സാമൂഹിക പ്രതിബന്ധങ്ങളിലും സ്‌നേഹിക്കാന്‍ ധൈര്യപ്പെടുന്നവര്‍
ഏതാണ്ട് സാമൂഹികമായ സ്വതസിദ്ധ സത്യംപോലെ എത്രയെളുപ്പമാണ് 'ലൗ ജിഹാദ്' എന്ന വാക്ക് നമ്മുടെയൊക്കെ നിത്യജീവിതപദസമ്പത്തിലേക്ക് ഇഴുകിച്ചേര്‍ന്നത്. ഹിന്ദുക്കളും ക്രിസ്ത്യാനികളുമായ യുവതികളെ പ്രണയം നടിച്ച് ഇസ്‌ലാമിലേക്ക് മതപരിവര്‍ത്തനം നടത്തുന്നുവെന്ന മനപ്പൂര്‍വമായ ദുഷ്പ്രചാരണത്തിനുപയോഗിക്കുന്ന പദമാണ് 'ലൗ ജിഹാദ്'. പണവും ഗൂഢാലോചനയുമാണ് ഇത്തരം മതപരിവര്‍ത്തനങ്ങളില്‍ നടക്കുന്നതെന്നാണ് പ്രചാരണം. അതിനായി മുസ്‌ലിം യുവാക്കള്‍ക്ക് മൊബൈല്‍ ഫോണുകളും കറുത്ത കൂളിങ് ഗ്ലാസുകളും ഭംഗിയുള്ള ജീന്‍സും നല്‍കി ഉത്തമകാമുകന്‍മാരാക്കിയെടുക്കുമത്രെ. തുടര്‍ന്ന് ഹിന്ദുയുവതികളും ക്രിസ്ത്യന്‍ പെണ്‍കുട്ടികളും ഇത്തരം യുവാക്കളിലേക്ക് ആകര്‍ഷിക്കപ്പെടുന്നുവെന്നാണ് പറയപ്പെടുന്നത്. ഒരിക്കല്‍ ഈ 'വലയില്‍ കുടുങ്ങിയാല്‍' യുവതികള്‍ തീര്‍ച്ചയായും മുസ്‌ലിം യുവാക്കളെ വിവാഹം കഴിച്ച് ഇസ്‌ലാമിലേക്ക് ചേര്‍ക്കപ്പെടുമത്രെ.
എന്നാല്‍, ലൗ ജിഹാദ് ആരോപിക്കപ്പെട്ട നിരവധി ഹിന്ദു-മുസ്‌ലിം വിവാഹങ്ങളില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞത് എല്ലാ വിവാഹങ്ങളും ഉഭയകക്ഷി സമ്മതത്തോടെ നടന്നവയാണ് എന്നാണ്. കേരളത്തിലെയും കര്‍ണാടകയിലെയും പൊലിസും കോടതിയും അത്രയെങ്കിലും സമ്മതിച്ചതുമാണ്. എന്നാല്‍, പൊലിസിന്റെയും കോടതിയുടെയും ഈ കണ്ടെത്തലുകളൊന്നും 'ജിഹാദികള്‍' ഉണ്ട് എന്ന് വിശ്വസിക്കുന്നവരെ ഒരിഞ്ചുപോലും പിന്നോട്ടടിപ്പിക്കുന്നില്ല. വിഡ്ഢികളും എന്തുപറഞ്ഞാലും പെട്ടെന്നു വിശ്വസിക്കുന്നവരുമായ ഹിന്ദുയുവതികളെ നോക്കി 'ലൗ ജിഹാദികള്‍' ഇപ്പോഴും നടക്കുകയാണെന്നാണ് അവര്‍ കരുതുന്നത്. അത്തരം പരാതികള്‍ നിരന്തരം ഉയര്‍ത്തിക്കൊണ്ടുവരികയും ഹിന്ദു-മുസ്‌ലിം പ്രണയബന്ധത്തെ എതിര്‍ത്ത് പൊലിസ് സ്‌റ്റേഷനില്‍ പരാതികള്‍ നല്‍കുകയും അത് അന്വേഷിക്കുകയും ചെയ്യപ്പെടുന്നു. ഭാവനയിലുള്ള ഒരു ഭീഷണി അങ്ങനെ നിയമത്തിലൂടെയും ഭരണകൂടങ്ങളിലൂടെയും യാഥാര്‍ഥ്യമാവുന്നു. അങ്ങനെ 'ലൗ ജിഹാദ്' അതിന്റെ ജീവന്‍ നിലനിര്‍ത്തുന്നു.
