സഊദിയില്‍ കണാതായ മലപ്പുറം സ്വദേശിയെ എട്ടു മാസങ്ങള്‍ക്ക് ശേഷം കണ്ടെത്തി
ജിദ്ദ: സഊദിയില്‍ കണാതായ മലപ്പുറം സ്വദേശിയെ എട്ടു മാസങ്ങള്‍ക്ക് ശേഷം മരുഭൂമിയില്‍ കണ്ടെത്തി. റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ ശഖ്‌റയില്‍ ജോലി ചെയ്തിരുന്ന മലപ്പുറം മങ്കട പടപ്പറമ്പ് സ്വദേശി ചെക്കന്‍ പള്ളിയാളിയില്‍ മുസ്തഫയെയാണ് കഴിഞ്ഞ ദിവസം മരുഭൂമിയില്‍ നിന്ന് കണ്ടെത്തിയത്.
റിയാദിലെ ശഖ്‌റയില്‍ ഏറെ കാലം സ്‌പോണ്‍സറോടൊപ്പവും പിന്നീട് സ്‌പോണ്‍സറുടെ സഹോദരന്റെ കൂടെ സിവില്‍ ഡിഫന്‍സില്‍ ഓഫീസിലും ജോലി ചെയ്തുവരികയായിരുന്നു മുസ്തഫ. അതിനിടെ മറ്റൊരു ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് സ്‌പോണ്‍സറുടെ സഹോദരന്‍ ഇദ്ദേഹത്തെ ഉശൈഖറിലേക്ക് കൊണ്ടുപോയി. അവിടെ മറ്റൊരു സ്വദേശി പൗരന് മുസ്തഫയെ കൈമാറുകയായിരുന്നു. അതോടെ സുഹൃത്തുക്കള്‍ക്കും വീട്ടുകാര്‍ക്കും മുസ്തഫ എവിടെയാണെന്നതിനെ കുറിച്ച് ഒരു വിവരവുമുണ്ടായിരുന്നില്ല. എപ്പോഴെങ്കിലും മാത്രമേ വീട്ടിലേക്ക് വിളിക്കാറുള്ളൂ. മരുഭൂമിയില്‍ ഒട്ടകങ്ങളെ നോക്കുന്ന ജോലിയാണെന്നും വളരെ പ്രയാസത്തിലാണെന്നും ലൊക്കേഷന്‍ അറിയില്ലെന്നും അദ്ദേഹം വീട്ടുകാരോട് പറഞ്ഞിരുന്നു. അതിനിടെ ഭാര്യയും മറ്റു ബന്ധുക്കളും ഇന്ത്യന്‍ എംബസിയില്‍ പരാതി നല്‍കുകയും അതിന്റെ അടിസ്ഥാനത്തില്‍ കെ.എം.സി.സി ജീവകാരുണ്യ പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, റഫീഖ് മഞ്ചേരി എന്നിവര്‍ കേസില്‍ ഇടപെടുകയും ചെയ്തു.
ഇവര്‍ ശഖ്‌റയില്‍ പോയി സ്‌പോണ്‍സറെ കണ്ടപ്പോഴാണ് ഇപ്പോള്‍ മറ്റൊരാളുടെ മസറയില്‍ ഒട്ടകങ്ങളെ മേക്കുന്ന ജോലി ചെയ്യുന്നതായി അറിഞ്ഞത്. മുസ്തഫയുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചപ്പോള്‍ മരുഭൂമിയിലാണെന്ന വിവരം മാത്രമാണ് ലഭിച്ചത്. ഒടുവില്‍ ശഖ്‌റയിലെയും ഉശൈഖറിലെയും പോലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സ്‌പോണ്‍സറുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ജോലി ചെയ്യിപ്പിക്കുന്ന സഊദി പൗരനുമായി സംസാരിക്കുകയും മുസ്തഫയെ എത്തിക്കാനാവശ്യപ്പെടുകയും ചെയ്തു. ആദ്യമൊക്കെ തയാറാവാതിരുന്ന അദ്ദേഹം പോലീസ് ഉദ്യോഗസ്ഥരുടെ നിരന്തര സമ്മര്‍ദത്തെ തുടര്‍ന്ന് ഒടുവില്‍ സമ്മതിക്കുകയായിരുന്നു.
എട്ട് മാസമായി റിയാദില്‍ നിന്ന് 300 കിലോമീറ്റര്‍ ദൂരത്തുള്ള റഫിയ എന്ന സ്ഥലത്ത് ഒട്ടകത്തെ നോക്കുന്ന ജോലിയായിരുന്നുവെന്ന് മുസ്തഫ പറഞ്ഞു. ശമ്പളമൊന്നും ലഭിച്ചിട്ടില്ല. ഇഖാമയും പുതുക്കിയിരുന്നില്ല. എട്ട് മാസത്തെ ശമ്പളയിനത്തില്‍ 12,000 റിയാല്‍ നല്‍കാമെന്നും നാട്ടിലേക്ക് പോകാന്‍ അനുവദിക്കുമെന്നും സ്‌പോണ്‍സര്‍ അറിയിച്ചതായും ജീവകാരുണ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."