ദേശീയതയുടെ ആശയതല പ്രതിസന്ധി
ഇന്ത്യയില്‍ ഇന്ന് ഏതെങ്കിലും ജനവിഭാഗങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിഷമങ്ങള്‍, ദുരിതങ്ങള്‍, പാര്‍ശ്വവല്‍ക്കരിക്കപ്പെടലുകള്‍, ചൂഷണത്തിനു വിധേയപ്പെടല്‍ തുടങ്ങിയവക്കെതിരെ ആരെങ്കിലും ലേഖനങ്ങള്‍ എഴുതുകയോ പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ അവരൊക്കെയും രാജ്യദ്രോഹികളാണെന്ന് ലേബല്‍ ചാര്‍ത്തപ്പെടുന്നത് ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. അപരനെ അടിച്ചമര്‍ത്താനുള്ള ആയുധമായി ദേശീയത എന്ന മഹത്തായ ആശയം ഒതുങ്ങുമ്പോള്‍ ദേശീയതയുടെ ആശയതല പ്രതിസന്ധി രൂപപ്പെടുകയാണ്.
ദേശീയതയുടെ രൂപത്തിലായിരിക്കും ഫാളിസത്തിന്റെ ഇന്ത്യയിലേക്കുള്ള കടന്നുവരവ് എന്ന പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ വാക്കുകള്‍ ഈ സന്ദര്‍ഭത്തില്‍ ഓര്‍ത്തുപോവുകയാണ്.
ബ്രിട്ടീഷ് ഇന്ത്യയില്‍ മെക്കാളെ പ്രഭു കൊണ്ടുവന്ന നിയമങ്ങളെപ്പറ്റിയും നിയമനടപടികളെപ്പറ്റിയും വിലയിരുത്തപ്പെടേണ്ടിയിരിക്കുന്നു. അവയില്‍ പലതും സാമ്രാജ്യത്വ ആധിപത്യമുറപ്പിക്കാനും ചൂഷണവ്യവസ്ഥ നിലനിര്‍ത്തുവാനും അടിച്ചമര്‍ത്തല്‍ ഭരണരീതി തുടരുവാനും വേണ്ടിയുള്ളവയായിരുന്നു. അന്ന് ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ എഴുതുന്നവരെയും പറയുന്നവരെയും പ്രവര്‍ത്തിക്കുന്നവരെയും രാജ്യദ്രോഹികളാക്കുന്ന വിധത്തിലാണ് നിയമങ്ങള്‍ രൂപകല്‍പന ചെയ്തിരുന്നത്. ബ്രിട്ടീഷ് ആധിപത്യത്തിന്റെ ക്രൂരമായ ചൂുഷണസമ്പ്രദായങ്ങള്‍ക്കും സ്വജനപക്ഷപാതങ്ങള്‍ക്കും കൊള്ളയടിക്കുമെതിരെ ശബ്ദുമയര്‍ത്തിയവരെ രാജ്യദ്രോഹ കുറ്റം ചുമത്തി വര്‍ഷങ്ങളോളം ജയിലിലടക്കുകയും കോടതികളില്‍ നിന്നുള്ള നീതിപോലും ലഭ്യമാകാത്തവിധം പീഡിപ്പിക്കുകയും വധശിക്ഷക്ക് വിധിക്കുകയും ചെയ്ത ദാരുണമായ അവസ്ഥക്ക് നമ്മുടെ മുന്‍തലമുറ ഇരകളും സാക്ഷികളുമായി.
പെട്ടെന്ന് തിരിച്ചറിയപ്പെടാത്തതും മനസിലാക്കാന്‍ പ്രയാസമുള്ളതും നന്മതിന്മകളെ വേര്‍ത്തിരിച്ചറിയുന്ന അതിര്‍വരമ്പുകള്‍ പോലും മായ്ച്ചുകളയുവാന്‍ തന്ത്രങ്ങളൊരുക്കുന്നതുമായ 'മൂല്യങ്ങളെ വലിച്ചെറിയുവാന്‍ താല്‍പര്യം കാണിക്കുന്ന ഒരു പുതിയ സംസ്‌കാരം' വാണിജ്യവല്‍ക്കരിക്കപ്പെട്ട കലാമേഖലകളായ സീരിയലുകളിലൂടെയും അശ്ലീല സിനിമകളിലൂടെയും മറ്റും ആരൊക്കെയോ ജനഹൃദയങ്ങളില്‍ രൂപപ്പെടുത്തിയിട്ടുണ്ട് എന്നതുകൊണ്ട് തന്നെ മേല്‍സൂചിപ്പിക്കപ്പെട്ട ഗൗരവതരമായ പ്രശ്‌നങ്ങളില്‍ പ്രതികരിക്കുവാന്‍ താല്‍പര്യമില്ലാതെ നിസംഗതയിലേക്ക് ഉള്‍വലിയുന്ന ഒരു തലമുറയെ ഇവിടെ കാണേണ്ടിവരുന്നുവെന്നത് വരാന്‍പോകുന്ന ദുരന്തത്തിന്റെ അടയാളപ്പെടുത്തലുകളാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."