അജ്ഞാതരേ എന്തിനിങ്ങനെ തെളിവുകള്‍ ശേഷിപ്പിക്കാതെ ഒളിച്ചോടുന്നു? ആറുമാസത്തിനിടെ കണ്ടെത്തിയത് തിരിച്ചറിയാത്ത 5,579 മൃതദേഹങ്ങള്‍
പാലക്കാട്: എന്തുകൊണ്ടാണിത്ര അജ്ഞാത മൃതദേഹങ്ങള്‍ പെരുകുന്നത്.? സംസ്ഥാനത്ത് ആറുമാസത്തിനുള്ളില്‍ തിരിച്ചറിയാത്ത 5,579 മൃതദേഹങ്ങള്‍ കണ്ടുകിട്ടിയതായി പൊലിസ് രേഖകള്‍ പറയുന്നു.
അജ്ഞാതര്‍ എന്തിനിങ്ങനെ തെളിവുകള്‍ അവശേഷിപ്പിക്കാതെ ജീവിതത്തില്‍ നിന്നും ഒളിച്ചോടുന്നു.? പൊലിസ് കണക്ക് ആശങ്കയും ഭീതിയുമുണ്ടാക്കുന്നതാണ്.
അന്യസംസ്ഥാനത്തുള്ളവരാണോ അതോ സംസ്ഥാനത്ത് ഇതേ കാലയളവില്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടവരാണോ എന്നതും വ്യക്തമല്ല. പതിനാല് ജില്ലകളിലെ റെയില്‍വേ പൊലിസും ക്രൈംബ്രാഞ്ചും ഉള്‍പ്പെടെ കണ്ടെത്തിയതാണ് ഇത്രയും അജ്ഞാത മൃതദേഹങ്ങള്‍.
കായലരികത്തും പുഴയോരത്തും വിജനമായ സ്ഥലങ്ങളിലും റെയില്‍വേ പാതകളിലുമായി കിടന്നവയാണ് ഒട്ടുമിക്ക മൃതദേഹങ്ങളും.
ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ എത്തിച്ച് കൊലപ്പെടുത്തിയതോ, കൊലപ്പെടുത്തി വിജനമായ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചതോ ആയ മൃതദേഹങ്ങളാകാമെന്നാണ് പൊലിസിന്റെ ഭാഷ്യം.
വാടക കൊലയാളികള്‍ വകവരുത്തുന്നവരുടെ ശരീരങ്ങളും ഇതില്‍പെടും. മാറാരോഗങ്ങള്‍ പിടിപെട്ട് മരിക്കുന്നവരും അപമാനമോ വിഷമമോ കാരണം ജീവനൊടുക്കുന്ന കേസുകളും ഉണ്ടാകും. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ അജ്ഞാത മൃതദേഹങ്ങള്‍ കണ്ടെത്തിയത്- 863 എണ്ണം. രണ്ടാംസ്ഥാനത്ത് പാലക്കാട് ജില്ലയാണ്- 861 എണ്ണം. ഏറ്റവും കുറവ് കാസര്‍കോട്- 139 എണ്ണം.
കാണാതായത് 6,406 പേരെ
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 6,406 പേരെ കാണാതായതായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവന്തപുരം ജില്ലയാണ് ഏറ്റവും കൂടുതല്‍- 1,106 പേര്‍. ഏറ്റവും കുറവ് കാസര്‍കോട്-129 പേര്‍. അജ്ഞാത മൃതദേഹങ്ങളും കാണാതായവരുടെ എണ്ണവും തമ്മില്‍ ഒത്തുനോക്കുമ്പോള്‍ കൂടുതല്‍ വ്യത്യാസം കണ്ടത് പാലക്കാട് ജില്ലയിലാണ്. കാണാതായവര്‍ 487പേരും കണ്ടെത്തിയ അജ്ഞാത മൃതദേഹങ്ങള്‍ 861 എണ്ണവുമാണ്.
എറണാകുളം ജില്ലയില്‍ 616 പേരെ കാണാതായപ്പോള്‍ കണ്ടെത്തിയത് വെറും 156 മൃതദേഹങ്ങളാണ്. മറ്റുള്ളവര്‍ എവിടേക്കു പോയെന്നത് അജ്ഞാതം. പൊലിസ് അന്വേഷണം തുടരുന്നു. ബന്ധുക്കളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."