കിരീടപ്പോരാട്ടം
ദുബൈ: 14മത് ഏഷ്യാകപ്പ് കിരീടത്തില്‍ ആര് മുത്തമിടുമെന്ന് ഇന്നറിയാം. ഇന്ന് വൈകിട്ട് അഞ്ചിന് ദുബൈ ഇന്റര്‍നാഷനല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലാണ് കിരീടത്തിനായി പോരിനിറങ്ങുന്നത്.
ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യ കിരീടം നിലനിര്ത്താനുകുമെന്ന പ്രതീക്ഷയിലാണ്. അതേസമയം, ഏഷ്യാകപ്പില്‍ ആദ്യമായി പാകിസ്താനെ തകര്‍ത്താണ് ബംഗ്ലാദേശ് ഫൈനലില്‍ പ്രവേശിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണ് ബംഗ്ലാദേശ് 37 റണ്‍സിന് പാകിസ്താനെ തോല്‍പ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും രണ്ട് തവണ ബംഗ്ലാദേശ് ഇന്ത്യയോട് ദയനീയമായി പരാജയപ്പെട്ടിരുന്നു. ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ തന്നെ ഇന്ത്യ മികച്ച പ്രകനമായിരുന്നു പുറത്തെടുത്തത്. ആദ്യ മത്സരത്തില്‍ ഹോങ്കോങ്ങിനോട് തുടക്കത്തില്‍ പതറിയതൊഴിച്ചാല്‍ മികച്ച പ്രകടനമായിരുന്നു ടൂര്‍ണമെന്റിലുടനീളം ഇന്ത്യയുടേത്. ഹോങ്കോങ്ങിനെതിരേയുള്ള മത്സരത്തില്‍ ഇന്ത്യ കടുത്ത പരീക്ഷണം നേരിട്ടെങ്കിലും ഒടുവില്‍ 26 റണ്‍സിന് ജയിക്കാന്‍ ഇന്ത്യക്കായി.
ടൂര്‍ണമെന്റിലെ നിര്‍ണായക മത്സരമായിരുന്ന ഇന്ത്യ-പാകിസ്താന് അങ്കത്തില്‍ ഇന്ത്യക്ക് അനായാസം ജയിക്കാനായി. എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബൗളര്‍മാര്‍ പാക്ക് ടീമിനെ വരിഞ്ഞു കെട്ടുകയായിരുന്നു. തുടര്‍ന്ന് ബാറ്റിങ് നിരകൂടി കനിഞ്ഞതോടെ ജയം അനായാസം കൈപ്പിടിയിലൊതുങ്ങി. മൂന്നാം മത്സരത്തില്‍ ബംഗ്ലാദേശിനെ നേരിട്ട ഇന്ത്യ അതേ പ്രകടനം പുറത്തെടുത്തു.
173 റണ്‍സിന് ബംഗ്ലാദേശിന്റെ ബാറ്റിങ് അവസാനിപ്പിച്ച ഇന്ത്യ 36 ഓവറില്‍ ലക്ഷ്യം കണ്ട് ഏഴ് വിക്കറ്റിന്റെ ജയം സ്വന്തമാക്കി. പാകിസ്താനെതിരേയുള്ള രണ്ടാം മത്സരത്തില്‍ രോഹിത് ശര്‍മ (111), ശിഖര്‍ ധവാന് (114) എന്നിവരുടെ ബാറ്റിങ്ങിന്റെ കരുത്തിലായിരുന്നു ജയം. അഫ്ഗാനിസ്താനെതിരേയുള്ള മത്സരത്തില്‍ ഇന്ത്യ സമനില പാലിക്കുകയും ചെയ്തു. ജയിക്കാമായിരുന്നെങ്കിലും ചില അശ്രദ്ധയാണ് മത്സരം സമനിലയിലെത്താന്‍ കാരണമായത്. ബാറ്റിങ്ങിലും ബോളിങ്ങിലും ഇന്ത്യന്‍ നിരയിപ്പോള് മികച്ച ഫോമിലാണുള്ളത്. ശിഖര്‍ ധവാന്, രോഹിത് ശര്‍മ, അമ്പാട്ടി റായുഡു, മഹേന്ദ്ര സിങ് ധോണി, ദിനേശ് കാര്‍ത്തിക് തുടങ്ങി എല്ലാ ബാറ്റ്സ്മാന്മാരും ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനമായിരുന്നു നടത്തിയത്.
ഭുവനേശ്വര്‍ കുമാര്‍, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ് തുടങ്ങിയ ബൗളര്‍മാരും എതിരാളികളെ എറിഞ്ഞു വീഴ്ത്തുന്നതില്‍ വിജയിച്ചിരുന്നു. ഇതാണ് ഇന്ത്യയുടെ എല്ലാ വിജയങ്ങളിലും കരുത്തായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."