വിദ്യാര്‍ഥികള്‍ തട്ടിയെടുത്തത് ആറുപേരുടെ സ്വര്‍ണാഭരണങ്ങള്‍; പ്രതികളെ റിമാന്‍ഡ് ചെയ്തു
കാഞ്ഞങ്ങാട്: ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല തട്ടിയെടുത്ത കേസിലെ പ്രതികളായ വിദ്യാര്‍ഥികളെ റിമാന്‍ഡ് ചെയ്തു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആറുപേരുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തതായി ഇവര്‍ സമ്മതിച്ചു.
കഴിഞ്ഞ ദിവസം ബേക്കല്‍ പൊലിസ് പിടികൂടിയ മംഗളൂരു സ്വദേശികളായ വിദ്യാര്‍ഥികളെ കൂടുതല്‍ ചോദ്യം ചെയ്തതോടെയാണ് സമാന രീതിയിലുള്ള അഞ്ചു സംഭവങ്ങളുടെ ഉത്തരവാദിത്വം ഇവര്‍ സമ്മതിച്ചത്. മംഗളൂരു സ്വദേശികളായ വിജയാനന്ദ്(20), ജഗത്ത്(19) എന്നിവരെയാണ് ബേക്കല്‍ എസ്.ഐ. വിപിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയോടെ ബേക്കല്‍ കവലയ്ക്ക് സമീപം നടന്നു പോവുകയായിരുന്ന നാരായണി എന്ന മത്സ്യ ത്തൊഴിലാളിയുടെ രണ്ടരപവന്‍ തൂക്കം വരുന്ന സ്വര്‍ണമാല തട്ടിയെടുത്ത് രക്ഷപ്പെടുന്നതിനിടയിലാണ് ഇവരെ ഉദുമയില്‍ വാഹന പരിശോധന നടത്തുകയായിരുന്ന ബേക്കല്‍ പൊലിസ് പിടികൂടിയത്.
ഇതിന് മുന്‍പ് ബേക്കല്‍ പൊലിസ് പരിധിയില്‍ നടന്ന മറ്റൊരു മാല തട്ടിപ്പറിക്കല്‍ സംഭവത്തിലും, സമാന രീതിയില്‍ അമ്പലത്തറ പൊലിസ് സ്റ്റേഷന് പരിധിയില്‍ രണ്ടു സംഭവങ്ങളിലും ഇവര്‍ പ്രതികളാണ്. കാഞ്ഞങ്ങാട്,നീലേശ്വരം പൊലിസ് സ്റ്റേഷന് പരിധിയില്‍ ഓരോന്ന് വീതം സംഭവത്തിന് പിന്നിലും ഇവരാണെന്ന് വിശദമായ ചോദ്യം ചെയ്യലില്‍ ബേക്കല്‍ പൊലിസ് കണ്ടെത്തി. സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുന്നതിന് വേണ്ടി മാത്രമായാണ് മംഗളൂരുവില്‍ നിന്ന് ഇവര്‍ ജില്ലയില്‍ എത്തിയിരുന്നത്. തട്ടിയെടുക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മംഗളൂരുവിലെ ഒരു സ്ഥാപനത്തില്‍ വില്‍പ്പന നടത്തിയതായും ഇവര്‍ പൊലിസിനോട് സമ്മതിച്ചിട്ടുണ്ട്. മംഗളൂരു സ്വദേശിയായ ജഗത്ത് മംഗളൂരുവിലെ പോളിടെക്നിക്കില്‍ സിവില്‍ എന്‍ജിനീയറിങ്ങിനും,ബെല്‍ത്തങ്ങാടി സ്വദേശിയായ വിജയാനന്ദ് മംഗളൂരുവില്‍ ബി.ബി.എക്കും പഠനം നടത്തി വരികയായിരുന്നുവെന്നു പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."