃഷ്ടമാക്കിയ കാര്യങ്ങളാണ്.
എന്നാല്‍, വളരെ പ്രാധാന്യത്തോടെ നിഷ്‌കര്‍ഷിക്കുകയും പവിത്രമാക്കുയും ചെയ്ത കാര്യമാണ് വിവാഹം. ധര്‍മബോധം, സദാചാര നിഷ്ഠ, ലൈംഗിക അച്ചടക്കം, കുടുംബ ഭദ്രത എന്നിങ്ങനെ സാമൂഹികമായ ഒട്ടനേകം കാര്യങ്ങളാണ് ഇസ്‌ലാം ലക്ഷ്യമാക്കുന്നത്. ധര്‍മനിഷ്ഠയുടെ പാതി വിവാഹത്തിലൂടെ പ്രാപിക്കാനുകുമെന്നാണ് തിരുവചനം. വിവാഹം കഴിക്കുന്നവന്‍ ഈമാനിന്റെ പാതി ഭാഗം നേടി; അതിനാല്‍ ശേഷിച്ച പാതിയില്‍ അവന്‍ അല്ലാഹുവിനെ ഭയന്ന് സൂക്ഷ്മതയോടെ ജീവിക്കട്ടെ എന്ന മറ്റൊരു ഹദീസുമുണ്ട്.
കുടുംബമായി ജീവിക്കുന്ന ഇണകള്‍ പരസ്പരം അറിഞ്ഞ് സ്‌നേഹത്തിലും സഹകരണത്തിലും വര്‍ത്തിക്കണമെന്ന് ഇസ്‌ലാം പ്രത്യേകം നിര്‍ദേശിക്കുന്നുണ്ട്. മാനുഷിക വൈകല്യം എന്ന നിലക്ക് ചില സന്ദര്‍ഭങ്ങളില്‍ പരസ്പര ബന്ധത്തില്‍ വിള്ളലുണ്ടായേക്കാം. ഇത്തരം സാഹചര്യങ്ങളില്‍ ക്ഷമ കൈക്കൊള്ളണമെന്നതാണ് മത ദര്‍ശനം. ക്ഷമ നഷ്ടപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ സ്വര്‍ഗ നരകങ്ങളെ കുറിച്ച് ഇണയെ ഉപദേശിക്കാനും ഉപദേശം ഫലമില്ലാതായാല്‍ കിടപ്പറയില്‍ മാത്രം വെടിയാനും എന്നിട്ടും ശരിയാകാത്ത സാഹചര്യമുണ്ടായാല്‍ ശിക്ഷണത്തിന്റെ രീതി എന്ന നിലക്കു മാത്രം പരിക്കേല്‍ക്കാത്ത രീതിയില്‍ അടിക്കണമെന്നും അങ്ങനെ ഇണയുമായുള്ള ബന്ധം രമ്യമായി നിലനിര്‍ത്താനുമാണ് ഇസ്‌ലാം കല്‍പിക്കുന്നത്. ഇതിലൂടെയൊന്നും പിണക്കം തീരുന്നില്ലെങ്കില്‍ അവിടെ കരണീയം ഇരുവരും നല്ല രീതിയില്‍ വേര്‍പിരിയലാണ്. ഇത്തരമൊരു വേര്‍പിരിയല്‍ അപൂര്‍വമായാണെങ്കിലും ജാതി-മത ഭേദമന്യേ ദമ്പതിമാര്‍ക്കിടയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതാണല്ലോ.
ദമ്പതിമാര്‍ക്കിടയില്‍ ഛിദ്രതയുണ്ടാകുമെന്ന് ഭയമുണ്ടെങ്കില്‍ അവന്റെയും അവളുടെയും ബന്ധുക്കളില്‍ നിന്ന് ഓരോ മധ്യസ്ഥനെ നിങ്ങള്‍ നിയോഗിക്കുക. അവരിരുവരും അനുരഞ്ജനമാഗ്രഹിക്കുന്നുണ്ടെങ്കില്‍ ദമ്പതികള്‍ക്കിടയില്‍ അല്ലാഹു യോജിപ്പുണ്ടാക്കും. (വി.ഖു 4:35), നിങ്ങള്‍ ഭാര്യമാരെ വേര്‍പെടുത്തുകയും തുടര്‍ന്നു ദീക്ഷാകാലം തീരാറാവുകയും ചെയ്താല്‍ ഉദാത്തരീതിയില്‍ അവരെ സഹവസിപ്പിക്കുകയോ വിട്ടയക്കുകയോ ചെയ്യണം; നിങ്ങള്‍ അതിക്രമികളായിത്തീരും വിധം, ദ്രോഹിക്കാനായി അവരെ പിടിച്ചുവയ്ക്കരുത്. അങ്ങനെയൊരാള്‍ അനുവര്‍ത്തിക്കുന്നുവെങ്കില്‍ അവന്‍ സ്വന്തത്തെ തന്നെ ദ്രോഹിച്ചവനായി. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ പരിഹാസപാത്രമാക്കരുത് (വി.ഖു 2:231). ഇസ്‌ലാമിലെ വിവാഹ മോചന രീതികളുടെ സംക്ഷിപ്ത രൂപമാണ് മുകളിലെ ഖുര്‍ആന്‍ സൂക്തങ്ങള്‍.
