സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു
റിയാദ്:രാജ്യത്തെ പുതിയ എയര്‍ലൈനായ റിയാദ് എയര്‍ പരീക്ഷണാര്‍ഥമുള്ള പറക്കല്‍ തുടങ്ങി. സൗദി അറേബ്യയുടെ തലസ്ഥാന നഗരമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കായിരുന്നു ആദ്യ പരീക്ഷണ പറക്കല്‍.
റിയാദ് എയറിന്റെ എട്ട് വര്‍ഷം പഴക്കമുള്ള വിമാനത്തിന് ലക്ഷ്യസ്ഥാനത്ത് എത്താൻ ഒരു മണിക്കൂര്‍ 16 മിനിറ്റ് സമയമെടുത്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം വിമാനം റിയാദിലേക്ക് തിരികെ പറന്നു. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ആവശ്യപ്പെടുന്ന എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ( AOC ) ലഭ്യമാക്കുന്നതിനുള്ള പ്രക്രിയയുടെ ഭാഗമായാണ് പരീക്ഷണപ്പറക്കല്‍ നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
ആഭ്യന്തര, അന്തര്‍ദേശീയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കാന്‍ സൗദിയ എയര്‍ലൈന്‍സില്‍ നിന്ന് വാടകയ്ക്ക് എടുത്ത ബോയിങ് 787 -9 ഡ്രീംലൈനര്‍ വിമാനം ഉപയോഗിച്ചാണ് റിയാദ് എയര്‍ പരീക്ഷണപ്പറക്കല്‍ നടത്തിയത്. 2025ല്‍ കൊമേഴ്സ്യല്‍ ഫ്‌ളൈറ്റുകള്‍ ആരംഭിക്കുന്നതിന് മുമ്പുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് പരീക്ഷണപ്പറക്കല്‍. റിയാദ് എയറിനെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര മുഹൂര്‍ത്തമാണെന്ന് അധികൃതര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയില്‍ പറഞ്ഞു.
എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഒരു പുതിയ എയര്‍ലൈന്‍ പാലിക്കേണ്ട നിരവധി ആവശ്യകതകളില്‍ ഒന്നാണ് ഈ പരീക്ഷണപ്പറക്കലുകള്‍. ഏതൊരു എയര്‍ലൈനും പ്രവര്‍ത്തിക്കാന്‍ ഈ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. എയര്‍ലൈന്‍ ആസ്ഥാനമായുള്ള രാജ്യത്തിന്റെ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് നല്‍കുന്നത്. റിയാദ് എയറിന്റെ കാര്യത്തില്‍, ഈ രേഖ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനാണ് നല്‍കുക.
സെപ്റ്റംബർ - നവംബര്‍ മാസങ്ങളില്‍ എയര്‍ലൈന്‍ വിവിധ സര്‍ട്ടിഫിക്കേഷന്‍ ഫ്‌ളൈറ്റുകള്‍ നടത്തും. റിയാദ് എയര്‍ ആദ്യമായി ആകാശത്തേക്ക് പറന്നുയര്‍ന്നത് ഇന്നലെയാണെങ്കിലും ഒരു വര്‍ഷത്തിലേറെയായി ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട്. മറ്റ് എയര്‍ലൈനുകളുമായി പങ്കാളിത്തവും കോഡ്ഷെയറുകളും ലഭ്യമാക്കുന്നത് മുതല്‍ സ്പോര്‍ട്സ് ടീമുകളുമായി സ്പോണ്‍സര്‍ഷിപ്പ് ഡീലുകള്‍ ഒപ്പിടുന്നത് വരെയുള്ള നീക്കങ്ങളിലൂടെ റിയാദ് എയര്‍ വ്യോമയാന വ്യവസായത്തില്‍ ഇതിനകം പ്രസക്തി നേടിക്കഴിഞ്ഞതായി മേഖലയിലുള്ളവര്‍ വ്യക്തമാക്കി. എയര്‍ലൈന്‍ ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള മറ്റ് കാരിയറുകളുമായി ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചിരുന്നു. റിയാദ് എയര്‍ യാത്രക്കാര്‍ക്ക് കണക്ഷനുകള്‍ ഫ്‌ളൈറ്റുകള്‍ ലഭ്യമാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."