മഹല്ല് ശാക്തീകരണത്തിന് ദൂരമേറെ താണ്ടാനുണ്ട്
വിശുദ്ധ മാസം സമാഗതമാവുകയാണ്. ഈ പുണ്യദിനങ്ങളുടെ വരവറിയിക്കുന്നത് മുസ്‌ലിം വേഷം ധരിച്ച സ്ത്രീ പുരുഷന്‍മാരുടെ വീട്കയറ്റത്തോടെയാണ്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഇതിനുമാത്രമായി യാചകരെ ചില മാഫിയകള്‍ ഇറക്കിവിടുന്നുണ്ട്. കേരളത്തില്‍ തന്നെയുള്ളവര്‍ ഈ മാസം കൊയ്ത്തുകാലമായി കണ്ട് തൊപ്പിവച്ചും പര്‍ദ്ദയണിഞ്ഞും ഇറങ്ങിത്തിരിക്കുന്നു.
വ്രതാനുഷ്ഠാനത്തിന്റെ ദിനരാത്രങ്ങള്‍ സമ്മാനിക്കുന്ന സഹജവും മതത്തിന്റെ പ്രത്യേക അനുശാസനത്തിന് വിധേയവുമായ ദാനധര്‍മ ശീലങ്ങളുടെ ആധിക്യം വഴി, കൈപറ്റുന്നത് പലപ്പോഴും അര്‍ഹമായ കൈകളില്‍ എത്തുന്നില്ല. സമുദായത്തിന്റെ പൊതുവേഷം യാചകന്റേതാക്കുകയും ഇരക്കാന്‍ നാണമില്ലാത്തവന്റെ മാസമാക്കി മാറ്റുകയും ചെയ്തു. ആഢ്യനായ ധനവാന്റെ വീട്ടിലെ നീണ്ട ക്യൂ പൊങ്ങച്ചം പറയാനുളളതായി മാറിയതിന് പരിഹാരം ഉണ്ടാകണമെങ്കില്‍ മഹല്ലുകള്‍ സ്വയം പര്യാപ്തമാകണം.
ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍, ആസൂത്രണമികവോടെ യാതാര്‍ഥ്യമാക്കി മാറ്റാനുള്ള ശ്രമങ്ങളുണ്ടായാല്‍ ലക്ഷ്യത്തിലെത്താനാകും. ഈ ചര്‍ച്ചയില്‍ പലരും സൂചിപ്പിച്ച പോലെ ഇസ്‌ലാമിന്റെ ആരാധനാനുഷ്ഠാനങ്ങള്‍ വരെ സംഘബോധത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. സംഘനിസ്‌കാരവും ഹജ്ജും ജുമുഅയും സമൂഹജീവിതത്തിന്റെ വൈവിധ്യങ്ങളെ ചേര്‍ത്തുപിടിക്കുന്ന സംഘജീവിതത്തെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഈ അര്‍ഥത്തില്‍ മഹല്ലുകള്‍ കേരളത്തിലെ മുസ്‌ലിം പുരോയാനത്തിന് വഹിച്ച പങ്ക് ചെറുതല്ല. വലിയ മാറ്റങ്ങളുണ്ടാക്കാന്‍ നമുക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ നടന്നുവന്നതിനേക്കാളേറെ ലക്ഷ്യത്തിലേക്കെത്താന്‍ ഇനിയും നടന്നുതീര്‍ക്കാനുണ്ട്.
സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെങ്കില്‍ നീറുന്ന പല പ്രശ്‌നങ്ങളും പരിഹരിക്കാനാകും. നിരന്തരമായ തുടര്‍നടപടികളും കേന്ദ്രീകൃതമായ നേതൃത്വവും ഇതിന് ആവശ്യമാണ്. മഹല്ലുകളെ അതത് പ്രദേശങ്ങളുടെ വിഭവങ്ങള്‍ക്കനുസരിച്ച് വര്‍ഗീകരിക്കുന്നത് നന്നാവും. ഇതിനൊരു മാസ്റ്റര്‍പ്ലാനും സര്‍വേയും തയാറാക്കണം. ചില മഹല്ലുകള്‍ സാമ്പത്തികമായി, വിദ്യഭ്യാസപരമായി, സാമൂഹികമായി, മതപരമായി മറ്റു കാരണങ്ങളാല്‍ ഉയര്‍ന്നവയാകാം. ധാരാളം വിഭവങ്ങള്‍ ഈ മഹല്ലുകള്‍ക്ക് ഉണ്ടാവുകയും ചെയ്യും. എ,ബി,സി,ഡി എന്നിങ്ങനെ ഇവയെ അവയുടെ തോതനുസരിച്ച് വര്‍ഗീകരിക്കാനാകും. താഴെ നില്‍ക്കുന്ന മഹല്ലുകളെ ഒറ്റപ്പെടുത്താതെ അമിത വിഭവശേഷിയുള്ള മഹല്ലുകളുടെ സഹകരണത്തോടെ അപ്‌ഗ്രേഡ് ചെയ്യാനുളള ശ്രമങ്ങള്‍ നടക്കേണ്ടതുണ്ട്. നിലവിലുള്ള ഖാസി സംവിധാനങ്ങള്‍ കര്‍മശാസ്ത്രം അനുവദിക്കുന്ന പ്രകാരം വിപുലമാക്കണം.
ക്രൈസ്തവ സഭയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കപ്പെട്ട പോലെ അല്‍പം ശ്രദ്ധിച്ചാല്‍ ഖാസി സംവിധാനത്തിന്റെ കീഴില്‍ ഖത്വീബ്/മുദര്‍രിസ് റിഫ്രഷ്‌മെന്റ്, മഹല്ല് അപ്‌ഗ്രേഡേഷന്‍ പോലുള്ള നടപടികള്‍ നടത്താനാകും. വേണമെങ്കില്‍ തെരഞ്ഞെടുക്കുന്ന മഹല്ല് പ്രതിനിധികളുടെ ഒരു സുപ്രീം കൗണ്‍സില്‍ ഖാസി സംവിധാനത്തിന് കീഴില്‍ വരികയും അവരുടെ അഭിപ്രായം സ്വീകരിക്കുന്ന വിധം മഹല്ലുകളിലെ നിയമന കാര്യങ്ങളില്‍ ഒരു സംഘടിത രീതിയും ഉണ്ടാക്കാവുന്നതാണ്. വിവിധ മേഖല (്വീിമഹ മൗവേീൃശ്യേ) എന്ന നിലയില്‍ ഈ സംവിധാനങ്ങള്‍ നിലവില്‍ കൊണ്ട് വരാവുന്നതാണ്.
സാമ്പത്തിക വിനിമയം
സമ്പത്ത് സമ്പന്നരുടെ കുത്തകയല്ല. അത് അല്ലാഹുവിന്റെ ഔദാര്യമാണ്. സമ്പന്നരായ സഹോദരന്‍മാരെ സംബന്ധിച്ചിടത്തോളം അത് വ്യയം ചെയ്യുന്നതില്‍ വലിയ ഉത്തരവാദിത്വമുണ്ട്. നിര്‍ബന്ധിത ദാനം മാത്രമല്ല. അല്ലാതെയുമുളള ചില ബാധ്യതകള്‍ സമ്പന്നര്‍ക്കുണ്ട്. തീര്‍ച്ചയായും അത് നിറവേറ്റുന്ന ധാരാളം സമ്പന്നര്‍ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍ സംഘടിതമായ ഒരു ബോധവല്‍ക്കരണത്തിലൂടെ വെറുതെപോകുന്ന ധാനരീതികള്‍ കൂടുതല്‍ പ്രയോജനപ്പെടുത്താനാകും.