വിവാഹബന്ധം എന്നും നിലനിര്‍ത്താനാണ് ഇസ്‌ലാം പ്രേരിപ്പിക്കുന്നത്. അടിസ്ഥാന പരമായ കാഴ്ചപ്പാടും അതുതന്നെ. അതുകൊണ്ട് തന്നെ ബന്ധം തുടരാന്‍ പ്രയാസമെന്ന് തോന്നുമ്പോള്‍ പല പരിഹാരങ്ങളും ഇസ്‌ലാം നിര്‍ദേശിച്ചു. ആദ്യം ഇരുകൂട്ടരും ആത്മാര്‍ത്ഥമായൊരു ചര്‍ച്ചക്ക് തയാറായാല്‍ തന്നെ പ്രശ്‌നം ഇല്ലാതാകാന്‍ ഏറെ സാധ്യതയുണ്ടെന്നാണ് ഖുര്‍ആന്റെ പക്ഷം.
അങ്ങനെയും പരിഹാരമായില്ലെങ്കില്‍ ഭാര്യയുടെ ശുദ്ധി സമയത്ത് ഭര്‍ത്താവിന് ഒന്നോ രണ്ടോ ത്വലാഖുകള്‍ ചൊല്ലാവുന്നതാണ്. തുടര്‍ന്ന് ഭര്‍ത്താവിന്റെ ചെലവില്‍ അവരുടെ വീട്ടില്‍ തന്നെ ഇദ്ദയിരിക്കണം, ദീക്ഷകാലം ആചരിക്കണം. ഇക്കാലയളവില്‍ മനം മാറ്റത്തിനും അതുവഴി പൂര്‍വ ബന്ധത്തിലേക്ക് തിരിച്ചുവരാനും സാധ്യതയുള്ളതിനാലാണിത്. ശേഷിക്കുന്ന മൂന്നാം ത്വലാഖ് കൂടി ഒരാള്‍ ചൊല്ലിയാല്‍ പിന്നെ വേറൊരാള്‍ വിവാഹം ചെയ്ത് മോചനം നടത്തിയാലല്ലാതെ അയാള്‍ക്ക് ഭാര്യയെ തിരിച്ചെടുക്കാനാവില്ല. അതീവ സൂക്ഷ്മതയോടും ആഴത്തിലുള്ള ചിന്തയോടും കൂടി മാത്രമേ ഈ അന്തിമാവസരം ഉപയോഗപ്പെടുത്താവൂ എന്ന പാഠമാണ് ശരീഅത്ത് നല്‍കുന്നത്.
ജാഹിലിയ്യാ കാലങ്ങളില്‍ തോന്നിയപോലെ ഒരു കണക്കും പരിധിയുമില്ലാതെ ത്വലാഖ് ചെല്ലുന്ന പ്രവണത അറബികളിലുണ്ടായിരുന്നു. ഒരാള്‍ ഭാര്യയെ ത്വലാഖ് ചൊല്ലി ഇദ്ദകാലം തീരാറാവുമ്പോള്‍, അവരെ പ്രയാസപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മടക്കിയെടുക്കുന്ന രീതിയും അക്കാലങ്ങളില്‍ ഉണ്ടായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് മടക്കിയെടുക്കാവുന്ന ത്വലാഖ് രണ്ടെണ്ണമാക്കി ഖുര്‍ആന്‍ ക്ലിപ്തപ്പെടുത്തിയത്. ഇവിടെയൊക്കെ സ്ത്രീയുടെ അന്തസ്സ് ഇസ്‌ലാം പരിഗണിച്ചതായി കാണാം. വിവാഹമോചന ഘട്ടത്തിലെത്തുമ്പോള്‍ ഇത്തരം വിഷയങ്ങളൊന്നും പരിഗണിക്കാതെ ഒറ്റയടിക്ക് മൂന്ന് ത്വലാഖും ചൊല്ലുന്നവരുമുണ്ട്. ഇതാണ് ഇന്നിപ്പോള്‍ ചര്‍ച്ചാവിഷയമായ മുത്വലാഖ്. ഇത് പ്രവാചക ചര്യക്ക് എതിരാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല. അനുവദനീയമായ കാര്യങ്ങളില്‍ തന്നെ അല്ലാഹുവിന് ക്രോധകരമായ കാര്യമാണ് ത്വലാഖ്. അപ്പോള്‍ മുത്വലാഖ് വിഷയം അതിലേറെ ഗൗരവമുള്ളതാണെന്നു പറയേണ്ടതില്ലല്ലോ.
