അംബേദ്കര്‍ ഗ്രാമം കോളനി നവീകരണ പദ്ധതി മുക്കം നഗരസഭയില്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണം
മുക്കം: പട്ടികജാതി കോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന അംബേദ്കര്‍ ഗ്രാമം കോളനി നവീകരണ പദ്ധതിയില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി പരാതി.
സര്‍ക്കാര്‍ നിര്‍ദേശം അട്ടിമറിച്ച് കരാറുകാര്‍ക്ക് തോന്നിയപോലെയാണ് പ്രവൃത്തി നടക്കുന്നതെന്നാണ് പ്രധാന ആക്ഷേപം. മുക്കം നഗരസഭയിലെ തടപ്പറമ്പ് ഐ.എച്ച്.ഡി.പി കോളനിയില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാസയോഗ്യമാക്കുന്ന വീടുകളുടെ നിര്‍മാണ പ്രവൃത്തികളില്‍ വന്‍ അപാകതയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. വീടിന്റെ നിലത്ത് പതിച്ച ടൈലുകള്‍ ദിവസങ്ങള്‍ക്കകം തന്നെ ഇളകി പോയിട്ടുണ്ട്. നവീകരിക്കുന്ന വീടുകളിലെ പുകയും പായലും പിടിച്ച ചുമരുകള്‍ തൊഴിലാളികള്‍ തേയ്ക്കുന്നില്ലെന്നും നാട്ടുകാര്‍ പറയുന്നു. വീടിന്റെ സണ്‍ഷേഡ് തേയ്ക്കാതെയാണ് മിക്ക വീടുകളുടെയും ചുമരുകള്‍ തേയ്ക്കുന്നത്. സാമ്പത്തിക പ്രയാസം കൊണ്ട് നിര്‍മാണ പ്രവൃത്തി പാതിവഴിയിലായ 33 വീടുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാസയോഗ്യമാക്കുന്നത്. നിര്‍മാണ പ്രവൃത്തികള്‍ നിലച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ വീടുകളാണ് ഇവയിലേറെയും. ജില്ലാ കലക്ടര്‍ നേതൃത്വം നല്‍കുന്ന നിര്‍മിതി കേന്ദ്രയ്ക്കാണ് നിര്‍മാണ ചുമതല. അഞ്ച് മാസം കൊണ്ട് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കുമെന്ന് പറഞ്ഞ് ആരംഭിച്ച പ്രവൃത്തി ആറുമാസം കഴിഞ്ഞിട്ടും പകുതി പോലുമായിട്ടില്ല.സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപ വകയിരുത്തിയ പദ്ധതി കഴിഞ്ഞ മാര്‍ച്ച് 24ന് മന്ത്രി എ.കെ ബാലനാണ് മുക്കം നഗരസഭയില്‍ ഉദ്ഘാടനം ചെയ്തത്. കോളനിയിലെ മിക്ക വീടുകളിലും സ്ത്രീകള്‍ മാത്രമാണുള്ളത്. നല്ല രീതിയില്‍ പണി പൂര്‍ത്തീകരിക്കണമെന്ന് ഇവര്‍ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും കരാറുകാരനും തൊഴിലാളികളും യാതൊരു അനുകൂല നടപടിയും സ്വീകരിച്ചില്ലെന്ന് വീട്ടുകാര്‍ പറയുന്നു.
വകയിരുത്തിയ തുക തീര്‍ന്നുപോയെന്ന് പറഞ്ഞാണ് നിര്‍മാണ പ്രവൃത്തികള്‍ പാതിവഴിയിലാക്കി തൊഴിലാളികള്‍ പോകുന്നത്. എന്നാല്‍ നിര്‍മിതി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഓരോ വീട്ടിലും പൂര്‍ത്തിയാക്കേണ്ട നിര്‍മാണ പ്രവൃത്തികള്‍ മനസിലാക്കി എസ്റ്റിമേറ്റ് തയാറാക്കിയാണ് വീടുകള്‍ക്ക് തുക വകയിരുത്തിയതെന്ന് വീട്ടുകാര്‍ പറയുന്നു.
50,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ വീടുകള്‍ക്ക് വകയിരുത്തിയിട്ടുണ്ട്. എന്നാല്‍ വകയിരുത്തിയ തുക അപര്യാപ്തമാണെന്ന് പറഞ്ഞ് വീട്ടുകാരെക്കൊണ്ട് നിര്‍മാണ സാമഗ്രികള്‍ റോഡരികില്‍ നിന്ന് വീടുകളിലേക്ക് കടത്തിച്ചതായും ആരോപണമുണ്ട്. ഭൂരിഭാഗം വീടുകളുടെയും നിലത്തും അകത്തേക്ക് കയറാനുള്ള പടികളിലും ടൈല്‍സ് പതിച്ചിട്ടുണ്ടെങ്കിലും ഒരു വീടിന്റെ പോലും പടിയുടെ വശങ്ങളില്‍ ടൈലുകള്‍ പതിച്ചിട്ടില്ല. ഇതിനും തുക വകയിരുത്തിയിട്ടില്ലെന്നാണ് തൊഴിലാളികളുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."