നഷ്ടപ്പെട്ട ഹിന്ദു പൗരുഷത്തിന്റെ
'വീണ്ടെടുക്കല്‍'
ഒരു പ്രശ്‌നവുമില്ലാത്തിടത്ത് 'ലൗ ജിഹാദി'നെ തെളിച്ചുകൊണ്ടുവരുന്നത് ചരിത്രത്തിലെ ഹിന്ദു ഉപരോധത്തിന്റെ ഭാഗമായി വേണം കാണാന്‍. 1920കള്‍ മുതല്‍ തന്നെ ഉയര്‍ന്നജാതിഹിന്ദുക്കളായ ചിന്തകരും ആത്മീയ നേതാക്കളും രാഷ്ട്രീയ നേതാക്കളും പ്രത്യേകിച്ച് ആര്യസമാജവും ഹിന്ദുമഹാസഭയും രാഷ്ട്രീയ സ്വയംസേവക് സംഘുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നവരും നൂറ്റാണ്ടുകളായുള്ള മുസ്‌ലിം ഭരണത്തില്‍ അടങ്ങാത്ത വെറുപ്പും ക്രോധവും മനസില്‍ സൂക്ഷിച്ചവരാണെന്നാണ് ചരിത്രകാരനായ ചാരുഗുപ്ത വ്യക്തമാക്കുന്നത്. മുസ്‌ലിം ഭരണം അനുവദിച്ചുകൊടുത്തതോടെ ഹിന്ദുവിന്റെ പൗരുഷം നഷ്ടപ്പെടുത്തിയെന്നാണ് അവര്‍ വിശ്വസിക്കുന്നത്. അന്നു നഷ്ടപ്പെട്ട പൗരുഷവും ആത്മാഭിമാനവും വീണ്ടെടുക്കുന്നതിന്റെ ഭാഗമായി ഹിന്ദുയുവാക്കളോട് പുഷ്ടിയുള്ള ശരീരം ഉണ്ടാക്കിയെടുക്കാനാണ് ഹിന്ദു സംഘടനകള്‍ ആഹ്വാനം ചെയ്തത്. അതും മാത്രമല്ല, തങ്ങളുടെ സ്ത്രീകള്‍ വഴിതെറ്റിപ്പോകാതെ സൂക്ഷിക്കണമെന്നും നിര്‍ദേശമുണ്ട്.
അതുകൊണ്ടുതന്നെ എല്ലാ ജാതിയിലും ഉപജാതിയിലുമുള്ള ദലിതുകള്‍ ഉള്‍പ്പെട്ട സര്‍വ ഹിന്ദുക്കളും മുസ്‌ലിം ഇരപിടിയന്‍മാരില്‍ നിന്നും തങ്ങളുടെ സ്ത്രീകളെ സംരക്ഷിക്കാനും നഷ്ടപ്പെട്ട പൗരുഷം വീണ്ടെടുക്കാനും കൈകോര്‍ത്തിറങ്ങിയിരിക്കുകയാണ്. രാജ്യത്തിന്റെ അമ്മയാവാന്‍ വേണ്ടി സ്വന്തം 'സംശുദ്ധി' കാത്തുസൂക്ഷിക്കാനും ഹിന്ദുപുരുഷന്‍മാര്‍ തങ്ങളുടെ സ്ത്രീകള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതിനു പിറകിലുള്ള പദ്ധതി എല്ലാ സമുദായത്തിലും ജാതിയിലുംപെട്ട ഹിന്ദുക്കളുടെ ഒരു വലിയ ദേശീയ സാഹോദര്യം ഉണ്ടാക്കിയെടുക്കലാണ്. ഒപ്പം മുസ്‌ലിം ലൈംഗികവീര്യത്തിലുള്ള ഹിന്ദുപുരുഷന്റെ അകാരണമായ ഭയവും ഹിന്ദു സ്ത്രീകള്‍ക്ക് എന്താണ് നല്ലത് എന്നു തെരഞ്ഞെടുക്കാനുള്ള കഴിവിലുള്ള അവിശ്വാസവുമാണ് അന്ന് ഇത്തരത്തിലൊരു ദേശീയ കൂട്ടായ്മയുണ്ടാവാനുള്ള അടിസ്ഥാന കാരണം.
