പമ്പ് ഹൗസ് നാശത്തിന്റെ വക്കില്‍; എടച്ചേരിയില്‍ വീണ്ടും ജലച്ചോര്‍ച്ച
എടച്ചേരി: കാലപ്പഴക്കത്താല്‍ എടച്ചേരിയിലെ പമ്പ് ഹൗസ് കെട്ടിടം നാശത്തിലേക്ക് നീങ്ങുകയാണ്. വര്‍ഷങ്ങളായി തകര്‍ച്ച നേരിടുന്ന തലായിയിലെ പമ്പ് ഹൗസ് മാറ്റിപ്പണിയണമെന്ന ആവശ്യം ശക്തമാകുന്നു.
പുറമേരി വാട്ടര്‍ അതോരിറ്റി ഓഫിസ് പരിസരത്ത് പൈപ്പ് പൊട്ടി ജലം പാഴായതിന്റെ തൊട്ടുപിന്നാലെ തലായിയിലെ പഴകിയ പമ്പ് ഹൗസിലെ പൈപ്പും പൊട്ടി ശുദ്ധജലം റോഡിലൂടെ പരന്നൊഴുകുകയാണ്. പമ്പ് ഹൗസിന്റെ പഴകി ദ്രവിച്ച പൈപ്പ് പൊട്ടിയിട്ട് മൂന്ന് ദിവസം പിന്നിട്ടിട്ടും അധികൃതര്‍ ആരും തന്നെ ഇങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല.
നൂറ് കണക്കിന് കുടുംബങ്ങള്‍ക്ക് കുടിവെള്ളം പമ്പു ചെയ്യേണ്ട ഈ കെട്ടിടം ഏത് നിമിഷവും തകര്‍ന്ന് വീഴാനുള്ള പരുവത്തിലാണ്. ഇതിന് കത്തുള്ള മോട്ടോറും എന്‍ജിനും മറ്റു ഉപകരണങ്ങളും കാലപ്പഴക്കത്താല്‍ നിരവധി തവണ കേടായതാണ്. ശുദ്ധജല വിതരണത്തിനായി പമ്പ് ഹൗസില്‍ സ്ഥാപിച്ച പുറമേരി വാട്ടര്‍ അതോരിറ്റി ഓഫിസിന്റെ വിളിപ്പാടകലെ സ്ഥിതി ചെയ്യുന്ന തലായിയിലെ പമ്പ് ഹൗസാണ് കാലപ്പഴക്കം കാരണം കോണ്‍ക്രീറ്റുകള്‍ അടര്‍ന്നുവീണ് നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്നത്.
വടകര-തൊട്ടില്‍പ്പാലം റോഡില്‍ തലായി അമ്പലത്തിന് സമീപത്തുള്ള ഈ കെട്ടിടത്തിന്റെ തറയും ചുമരുകളും പൂര്‍ണമായി സിമന്റിളകി പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ജനലുകളുടെ മുഴുവന്‍ കമ്പികളും ദ്രവിച്ച് പോവുകയും,വാതിലുകള്‍ അടര്‍ന്നു പോവുകയും ചെയ്തിട്ടുണ്ട്. മുകള്‍ ഭാഗം പൂര്‍ണമായും കാട് മൂടിക്കിടക്കുകയാണ്. തൊട്ടടുത്ത മരത്തിന്റെ കൊമ്പുകള്‍ പതിച്ച് മേല്‍ക്കൂരയിലെ സമിന്റുകള്‍ അടര്‍ന്നു പോയതിനാല്‍ ഏത് നിമിഷവും കെട്ടിടം
നിലംപൊത്താനുള്ള അവസ്ഥയിലാണ്. ചുറ്റും കാട് മൂടിക്കിക്കുന്നതിനാല്‍ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രം കൂടിയായി മാറിയിട്ടുണ്ട് പമ്പ് ഹൗസ് പരിസരം. ഇതിനടുത്ത് കൂടിയാണ് ആളുകള്‍ക്ക് സഞ്ചരിക്കാനുള്ള പൊതുവഴിയുമുള്ളത്.
ഈ കെട്ടിടത്തിന്റെ ഏകദേശം അരകിലോമീറ്റര്‍ മാറി സ്ഥാപിച്ച ജലസംഭരണിയില്‍ നിന്നുള്ള വെള്ളമാണ് ഇവിടെ നിന്നും പമ്പ് ചെയ്യുന്നത്. എടച്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറിലധികം വരുന്ന വീടുകളിലേക്ക് കുടിവെള്ളമെത്തിക്കുന്നത് ഈ പമ്പ് ഹൗസ് വഴിയാണ്. വാട്ടര്‍ അതോരിറ്റി ഓഫിസിലും പഞ്ചായത്തിലും ജനങ്ങള്‍ പരാതി സമര്‍പ്പിച്ചിരുന്നുവെങ്കിലും ഇതുവരെ പരിഹാരമാര്‍ഗങ്ങള്‍ ഒന്നുമുണ്ടായില്ല. പമ്പ് ഹൗസ് കെട്ടിടം ഈ നിലയില്‍ തന്നെ തുടരുന്ന പക്ഷം താമസം വിനാ കെട്ടിടം തകരാനുള്ള സാധ്യത ഏറെയാണെന്ന്.
ഇവിടെ നിന്നുള്ള പമ്പിങ് നിലക്കുന്ന പക്ഷം ഒട്ടനവധി കുടുംബങ്ങളുടെ കുടിവെള്ളമാണ് ഇല്ലാതാവുക. എത്രയും പെട്ടെന്ന് പമ്പ് ഹൗസ് കെട്ടിടം പുതുക്കിപ്പണിത് ജനങ്ങളുടെ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."