ആത്മാര്‍ഥമായ ബോധവല്‍ക്കരമാണ് അതിന് വേണ്ടത്. പലിശ രഹിത സംവിധാനത്തിലൂടെ രാജ്യനിയമത്തെയും മത നിയമത്തെയും അവലംബിച്ചു കൊണ്ട് തന്നെ ചില സഹായനിധികള്‍ ഉണ്ടാക്കിയാല്‍ വട്ടിപ്പലിശയും ബാങ്ക് പലിശയും കാരണം ആത്മഹത്യ ചെയ്യേണ്ടിവരുന്ന സമുദായ ദുസ്ഥിതി മാറും. ഇത്തരം സഹായനിധികളിലൂടെ വിദ്യാഭ്യാസ വായ്പ, ഭവന നിര്‍മാണ വായ്പ എന്നിവയോടൊപ്പം സ്വയംതൊഴില്‍ പരിശീലനത്തിന് ആവശ്യമായ തുകകള്‍ കണ്ടെത്താനാകും. നമ്മുടെ മഹല്ലുകളില്‍ സംഘടിതമായി 'ഗ്രീന്‍ ക്ലബ്ബുകള്‍' തുടങ്ങി പച്ചക്കറി കൃഷി ഉള്‍പ്പടെയുള്ളവയെ പ്രോത്സാഹിപ്പിച്ച് മഹല്ല് കൂട്ടായ്മയുടെ ഭാഗമാക്കി മാറ്റാവുന്നതാണ്. 'ഗ്രാമശ്രീ' എന്ന പേരില്‍ മഹല്ല് വനിതകളുടെ കൂട്ടായ്മകള്‍ മതത്തിന്റെ വരമ്പ് മുറിക്കാതെ നിലവില്‍വരുത്തിയാല്‍ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് വനിതകള്‍ക്ക് വീട്ടിലിരുന്നുതന്നെ ചെയ്യാവുന്ന ഒട്ടേറെ സ്വയം തൊഴില്‍ പദ്ധതികള്‍ ഉണ്ടാക്കാനാകും
നിര്‍ബന്ധദാനത്തിന്റെ (സകാത്ത്) വിതരണത്തിലും കര്‍മശാസ്ത്രസീമകള്‍ ലംഘിക്കാത്ത രീതികള്‍ വിപുലമായി ചെയ്യാനാകും. ഒരു മഹല്ലിലെ സകാത്തിന്റെ അവകാശികളെ കണ്ടെത്തുകയും കൊടുക്കാന്‍ ബാധ്യസ്ഥരായവരുടെ സകാത്തുകള്‍ അവര്‍ക്കു തന്നെ എത്തിക്കുന്നതിന് ബോധവല്‍ക്കരിക്കാനും വേണ്ട സഹായം ചെയ്തുകൊടുക്കാനും മഹല്ലുകളുടെ നേതൃത്വത്തില്‍ കഴിയും. സംഘടിത രീതിയില്‍ ചെയ്യുമ്പോഴുള്ള അപാകതകള്‍ മാറ്റി വകാലത്ത് വഴിയോ, നേരിട്ടു തന്നെയോ അര്‍ഹരുടെ കൈകളില്‍ തന്നെ സകാത്ത് എത്തുന്നുണ്ടോ എന്നതില്‍ മഹല്ല് ഖാസിയും നേതൃത്വവും ശ്രദ്ധവച്ചാല്‍ വലിയ മാറ്റങ്ങളുണ്ടാകും.
ദൗര്‍ഭാഗ്യവശാല്‍ നേരത്തെ സൂചിപ്പിച്ച പോലെ റമദാനില്‍ സകാത്ത് വാങ്ങാനെന്ന പേരില്‍ വരുന്ന യാചകര്‍ക്ക് ക്യൂ നിറുത്തി അരിയോ ചില്ലറയോ കൊടുത്ത് സകാത്ത് കൊടുത്തുതീര്‍ത്തുവെന്ന ചാരിതാര്‍ഥ്യത്തില്‍ കഴിയുന്ന ഒരുകൂട്ടം സമ്പന്ന സഹോദരന്‍മാരുണ്ട്. ബാധ്യത നിലനില്‍ക്കുന്നതോടൊപ്പം സമുദായത്തിന്റെ നാണക്കേടായി ഈ യാചകസംഘം നിരന്തരം നിലനില്‍ക്കുന്നു. അര്‍ഹതയും അഭിമാനവുള്ള സാധുക്കള്‍ക്ക് അത് എത്താതെയും സകാത്ത് വിഹിതം അനര്‍ഹരായവര്‍ക്ക് കൊടുത്ത് വീട്ടാതെ അന്യന്റെ സമ്പത്ത് കൊള്ളയടിക്കുന്നവരായി നമ്മുടെ സമ്പന്ന സഹോദരന്‍മാര്‍ കഴിയേണ്ടിയും വരുന്നു.
