ഷീന ബോറ കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യ കുത്തേറ്റ് മരിച്ചു
മുബൈ: ഷീന ബോറ കൊലപാതക കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യദീപാലി ഗോനോറിനെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകത്തിനു പിന്നില്‍ ഇവരുടെ 21 വയസുള്ള മകന് സിദ്ധാന്ത് മുഖ്യപ്രതിയാണെന്നാണ് പൊലിസ് നിഗമനം. മുംബൈയ്ക്കടുത്ത സാന്താക്രൂസില്‍ ചൊവ്വാഴ്ച രാത്രിയിലാണ് കൊലപാതകം നടന്നത്.
ഭര്‍ത്താവും പൊലിസ് ഇന്‍സ്പെക്ടറുമായ ധ്യാനേശ്വര്‍ ഗനോര്‍ രാത്രി 11 ഓടെ വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെ രക്തത്തില്‍ കുളിച്ചുകിടക്കുന്നതായി കണ്ടത്. ഇവരെ കുത്താനുപയോഗിച്ച കത്തി മൃതദേഹത്തിന് തൊട്ടടുത്തുണ്ടായിരുന്നു. കഴുത്തിനാണ് കുത്തേറ്റതെന്നും മൃതദേഹത്തിനടുത്ത് കൊലയാളി ചോരകൊണ്ട് സ്മൈലി വരച്ചിരുന്നതായും പൊലിസ് പറഞ്ഞു. മടുത്തു, തന്നെ പിടികൂടി തൂക്കിലേറ്റൂ എന്ന് രക്തം കൊണ്ട് ചുമരില്‍ എഴുതിയിട്ടുണ്ട്.
വീട്ടില്‍ വൈകി എത്തുന്ന മകനെ ദീപാലി ഗോനോര് ശാസിക്കാറുണ്ടായിരുന്നു. ആവശ്യപ്പെടുന്ന പണം നല്‍കാനും അവര്‍ തയാറായിരുന്നില്ല. ഈ പകയായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലിസ് നിഗമനം. കഴിഞ്ഞ രണ്ടുമാസമായി ഇയാള്‍ ആരോടും മിണ്ടാറില്ലായിരുന്നുവെന്ന് കൂട്ടുകാരും പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി മുതല്‍ പ്രതിയെന്ന് കരുതുന്ന സിദ്ധാന്തിനെ കാണാനില്ലെന്ന് മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന് മഹാദേവ് വാവേല്‍ പറഞ്ഞു.
താന്‍ ജോലി കഴിഞ്ഞ് രാത്രി എത്തിയപ്പോള്‍ വീട് അടഞ്ഞു കിടക്കുകയായിരുന്നുവെന്ന് ഗോനോര് പൊലിസിന് മൊഴി നല്കി. കോളിങ് ബെല്‍ അടിച്ചിട്ടും വാതില്‍ തുറക്കാതായതോടെ അയല്‍വാസികളെ വിളിച്ചു. സാധാരണ നിലയില്‍ താന്‍ വിളിച്ചാല്‍ ഭാര്യയോ മകനോ വന്നാണ് വാതില്‍ തുറക്കാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് താക്കോല്‍ കണ്ടെടുത്ത് വാതില്‍ തുറന്നപ്പോഴാണ് ഭാര്യയെ രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ടത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. 2012ല്‍ നടന്ന ഷീന ബോറ കൊലപാതകത്തിന്റെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു ധ്യാനേശ്വര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."