തെളിവുകളുടെ അഭാവം: സഊദിയിൽ 1,539 തടവുകാരെ വിട്ടയച്ചു
റിയാദ്: വ്യക്തമായ തെളിവുകളില്ലാതെ അറസ്റ്റ് ചെയ്‌തു ജയിലുകളിലും തടങ്കൽ കേന്ദ്രങ്ങളിലും പാർപ്പിച്ചിരുന്ന തടവുകാരെ വിട്ടയച്ചു. ഇവർക്കെതിരെ ചുമത്തിയ കുറ്റങ്ങൾക്ക് വ്യക്തമായ തെളിവുകൾ നിരത്താൻ സാധിക്കാത്തതിനെ തുടർന്നാണ് 1,539 തടവുകാരെ വിട്ടയച്ചത്. ഇവരെ വിട്ടയച്ചതോടൊപ്പം സംശയിക്കപ്പെടുന്നവരെ അറസ്റ്റുചെയ്യാൻ ഉപയോഗിക്കുന്ന പ്രോട്ടോക്കോളുകൾ പരിശോധിച്ചുറപ്പിക്കുകയും ശരിയായ രീതിയിലാണ് അത് നടപ്പാക്കുന്നതെന്ന് ഉറപ്പ് വരുത്തുകയും ചെയ്യണമെന്ന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്.
ജയിലുകൾ, തടങ്കൽ കേന്ദ്രങ്ങൾ, സാമൂഹ്യ പരിപാലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ തടവുകാരെ പരിശോധിച്ച് ഫയലുകളും സഊദിയിലെ ക്രിമിനൽ നടപടിക്രമങ്ങളുടെ മാനദണ്ഡങ്ങൾക്കനുസൃതമായുള്ള നടപടികളും അധികൃതർ പരിശോധിക്കുന്നുണ്ട്. ഒരു നിശ്ചിത സമയത്തിനുള്ളിൽ ക്രിമിനൽ നടപടിക്രമങ്ങളുടെ മാനദണ്ഡങ്ങൾ പാലിക്കാതെ ഒരാളെ അറസ്റ്റ് ചെയ്യുന്നത് നിയമപരമല്ലെന്നും പ്രോട്ടോക്കോളുകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ജയിൽ നിയന്ത്രണ വകുപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
തടവുകാരിൽ നിന്നും 24,000 പരാതികളാണ് അധികൃതർക്ക് ലഭിച്ചിരുന്നത്. ഇതിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് 1,539 തടവുകാരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ജയിലുകളിൽ നിന്നും തടവ് കേന്ദ്രങ്ങളിൽ നിന്നും മോചിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."