കൈത്തറിയുടെ കരുതലില്‍ വിദ്യാര്‍ഥികള്‍
കണ്ണൂര്‍: കൈത്തറി സ്കൂള്‍ യൂനിഫോം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍വഹിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് സൗജന്യമായി രണ്ട് സെറ്റ് യൂനിഫോം തുണികള്‍ വിതരണം ചെയ്യുന്നത്. അടുത്ത അധ്യയനവര്‍ഷം പദ്ധതി എട്ടാം ക്ലാസ് വരെ വ്യാപിപ്പിക്കും. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വി.കെ സുരേഷ് ബാബു അധ്യക്ഷനായി. എ.ഡി.എം ഇ. മുഹമ്മദ് യൂസഫ് മുഖ്യാതിഥിയായി. ഡി.ഡി.ഇ എം. ബാബുരാജന് യൂനിഫോം ഏറ്റുവാങ്ങി. അരക്കന്‍ ബാലന്, ഡി. രാജേന്ദ്രന്, കെ.പി ജയബാലന്‍, ടി.ടി റംല, അഡ്വ. ലിഷ ദീപക്, പി. ബാലന്, അരുണ്‍ ബാരപത്രെ, കെ. രഘുപതി, കെ.വി ബാലകൃഷ്ണന്, ടി.എം ബാബുരാജന്, കെ. ചന്ദ്രന്, കെ.കെ സുരേഷ്, കെ.വി സന്തോഷ് കുമാര്‍ സംസാരിച്ചു. ഏറ്റവും കൂടുതല്‍ യൂനിഫോം തുണികള്‍ നെയ്ത മൂന്ന് പുരുഷ നെയ്ത്തുകാര്‍ക്കും മൂന്ന് വനിതാ നെയ്ത്തുകാര്ക്കുമുള്ള ഉപഹാരം എ.ഡി.എം വിതരണം ചെയ്തു. പദ്ധതിയില്‍ പങ്കാളികളായ കൈത്തറി സംഘങ്ങളെ ആദരിച്ചു.
ജില്ലയിലെ 117 ഗവ. പ്രൈമറി സ്കൂളുകളിലെ അഞ്ചാംക്ലാസ് വരെയുളള വിദ്യാര്‍ഥികള്‍ക്കാണ് പദ്ധതി പ്രകാരം രണ്ട് സെറ്റ് യൂനിഫോം സൗജന്യമായി ലഭിക്കുക. ഓരോ സ്കൂളും ആവശ്യപ്പെട്ട നിറത്തിലുള്ള തുണികള്‍ പ്രത്യേകം പാക്ക് ചെയ്ത് ജില്ലയിലെ എ.ഇ.ഒ ഓഫിസുകളില്‍ ഇതിനകം വിതരണത്തിനായി എത്തിച്ചുകഴിഞ്ഞു. ഈ ആഴ്ച തന്നെ ഇവ സ്കൂളുകളിലെത്തും. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 35 കൈത്തറി സംഘങ്ങളിലെ 824 തറികളില്‍ നിന്നായി ആയിരത്തിലേറെ തൊഴിലാളികള്‍ ഒഴിവുദിനങ്ങളില്‍ പോലും ജോലിചെയ്താണ് ജില്ലയിലേക്കാവശ്യമായ മൂന്നു ലക്ഷത്തിലേറെ മീറ്റര്‍ തുണി വിതരണത്തിനായി സജ്ജമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."