അടുത്ത സീസണ്‍ മുതല്‍ ചാംപ്യന്‍സ് ലീഗില്‍ 'വാര്‍'
സൂറിച്ച്: അടുത്ത സീസണ്‍ മുതല്‍ ചാംപ്യന്‍സ് ലീഗില്‍ വാര്‍ സംവിധാനം നടപ്പാക്കുമെന്ന് യുവേഫ വ്യക്തമാക്കി. 2019 യുവേഫ സൂപ്പര്‍ കപ്പിലും 2020 യൂറോ കപ്പിലും വാര്‍ നടപ്പിലാക്കും.
യൂറോപ്പ ലീഗില്‍ 2020-21 സീസണിന് ശേഷവും നാഷന്‍സ് ലീഗില്‍ 2021 ന് ശേഷവും മാത്രമേ വാര്‍ നടപ്പിലാക്കൂ. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ വാര്‍ നടപ്പാക്കുന്നതിന്റെ മുന്നോടിയായി ആദ്യ ഏതാനും മത്സരങ്ങളില്‍ വാര്‍ ഉപയോഗിച്ചിരുന്നു. തുടര്‍ന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രീമിയര്‍ ലീഗിലും വാര്‍ ഉപയോഗിക്കാനാണ് തീരുമാനം. ലോകകപ്പിന് ശേഷമാണ് വിഡിയോ അസിസ്റ്റന്റ് റഫറി സിസ്റ്റം നടപ്പാക്കുന്ന കാര്യം വിവിധ ഫെഡറേഷനുകള്‍ തീരുമാനിച്ചത്. ലോകകപ്പില്‍ വാര്‍ വിജയമായിരുന്നു എന്ന വിലയിരുത്തലിനെ തുടര്‍ന്നായിരുന്നു മറ്റു ലീഗുകളിലേക്കും പദ്ധതി വ്യാപിപ്പിച്ചത്. എന്നാല്‍ വാറിനെതിരേ സമ്മിശ്ര പ്രതികരണമാണ് വരുന്നത്. കളിയുടെ ഒഴുക്കിനെ വാര്‍ തടയുന്നുവെന്ന് പല താരങ്ങളും അഭിപ്രായപ്പെട്ടു. നല്ല രീതിയില്‍ മുന്നോട്ട് പോകുന്ന കളി വാര്‍ കാരണം തടസപ്പെടുന്നുണ്ടെന്നും പലരും അഭിപ്രായപ്പെട്ടു.
അതേസമയം, എന്താണോ അര്‍ഹതപ്പെട്ടത് അത് കിട്ടാന്‍ വാര്‍ തന്നെയാണ് ആശ്രയമെന്നാണ് ഒരു പറ്റം താരങ്ങളുടെ അഭിപ്രായം. തെറ്റായ രീതിയിലൂടെ കളിച്ച് എതിര്‍ ടീമിനെ ചതിച്ച് തോല്‍പിക്കുന്നതിന് അവസാനമാകുമെന്ന് അഭിപ്രായമുള്ളവരുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."