മാച്ചാംതോട്ടെ വീടുകളില്‍ പുതിയ ഇനം പാഷന്‍ ഫ്രൂട്ട് വിളവെടുപ്പിന് തയാര്‍
തച്ചമ്പാറ: ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ച് വികസിപ്പിച്ചെടുത്ത പുതിയ ഇനമായ പാഷന്‍ ഫ്രൂട്ട് തച്ചമ്പാറ പഞ്ചായത്തിലെ മാച്ചാംതോട് പ്രദേശത്തെ വീടുകളില്‍ വിളവെടുപ്പിന് തയാറായി. തച്ചമ്പാറ കൃഷിഭവന്റ കീഴില്‍ മാച്ചാംതോട് തൊഴുത്തിന്‍കുന്ന് അയല്‍സഭയുടെ നേതൃത്വത്തില്‍ നടത്തുന്ന 'മുറ്റത്തൊരു പാഷന്‍ ഫ്രൂട്ട്' എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ ഭാഗത്തെ വീടുകളില്‍ പാഷന്‍ ഫ്രൂട്ട് വച്ച് പിടിപ്പിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ബംഗളൂരു ഐ.ഐ.എച്ച്.ആറിന്റെ ഏറ്റവും പുതിയ ഇനം പാഷന്‍ ഫ്രൂട്ടിന്റെ തൈകള്‍ ഓരോ വീടുകളിലും നല്‍കിയിരുന്നു. മധുരമുള്ള പര്‍പ്പിള്‍ കളറായ കാവേരി എന്ന ഇനവും പുളി രസമുള്ള നാടന്‍ പച്ച ഇനവും ക്രോസ് ചെയ്ത് വികസിപ്പിച്ചെടുത്തതാണ് ഈ പുതിയയിനം പാഷന്‍ ഫ്രൂട്ട്. രണ്ട് ഇനങ്ങളുടേയും ഗുണങ്ങള്‍ ഇതിനുണ്ട്. കാഴ്ചക്ക് നാടന്‍ ഇനത്തെപോലെ പച്ച നിറമാണ്. അതേസമയം അകത്തെ പള്‍പ്പിന് മധുരമാണ്. മറ്റു ഇനങ്ങളേക്കാള്‍ കൂടുതല്‍ കാമ്പും തൂക്കവും ഉണ്ട്. പഞ്ചസാര ഉപയോഗിക്കാതെതന്നെ കഴിക്കാം.
സാധാരണ പര്‍പ്പിള്‍, ചുവപ്പ് നിറങ്ങളില്‍ കാണുന്ന പാഷന്‍ ഫ്രൂട്ടുകള്‍ക്കാണ് മധുരമുണ്ടാവുക. ഇവയ്ക്ക് കാമ്പ് കുറവുമായിരിക്കും. മധുരമുള്ള പച്ചയിനം പാഷന്‍ ഫ്രൂട്ടാണ് ആദ്യം ഉണ്ടാവുന്നത്. ചെടികള്‍ക്ക് രോഗപ്രതിരോധ ശേഷി കൂടുതലുണ്ട്.
ഐ.ഐ.എച്ച്.ആര്‍ പരീക്ഷാണാടിസ്ഥാനത്തിലാണ് മാച്ചാംതോട്ടെ വീടുകളില്‍ കഴിഞ്ഞ നവംബറില്‍ പുതിയ ഇനം തൈകള്‍ നല്‍കിയത്. ജൂണ്‍ മാസത്തോടെ കായകള്‍ വന്നെങ്കിലും തുടര്‍ച്ചയായുള്ള മഴ വിളവിനെ ബാധിച്ചു. അയല്‍സഭയുടെ നേതൃത്വത്തില്‍ പാഷന്‍ ഫ്രൂട്ടില്‍നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങളുണ്ടാക്കാനും ഉദ്ദേശമുണ്ട്. പാഷന്‍ ഫ്രൂട്ട് വിളവെടുപ്പ് ഒക്ടോബര്‍ മൂന്നിന് രാവിലെ പത്തിന് തച്ചമ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സുജാത നിര്‍വഹിക്കും. വാര്‍ഡ് മെംബര്‍ എം. രാജഗോപാല്‍ അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."