വിഴിഞ്ഞം കരാര്‍: സി.എ.ജിയുടെ പരിശോധനയില്‍ നോട്ടപ്പിശകെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട സി.എ.ജിയുടെ റിപ്പോര്‍ട്ടില്‍ ഏറ്റവും വേഗത്തില്‍ പരിശോധന നടത്തി യാഥാര്‍ഥ്യം കണ്ടെത്തണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ടെന്‍ഡറോ, എസ്റ്റിമേറ്റോ പോലും രൂപപ്പെടാത്ത കുളച്ചല്‍ പദ്ധതിയുമായി വിഴിഞ്ഞം തുറമുഖത്തെ താരതമ്യം ചെയ്ത കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) നടപടി ശരിയല്ലെന്നും അദ്ദേഹം 2010-12ലെ കരാറിനെക്കാള്‍ എന്തുകൊണ്ടും സംസ്ഥാനത്തിന് ഗുണകരമായതാണ് 2013-15ലേത്. വിഴിഞ്ഞം തുറമുഖ കരാറിലെ വ്യവസ്ഥകളില്‍ പലതും സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമെന്ന സി.എ.ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ ശരിയല്ല.
വിഴിഞ്ഞം പദ്ധതിയെക്കുറിച്ച് സംസാരിക്കാന്‍ സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടിട്ടും സി.എ.ജി അവസരം നല്‍കിയില്ലെന്നും ഉമ്മന്‍ചാണ്ടി ആരോപിച്ചു. വിഴിഞ്ഞം കരാറിന്റെ പേരില്‍ കുറ്റബോധമില്ല.
കരാര്‍ കാലാവധി 40 വര്‍ഷമായി നീട്ടിയത് ഏകപക്ഷീയ തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര ആസൂത്രണ കമ്മിഷന്‍ പ്രസിദ്ധീകരിച്ച മാതൃകാ കണ്‍സഷന്‍ കരാര്‍ സ്വീകരിച്ചാണ് വിഴിഞ്ഞത്തിന്റെ കരട് കരാര്‍ തയാറാക്കിയത്. എഗ്രിമെന്റ് വയ്ക്കുന്നത് മുതല്‍ 40 വര്‍ഷമാണ് കരാര്‍.
രണ്ടാംഘട്ട പ്രവര്‍ത്തനം 30 വര്‍ഷത്തിന് മുന്‍പായി നടത്തുകയാണെങ്കില്‍ മാത്രമേ 20 വര്‍ഷത്തെ കാലാവധി നീട്ടി കൊടുക്കുകയുള്ളൂ. മെയിന്റനന്‍സും ട്രെഡ്ജിങും ഉള്‍പ്പടെ മുഴുവനും കരാറുകാരന്‍ ചെയ്യണം. 25 വര്‍ഷം വേണ്ടി വന്നു പദ്ധതി പ്രാവര്‍ത്തികമാക്കാന്‍. 22 കൊല്ലത്തെ നഷ്ടം ആരും കണക്കാക്കുന്നില്ല.
ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേര്‍ഡ് കമ്മിറ്റിയും ബോര്‍ഡും മന്ത്രിസഭയും സര്‍വകക്ഷി യോഗവും പരിശോധിച്ച് ചര്‍ച്ച ചെയ്താണ് കരാര്‍ അംഗീകരിച്ചത്. സംസ്ഥാനത്തിനായി നല്ലകാര്യം ചെയ്യാനായതില്‍ അഭിമാനിക്കുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."