ലഹരിയില്‍ മയങ്ങി കേരളം; മയക്കുമരുന്ന് കേസുകളില്‍ മൂന്നിരട്ടി വര്‍ധന
ആലപ്പുഴ: മയക്കുമരുന്ന് കേസുകളില്‍ സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് കേരളം കുതിക്കുന്നു. നടപടികളും ബോധവല്‍ക്കരണവും തകൃതിയായി നടക്കുമ്പോഴും മയക്കുമരുന്ന് കേസുകളുടെ വര്‍ധന അമ്പരപ്പിക്കുന്നതാണ്.
സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മയക്കുമരുന്ന് കേസുകളില്‍ മൂന്നിരട്ടിയാണ് വര്‍ധന. 2016 ജൂണ്‍ മുതല്‍ കഴിഞ്ഞ മെയ് വരെ 18,868 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. എറണാകുളം, ആലപ്പുഴ, തൃശൂര്‍, കൊല്ലം, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. ഏറ്റവും കുറവ് കേസുകള്‍ കാസര്‍കോട്, കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലും.
വില്‍പ്പനയിലും ഉപയോഗത്തിലും മയക്കുമരുന്ന് ഹബ്ബായി മാറിയ എറണാകുളത്ത് 2,330 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആലപ്പുഴ 1,831, തൃശൂര്‍ 1,812, കൊല്ലം 1,692, മലപ്പുറം 1,630 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം. തിരുവനന്തപുരം 1,426, കോട്ടയം 1,282, ഇടുക്കി 1,427, പാലക്കാട് 1,463, വയനാട് 1,077, കണ്ണൂര്‍ 1,199 കേസുകള്‍ മൂന്ന് വര്‍ഷത്തിനിടെ രജിസ്റ്റര്‍ ചെയ്തു.
ഏറ്റവും കുറവ് കേസുകള്‍ കാസര്‍കോട് 400, കോഴിക്കോട് 579, പത്തനംത്തിട്ട 720. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2011 ജൂണ്‍ മുതല്‍ 2016 മെയ് വരെ 4,848 മയക്കുമരുന്ന് കേസുകളാണ് സംസ്ഥാനത്തൊട്ടാകെ രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗവും വിപണനവും കേരളത്തിന്റെ യുവതലമുറയെ ഗുരുതരമായി കീഴടക്കിയെന്നതാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഒരു ഭാഗത്ത് എക്‌സൈസും മറുഭാഗത്ത് പൊലിസും മയക്കുമരുന്ന് വേട്ട ശക്തമാക്കുമ്പോള്‍ പിടിയിലാകുന്നവരില്‍ ഭൂരിപക്ഷവും 'ന്യൂജനറേഷ'നാണ്. വിപണനത്തിലും മയക്കുമരുന്ന് ഉപയോഗത്തിലും വിദ്യാര്‍ഥികള്‍ ഏറെയുണ്ടെന്നതും ഞെട്ടിക്കുന്നതാണ്. കഞ്ചാവ്, ഹെറോയിന്‍, ഹാഷിഷ് എന്നിവക്ക് പുറേമ സ്റ്റാമ്പ് രൂപത്തില്‍ എത്തുന്ന എല്‍.എസ്.ഡി (ലൈസര്‍ജിക് ആസിഡ് ഡൈ ഈതൈലൈമഡ്) യും വ്യാപകമായി കേരളത്തില്‍ ലഭിക്കുന്നു. ആന്ധ്ര, ഒഡിഷ, ചത്തീസ്ഗഢ് സംസ്ഥാനങ്ങളില്‍ നിന്നാണ് കഞ്ചാവ് കേരളത്തിലേക്ക് എത്തുന്നത്.
ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവിന്റെ വരവ്. റെയില്‍വേ പൊലിസ് പരിശോധന ശക്തമാക്കിയതോടെ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ കേരളത്തിലേക്ക് വരുന്ന ട്രെയിനുകളില്‍ നിന്ന് കഞ്ചാവ് പിടികൂടാത്ത ദിവസങ്ങളില്ലെന്ന സ്ഥിതിയായി. മയക്കുമരുന്നുമായി പിടിയിലാകുന്നവര്‍ താഴെ തട്ടിലെ കാരിയര്‍മാര്‍ മാത്രമാണ്.
വമ്പന്‍ സ്രാവുകളാണ് മയക്കുമരുന്ന് വിപണന ശൃംഖലയെ നിയന്ത്രിക്കുന്നതെന്നതിനാല്‍ കേസ് അന്വേഷണം കാരിയര്‍മാരില്‍ ഒതുങ്ങുകയാണ്. എക്‌സൈസും പൊലിസും മാത്രമല്ല, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടിയ കേസുകളില്‍ പോലും തുടരന്വേഷണങ്ങളില്ലാത്ത അവസ്ഥയാണ്.
രാജ്യാന്തരതലത്തില്‍ നീളുന്നതാണ് മയക്കുമരുന്ന് റാക്കറ്റിന്റെ കണ്ണികള്‍. അതുകൊണ്ടു തന്നെ സംസ്ഥാനന്തര അന്വേഷണം പോലും കാര്യക്ഷമമല്ല. പൊലിസ്, എക്‌സൈസ്, കേന്ദ്ര നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സംയുക്ത നടപടികള്‍ ഉണ്ടായാല്‍ മാത്രമേ ഒരു പരിധിവരെയെങ്കിലും മയക്കുമരുന്ന് മാഫിയയെ നിയന്ത്രിക്കാന്‍ കഴിയൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."