കൊവിഡ് ബാധിതര്‍ക്ക് ഇന്നു മുതല്‍ തപാല്‍ വോട്ട് രേഖപ്പെടുത്താം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യഘട്ട തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ കൊവിഡ് ബാധിതര്‍ക്കും ക്വാറന്റൈനിലുള്ളവര്‍ക്കും ഇന്നു മുതല്‍ സ്‌പെഷല്‍ തപാല്‍ വോട്ട് രേഖപ്പെടുത്താം. ഇതിനായുള്ള സ്‌പെഷല്‍ പോസ്റ്റല്‍ ബാലറ്റ് വിതരണം ഇന്നു തുടങ്ങും.
ഓരോ ദിവസവും ആരോഗ്യ വകുപ്പ് അധികൃതര്‍ നല്‍കുന്ന സര്‍ട്ടിഫൈഡ് ലിസ്റ്റ് അനുസരിച്ചാണ് ബാലറ്റ് വിതരണം. ഇതിനായി സ്‌പെഷല്‍ പോളിങ് ഓഫിസര്‍, പോളിങ് അസിസ്റ്റന്റ്, ഒരു പൊലിസുദ്യോഗസ്ഥന്‍ എന്നിവരടങ്ങുന്ന പോളിങ് ടീം വീടുകളിലെത്തും. ഇവരെത്തുന്ന സമയം വോട്ടര്‍മാരെ എസ്.എം.എസിലൂടെയും ഫോണിലൂടെയും മുന്‍കൂട്ടി അറിയിക്കും.
ി നടപടിക്രമങ്ങള്‍ ഇങ്ങനെ
തപാല്‍ വോട്ടിനായുള്ള അപേക്ഷാ ഫോം, സത്യപ്രസ്താവന, ബാലറ്റ് എന്നിവ സ്‌പെഷല്‍ വോട്ടര്‍മാര്‍ക്ക് കൈമാറും. സ്‌പെഷല്‍ പോളിങ് ഓഫിസര്‍ക്കു മുമ്പാകെ വോട്ടറുടെ ഒപ്പ് അറ്റസ്റ്റ് ചെയ്യും. ശേഷം ബാലറ്റില്‍ ടിക്കോ ക്രോസ് മാര്‍ക്കോ ചെയ്ത് വോട്ട് രേഖപ്പെടുത്താം. കോളത്തില്‍ കൃത്യമായി വോട്ട് രേഖപ്പെടുത്തിയില്ലെങ്കില്‍ അത് അസാധുവാകും. വോട്ട് ചെയ്ത ശേഷം ബാലറ്റ് കവറില്‍ ഉള്ളടക്കം ചെയ്ത് സീല്‍ ചെയ്ത് സ്‌പെഷല്‍ പോളിങ് ഓഫിസറെ ഏല്‍പ്പിക്കാം. വോട്ടര്‍ക്ക് അതിനു താല്‍പര്യമില്ലെങ്കില്‍ തപാല്‍ മാര്‍ഗം റിട്ടേണിങ് ഓഫിസര്‍ക്ക് അയയ്ക്കുകയും ചെയ്യാം. ഇതിന് പോസ്റ്റല്‍ ചാര്‍ജ് ഈടാക്കില്ല. തപാല്‍ വോട്ട് സ്പീഡ് പോസ്റ്റില്‍ എത്തിക്കാനും ക്രമീകരണമുണ്ടായിരിക്കും. തപാല്‍ വോട്ടില്‍ കൈയില്‍ മഷി പുരട്ടില്ല. വോട്ട് രേഖപ്പെടുത്തിയ സീല്‍ ചെയ്ത കവറുകള്‍ പോളിങ് ഓഫിസറെ ഏല്‍പ്പിക്കുന്നവര്‍ക്ക് കൈപ്പറ്റ് രസീത് നല്‍കും.
ി മൂന്നു ബാലറ്റ്
പേപ്പറുകള്‍
ത്രിതല പഞ്ചായത്തിലെ വോട്ടര്‍മാര്‍ക്ക് മൂന്നു വ്യത്യസ്ത ബാലറ്റ് പേപ്പറുകളാകും നല്‍കുക. എന്നാല്‍ മൂന്നു വോട്ടിനുംകൂടി ഒരു അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. സത്യപ്രസ്താവന മൂന്നെണ്ണമുണ്ടാകണം. മൂന്നു ബാലറ്റുകളും വെവ്വേറെ കവറുകളില്‍ സത്യപ്രസ്താവനയോടൊപ്പം ഉള്ളടക്കം ചെയ്ത ശേഷം പോളിങ് ഓഫിസര്‍ക്കു കൈമാറാം. അല്ലെങ്കില്‍ തപാലിലയയ്ക്കാം. വോട്ടെടുപ്പിന്റെ തലേദിവസം മൂന്നു മണി വരെയാണ് സ്‌പെഷല്‍ തപാല്‍ വോട്ടിനായുള്ള സര്‍ട്ടിഫൈഡ് ലിസ്റ്റ് തയാറാക്കുന്നത്. അതിനു ശേഷം കൊവിഡ് പൊസിറ്റീവാവുകയോ ക്വാറന്റൈനിലാവുകയോ ചെയ്യുന്നവര്‍ക്ക് വോട്ടെടുപ്പ് ദിവസം വൈകീട്ട് മൂന്നിനു ശേഷം പി.പി.ഇ കിറ്റ് ധരിച്ച് ബൂത്തിലെത്തി വോട്ട് ചെയ്യാം.
ഒരു ജില്ലയില്‍ വോട്ടുള്ള വ്യക്തി മറ്റൊരു ജില്ലയില്‍ ക്വാറന്റൈനിലോ ചികിത്സയിലോ ആണെങ്കില്‍ അവരുടെ ലിസ്റ്റുകള്‍ ജില്ലാ കലക്ടര്‍മാര്‍ കൈമാറും. റിട്ടേണിങ് ഓഫിസര്‍ ഇവര്‍ക്ക് ബാലറ്റ് തപാല്‍ മാര്‍ഗം അയച്ചുകൊടുക്കും. അപേക്ഷയും ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും വോട്ട് ചെയ്ത ബാലറ്റും കവറുകളിലാക്കി തിരികെ റിട്ടേണിങ് ഓഫിസര്‍ക്ക് അയയ്ക്കണം. സര്‍ട്ടിഫൈഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ പിന്നീട് നെഗറ്റീവായാലും പോസ്റ്റല്‍ വോട്ട് മാത്രമേ ചെയ്യാന്‍ കഴിയുകയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."