പ്രമുഖ ഹദീസ് പണ്ഡിതനായ ഇമാം നസാഈ ഉദ്ധരിക്കുന്ന ഒരു സംഭവമുണ്ട്: ഭാര്യയെ മൂന്ന് ത്വലാഖും ചൊല്ലിയ ഒരാളെപ്പറ്റി അനുചരന്മാര്‍ തിരുദൂതരോട് പങ്കുവച്ചു. അത് കേട്ട് അവിടന്ന് കോപാകുലനായി എഴുന്നേറ്റ് ചോദിച്ചു: ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഉള്ളപ്പോള്‍ തന്നെ അല്ലാഹുവിന്റെ ഗ്രന്ഥം കൊണ്ട് കളിക്കുകയാണോ നിങ്ങള്‍ അനുചരന്മാരില്‍ ഒരാള്‍ എഴുന്നേറ്റ് 'തിരുദൂതരേ, ഞാനയാളെ വധിച്ചു കളയട്ടെ' എന്നുപോലും ചോദിച്ചുപോയി. പലതവണയായി വേണം ത്വലാഖ് എന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമായി പഠിപ്പിച്ചത് ധിക്കരിച്ച് മൂന്നും ഒന്നാക്കിയതാണ് പ്രവാചക(സ)നെ ക്ഷുഭിതനാക്കിയത്.
ഭര്‍ത്താക്കന്മാരുടെ ദ്രോഹങ്ങളിലും പീഡനങ്ങളിലും സഹികെട്ട് മുസ്‌ലിം സ്ത്രീകള്‍ വല്ലപ്പോഴും ധൈര്യമവലംബിച്ച് കോടതിയില്‍ നീതി തേടിച്ചെന്നാല്‍, വ്യക്തിനിയമത്തിന്റെ ഉപരിപ്ലവമായ പിന്‍ബലത്തില്‍ പ്രതിഭാഗം വക്കീല്‍ നിരത്തുന്ന ന്യായങ്ങള്‍ക്കു മുമ്പില്‍ ന്യായാധിപന്‍ നിസ്സഹായനായി മാറുകയാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ മത പണ്ഡിതന്മാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. സമൂഹത്തെ ധാര്‍മിക ബോധമുള്ളവരാക്കുകയും ക്ഷമയോടെ വിഷയം കൈകാര്യം ചെയ്യേണ്ട സന്ദര്‍ഭമാണിതെന്ന് ബോധ്യപ്പെടുത്തുകയും വേണം. അതിനുള്ള സാഹചര്യങ്ങളൊരുക്കാന്‍ ഭരണകൂടവും നീതി പീഠവും തയാറാവേണ്ടതുമുണ്ട്. അല്ലാതെ മുത്വലാഖ് നിരോധിക്കണമെന്ന് പറഞ്ഞാല്‍ അത് വിശ്വാസികളെ സംബന്ധിച്ചിടത്തോളം സ്രഷ്ടാവിന്റെ തീരുമാനത്തോടുള്ള വെല്ലുവിളിയാണ്. മാത്രവുമല്ല, ഭൗതിക നിയമത്തിന്റെ പേരില്‍ മുത്വലാഖിന് നിയമസാധുത കല്‍പിക്കാതിരുന്നാല്‍ ഇണകള്‍ തമ്മില്‍ പിന്നീടുണ്ടാകുന്ന ശാരീരിക ബന്ധങ്ങള്‍ വ്യഭിചാരമായി പരിണമിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."