ഇന്നും നാം കണ്ടുകൊണ്ടിരിക്കുന്നത് അതേ പ്രതിഭാസമാണ്. ഒരിക്കല്‍ കൂടി ഹിന്ദുക്കളെല്ലാം തങ്ങളുടെ വിശ്വാസത്തിലുള്ള കടമ പൂര്‍ത്തിയാക്കാന്‍ മുന്നിട്ടിറങ്ങണമെന്നാണ് ആഹ്വാനം. ഇന്ന് അതിന് അടിസ്ഥാനപരമായി ഒരു വ്യത്യാസമേയുള്ളൂ, ഈ അഭ്യര്‍ഥന നടത്തുന്നത് മൃഗീയമായ ഒരു അധികാരത്തിന്റെ പിന്‍ബലത്തോടെയാണ് എന്നുമാത്രം. പക്ഷേ അതിന്റെ അടിസ്ഥാന ഉള്ളടക്കം പഴയതുതന്നെ, കടുത്ത മുസ്‌ലിം വിദ്വേഷം. ഇതെല്ലാം ഭയാനകമായി തുടര്‍ന്നുകൊണ്ടിരിക്കുമ്പോഴാണ് 'ലൗ ജിഹാദ്' എന്ന പദം നമ്മുടെ സാമൂഹിക മണ്ഡലത്തില്‍, പ്രത്യേകിച്ചും ഒരു ജാതീയ സമൂഹത്തില്‍ അതിന്റെ എല്ലാ ലൈംഗിക വാചാടോപത്തിന്റെയും ഭാഗമായി സര്‍വസാധാരണമായിക്കൊണ്ടിരിക്കുന്നത്.
നിയമരാഹിത്യം പവിത്രമായ
ആചാരമാക്കുന്നു
പുറകെനടന്നു വളക്കുന്ന പുരുഷന്‍മാരെ തെരഞ്ഞെടുക്കരുതെന്ന് സ്ത്രീകള്‍ക്ക് മുന്നറിയിപ്പുണ്ട് (അതായത് സ്വജാതിയില്‍ താഴെയുള്ളവരുമായിട്ടോ മറ്റുമതങ്ങളില്‍പ്പെട്ടയാളുമായിട്ടോ വിവാഹം വിലക്കപ്പെട്ടിരിക്കുന്നു). സ്ത്രീകള്‍ സ്വന്തം ജാതിയുടെ ആചാരങ്ങള്‍ക്ക് അനുയോജ്യമായി വിവാഹം കഴിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍, പുരുഷന്‍മാര്‍ക്ക് നിയമപരമായും ലൈംഗികമായി ആരെയെല്ലാം അടിമകളാക്കാം അവരെയെല്ലാം വിവാഹം കഴിക്കാം (പ്രത്യേകിച്ചും ജാതിയും അധികാരവും പ്രയോഗിക്കാനാവുന്ന സ്ത്രീകളുടെ മേലെയെല്ലാം പുരുഷന് ആധിപത്യമുണ്ടായിരിക്കും). സ്ത്രീകള്‍ക്കുള്ള ഈ മുന്നറിയിപ്പുകളെല്ലാം ശിക്ഷാനടപടിയുള്ളതാണ് എന്ന ഭീഷണിയുടെ ഭാഷയിലാണ് വരുന്നത്. തന്റെ ജാതിയിലും മതത്തിലുംപെടാത്ത പുരുഷനെ തിരഞ്ഞെടുക്കുന്ന 'തെറ്റുചെയ്യുന്ന സ്ത്രീ'കളുടെ മേല്‍ ഈ ശിക്ഷാവിധികള്‍ നടപ്പാക്കപ്പെടുന്നു.
രാജ്യത്തെ ഒരു നിയമവും ഇതൊന്നും അനുവദിച്ചുകൊടുക്കുന്നില്ല. പക്ഷേ ഡോ. ബി.ആര്‍ അംബേദ്ക്കര്‍ പറഞ്ഞതുപോലെ നിലനില്‍ക്കാത്ത നിയമം നിയമരാഹിത്യമാണ്. അതിനെ ആചാരമായും പാരമ്പര്യമായും പവിത്രമായും കാണുന്നത് രാജ്യത്തെ ഞെരിച്ചുകളയും. അത് പൊതുസമൂഹത്തിന്റെ സ്വഭാവത്തെ മാത്രമല്ല ഭരണകൂടത്തെയും നീതിന്യായവ്യവസ്ഥയെയും ബാധിക്കും.
