ആയിരം രൂപ സ്കോളര്‍ഷിപ്പിന് അത്ര തന്നെ തുക നിക്ഷേപിക്കാന്‍ ബാങ്ക് അധികൃതരുടെ നിര്‍ദേശം
കൊടുങ്ങല്ലൂര്‍: ആയിരം രൂപ സ്കോളര്‍ഷിപ്പ് ലഭിക്കുവാന്‍ അത്ര തന്നെ തുക നിക്ഷേപിക്കാന്‍ ബാങ്ക് അധികൃതരുടെ നിര്‍ദേശം. പ്രീമെട്രിക് സ്കോളര്‍ഷിപ്പിനായി അപേക്ഷിക്കുന്ന കുട്ടികളുടെ രക്ഷിതാക്കളാണ് ബാങ്ക് അധികാരികളുടെ കടുംപിടുത്തം മൂലം വലയുന്നത്.
പൊതുമേഖലയിലേതുള്പ്പടെയുള്ള ഒട്ടുമിക്ക ബാങ്കുകളും അക്കൗണ്ട് തുറക്കുന്നതിന് മിനിമം ബാലന്‍സ് വേണമെന്ന് ശഠിക്കുകയാണ്. ആയിരം രൂപ സ്കോളര്‍ഷിപ്പായി ലഭിക്കാനായി അക്കൗണ്ട് തുറക്കണമെങ്കില്‍ ചുരുങ്ങിയത് ആയിരം രൂപ തന്നെ നിക്ഷേപിക്കണമെന്ന അവസ്ഥയാണുള്ളത്.
ചില ബാങ്കുകള്‍ അതിലുമിരട്ടി തുക ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് സീറോ ബാലന്‍സ് അക്കൗണ്ട് മതിയെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നത്. പക്ഷെ ഈ ഉത്തരവ് തങ്ങള്‍ക്ക് ബാധകമല്ലെന്ന നിലപാടിലാണ് ബാങ്ക് ജീവനക്കാര്‍. ആയിരമോ രണ്ടായിരമോ നിക്ഷേപിച്ച് അക്കൗണ്ട് തുറന്നാല്‍ തന്നെ അപേക്ഷിക്കുന്ന മുഴുവന്‍ പേര്‍ക്കും സ്കോളര്‍ഷിപ്പ് ലഭിക്കണമെന്നില്ല.
അഥവാ ലഭിച്ചാല്‍ തന്നെ പിന്നീട് ഈ അക്കൗണ്ടില്‍ ഇടപാട് നടക്കണമെന്നുമില്ല. അങ്ങനെ വന്നാല്‍ നിക്ഷേപതുക പിഴയായി ബാങ്ക് അല്പാല്പമായി ഈടാക്കുകയും ചെയ്യും. ഫലത്തില്‍ ആയിരം രൂപക്ക് വേണ്ടി പല ആയിരങ്ങള്‍ നല്‍കേണ്ട അവസ്ഥയാണുള്ളത്. ബാങ്കുകളുടെ പിടിവാശി മൂലം പ്രീമെട്രിക് സ്കോളര്‍ഷിപ്പ് വേണ്ടെന്ന് വെയ്ക്കുകയാണ് പല രക്ഷിതാക്കളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."