പരീക്ഷാ നടത്തിപ്പു വിവരങ്ങള്‍ നല്‍കിയില്ല; മുന്‍ ചുമതലക്കാരന് പിഴ ശിക്ഷ
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജിലെ പരീക്ഷാ നടത്തിപ്പിലെ വിവരങ്ങള്‍ നല്‍കാത്തതില്‍ മുന്‍ പരീക്ഷാചുമതലക്കാരന് പിഴ ശിക്ഷ. കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതില്‍ ഡോ. അബ്ദുള്‍ ലത്തീഫിന് മുഖ്യവിവരാവകാശ കമ്മിഷണറാണ് പിഴ വിധിച്ചത്.
യൂനിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ യൂനിറ്റ് കമ്മിറ്റി ഓഫിസില്‍നിന്ന് ഉത്തരക്കടലാസുകള്‍ കണ്ടെടുത്തതോടെയാണ് കോളജിലെ ഉത്തരക്കടലാസ് ചോര്‍ച്ചയും പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടും പി.എസ്.സി പരീക്ഷയില്‍ അടക്കം പ്രതികളുടെ മറ്റു തട്ടിപ്പുകളും മറനീങ്ങിയത്.
ഇതുമായി ബന്ധപ്പെട്ടു പുറത്തുവന്ന വാര്‍ത്തകള്‍ തള്ളി അന്നത്തെ കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല വഹിച്ച ഡോ. സുമ രംഗത്തെത്തിയതും വിവാദമായിരുന്നു. പിന്നീടുള്ള കണ്ടെത്തലില്‍ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം പൊളിഞ്ഞതിനു പിന്നാലെയാണ് കൃത്യമായ വിവരങ്ങള്‍ നല്‍കാതെയുള്ള യൂനിവേഴ്‌സിറ്റി കോളജിന്റെ ഒളിച്ചുകളിയും പുറത്താകുന്നത്.
പരീക്ഷാ ക്രമക്കേട് വിവാദങ്ങളില്‍ കൊല്ലം സ്വദേശി ഡി. ബീന നല്‍കിയ വിവരാവകാശത്തില്‍ അന്ന് കോളജില്‍ പരീക്ഷാനടത്തിപ്പ് ചുമതല വഹിച്ച ഡോ. അബ്ദുള്‍ ലത്തീഫ് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്നാണ് വിവരാവകാശ കമ്മിഷന്റെ കണ്ടെത്തല്‍. ഒരു വര്‍ഷമായിട്ടും ഒളിച്ചുകളി തുടരുന്നു. പരീക്ഷാ നടത്തിപ്പ് മേല്‍നോട്ടം അധികചുമതലയായതു കൊണ്ട് പരിമിതകളുണ്ടെന്നും 2015 മുതലുള്ള എല്ലാ വിവരങ്ങളും ലഭ്യമല്ലെന്നുമാണ് മറുപടിയില്‍ പറയുന്നത്. ഇതേ തുടര്‍ന്നാണ് വീഴ്ച ഗുരുതരമെന്ന് ചൂണ്ടിക്കാട്ടി മുഖ്യവിവരാവകാശ കമ്മിഷണര്‍ പിഴ വിധിച്ചത്. 3000 രൂപ ഡോ. അബ്ദുള്‍ ലത്തീഫ് അടയ്ക്കണമെന്നും ഇല്ലെങ്കില്‍ ശമ്പളത്തില്‍ പിടിക്കുമെന്നുമാണ് ഉത്തരവ്. ഉത്തരക്കടലാസ് ചോര്‍ച്ചയിലെ ക്രൈംബ്രാഞ്ച് അന്വേഷണവും ഇഴയുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."