മുന്നറിയിപ്പുകള്‍
സ്ത്രീകളെ വെറും അബലകളായി കാണുകയും അവരുടെ ചിന്തകളെ വെറും വിഡ്ഢിത്തരമായി കാണുകയും സ്ത്രീകളെല്ലാം യുക്തിപൂര്‍വമായ ഒരു തീരുമാനമെടുക്കാന്‍ അയോഗ്യരാണെന്നും തീരുമാനിച്ചുറപ്പിച്ചിരിക്കുന്ന ഒരു സമൂഹത്തില്‍ ഇത്രയും പ്രതീക്ഷിച്ചാല്‍ മതി. കുടുംബത്തില്‍നിന്നും ബന്ധുക്കളില്‍ നിന്നും ഖാപ് പഞ്ചായത്തുകളില്‍നിന്നും ജാതിയില്‍നിന്നും സ്ത്രീകള്‍ എന്താണ് ചെയ്യേണ്ടത്, എന്തു ചെയ്യരുത് എന്നൊക്കെ നിരന്തരം നിര്‍ദേശങ്ങള്‍ ലഭിക്കുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന നിര്‍ദേശങ്ങളെല്ലാം യോജിപ്പോടെ സ്വീകരിക്കണമെന്നും നമ്മള്‍ മറ്റുള്ളവരെ പേലെ സങ്കരജാതിയില്‍പ്പെട്ടവരല്ലെന്നും സ്ത്രീകളെ പഠിപ്പിക്കുന്നു. ജാതിയിലും സമുദായത്തിലുമൊക്കെയുള്ള സ്ത്രീകള്‍ സാമൂഹികമായും സാംസ്‌കാരികമായും താഴെയാണ്. അപ്പോഴും ഈ താഴേത്തട്ടിലുള്ള സ്ത്രീകള്‍ ഭീഷണികള്‍ക്കും മുന്നറിയിപ്പുകള്‍ക്കും നിരന്തരം വിധേയമാകുന്നു. തങ്ങളുടെ സമ്മതമില്ലാതെ പുറത്തിറങ്ങാനോ, വിദ്യാഭ്യാസം നേടാനോ, അവരുടെ നരകാവസ്ഥയ്‌ക്കെതിരേ പ്രതിഷേധിക്കാനോ പാടില്ല. അങ്ങനെ ചെയ്താല്‍ അവര്‍ ശിക്ഷിക്കപ്പെടും. ആദിവാസി-ദലിത് സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങളുടെ പഠന റിപ്പോര്‍ട്ട് കണക്കെടുത്താല്‍ അതുമനസിലാകും. സാമുദായിക ചട്ടക്കൂടുകളില്‍നിന്നു പുറത്തുകടക്കാന്‍ ശ്രമിച്ചവരെല്ലാം അതിന്റെ തിക്താനുഭവങ്ങളും അനുഭവിച്ചിട്ടുണ്ട്.
ഏറെ ഖേദകരം ജാതീയ സമൂഹങ്ങള്‍ അതിരുവിടുന്ന പ്രണയബന്ധങ്ങളെക്കുറിച്ച് ബാലിശമായ പേടി വച്ചുപുലര്‍ത്തുന്നവരാണ്. പ്രത്യേകിച്ചു ഇതിനെല്ലാം മുന്നിലുള്ളവരും സ്ത്രീകളാണ് എന്നുള്ളതാണ്. അവര്‍ തങ്ങളുടെ പുരുഷന്‍മാരുടെ മുന്നില്‍ നല്ലവരായിരിക്കാന്‍ ശ്രമിക്കുന്നവരാണ്. തങ്ങളുടെ ജാതിയുടെ അഭിമാനം കാത്തുസൂക്ഷിക്കുന്നവരുമാണ്. രാജ്യത്ത് ഒരു ഭാഗത്ത് സ്ത്രീകളുടെ വൈകാരിക തീരുമാനങ്ങള്‍ എല്ലാം പരാജയമാണെന്നും മുസ്‌ലിംകള്‍ എല്ലാം തട്ടിപ്പുകാരാണെന്നും വിശ്വസിക്കുന്നവരുമാണ്. അത് സാംസ്‌കാരികമായ ഒരു സമൂഹത്തിന് കടുത്ത പ്രഹരമാണ്. ജീവിക്കാനും ഇഷ്ടപ്പെട്ടൊരാളുടെ കൂടെ ജീവിക്കാനും നാം കഷ്ടപ്പെടുമ്പോള്‍ അതേ തീവ്രതയില്‍ ഈ രാജ്യം എങ്ങനെയായിരിക്കണമെന്ന് സ്വപ്നം കാണാനും നമുക്കാവണം.
(ഫെമിനിസ്റ്റ് ചരിത്രകാരിയായ ലേഖിക 'ദ ഹിന്ദു'വില്‍ എഴുതിയത്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."