മോഷണമാഫിയയിലെ കണ്ണികളായ തമിഴ് സ്ത്രീകള്‍ അറസ്റ്റില്‍
തിരൂര്‍: നഗരത്തിലെ തിരൂര്‍ നഴ്‌സിങ് ഹോം ആശുപത്രിയില്‍ മാതാവിനൊപ്പം ചികിത്സക്കെത്തിയ പത്ത് മാസം പ്രായമുള്ള കുട്ടിയുടെ സ്വര്‍ണ പാദസരം കവര്‍ന്ന കേസില്‍ മോഷണ മാഫിയയിലെ കണ്ണികളായ തമിഴ്‌നാട് സ്വദേശിനികള്‍ അറസ്റ്റില്‍. മധുര വടിപ്പട്ടി സ്വദേശികളായ ജ്യോതി(22), ദേവസേന(35) എന്നിവരെയാണ് പൊലിസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. മോഷണ സംഘങ്ങളെക്കുറിച്ച് സൂചന ലഭിച്ചതായും സ്ത്രീകളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്ത് തുടര്‍ അന്വേഷണം നടത്തുമെന്നും എസ്.ഐ സുമേഷ് സുധാകര്‍ വ്യക്തമാക്കി. ബസുകള്‍, ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ തിരക്കുള്ള മേഖലകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവരാണ് പിടിയിലായവര്‍. പിടിയിലായ പ്രതികള്‍ക്കെതിരേ ഫറോക്ക് പൊലിസ് സ്റ്റേഷനിലും മോഷണക്കേസുണ്ട്.
മഞ്ചേരി കേന്ദ്രീകരിച്ച് മോഷണം ആസൂത്രണം ചെയ്യുന്നതിനിടയിലാണ് പ്രതികള്‍ പൊലിസിന്റെ വലയിലായത്. മഞ്ചേരി പൊലിസ് കസ്റ്റഡിയിലെടുത്ത പ്രതികളെ തിരൂര്‍ പൊലിസിന് കൈമാറുകയായിരുന്നു. മൂന്നു ദിവസം മുന്‍പായിരുന്നു തിരൂര്‍ നഴ്‌സിങ് ഹോമില്‍ നിന്നുള്ള ആഭരണക്കവര്‍ച്ച. തട്ടമിട്ട വേഷത്തില്‍ ആശുപത്രിയിലെത്തി മോഷണം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പറവണ്ണ സ്വദേശി കുട്ടാത്ത് നൗഷാദിന്റെയും ഷഹര്‍ബാനുവിന്റെയും മകള്‍ സെയ്ഫ ഫാത്തിമയുടെ ഒരു പവനോളം തൂക്കം വരുന്ന ആഭരണമാണ് മോഷ്ടിക്കപ്പെട്ടത്. പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."