അജ്ഞത കൊണ്ട് അവരില്‍ പലരും ഈ യാഥാര്‍ഥ്യം മനസ്സിലാക്കുന്നില്ല. തന്റെ ബാധ്യതയായ സകാത്തിന്റെ വിഹിതം കൊടുത്തുവീട്ടാത്ത കാലത്തോളം തന്റെ സമ്പത്തിലെ ഈ വിഹിതം തനിക്ക് അര്‍ഹതയില്ലാത്ത അന്യന്റെ സമ്പത്താണെന്നകാര്യം ഈ സമ്പന്ന സുഹൃത്ത് മനസിലാക്കുന്നില്ല. അന്യന്റെ അനധികൃത സമ്പത്ത് തന്റെ സമ്പത്തിന്റെ തന്നെ ഭാഗമാക്കി പിന്നീട് വലിയ സാമ്പത്തിക കെടുതികള്‍ക്ക് കാരണമാകുന്നു. അത്തരം സമ്പത്തുകള്‍ക്ക് നാശമുണ്ടാകുമെന്ന പ്രാവാചകാധ്യാപനങ്ങള്‍ ഒരു മുന്നറിയിപ്പായി നാം ആദ്യം കാണണം. ഈ രീതിയിലുള്ള സമഗ്രമായ ബോധവല്‍ക്കരണവും വിതരണ കാര്യത്തില്‍ ശ്രദ്ധയുമുണ്ടായാല്‍ സകാത്ത് വാങ്ങാന്‍ ആളില്ലാതെ സമ്പത്ത് തിരിച്ചുകൊണ്ട് വന്ന ഗതകാല ചരിത്രത്തെ പുന:സൃഷ്ടിക്കാന്‍ കഴിയും. സാമ്പത്തിക സ്വാശ്രയത്തിന് ആവശ്യമാകുന്ന പര്യാപ്തത സകാത്തിന്റെ വിതരണ ലക്ഷ്യത്തിലൊന്നായി കര്‍മ ശാസ്ത്ര വിശാരദന്‍മാര്‍ വിലയിരുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ അത്തരം ഒരു ശ്രദ്ധ മതപരമായ കര്‍ത്തവ്യവും കൂടിയായി വരുന്നു.
പാരമ്പര്യ മഹല്ല് ഭരണ ശീലങ്ങള്‍ ഒട്ടേറെ നമുക്ക് മാറ്റാനായിട്ടുണ്ട്. ലഹരിമുക്ത മഹല്ലുകളിലേക്ക്, മാനസീകാരോഗ്യ പരിശീലനങ്ങള്‍ നടക്കുന്ന മഹല്ല് സംവിധാനത്തിലേക്ക്, മത മതേതര വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകൃതമായി നടത്തുന്ന മഹല്ല് സംവിധാനത്തിലേക്ക്, പ്രീ-മാരിറ്റല്‍ ക്ലാസുകളും കുടുംബ ശൈഥില്യങ്ങള്‍ ഇല്ലാതാക്കാനാകുന്ന കൗണ്‍സലിങ്ങുകളും നടത്തുന്ന മഹല്ലു ഭരണ ശീലങ്ങളിലേക്ക് ഇനിയും നാം ഒരുപാട് ദൂരം നടക്കണം. ഒരു മഹല്ല് എന്നതില്‍ നിന്ന് സംയുക്ത മഹല്ല് സംരംഭങ്ങള്‍ വരണം. നിയമ പണ്ഡിതന്‍മാര്‍, ഡോക്ടര്‍മാര്‍, മതപണ്ഡിതന്‍മാര്‍, മനശാസ്ത്രവിദഗ്ദധര്‍ സാമ്പത്തിക ശാസ്ത്രജ്ഞര്‍ എല്ലാമുണ്ട് നമുക്ക്. ഒന്നൊരുമിച്ചിരുന്നാല്‍ മാസ്റ്റര്‍പ്ലാനുകളും വരും. അത്ഭുതങ്ങള്‍ പിറക്കാന്‍ അത് മതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."