കര്‍ഷകരേ, കേരളത്തെ കണ്ട് സമരം പഠിക്കൂ
രാജ്യത്തിന്റെ അങ്ങു വടക്കുള്ള കര്‍ഷകര്‍ വല്ലാത്തൊരു പ്രതിസന്ധിയിലാണ് കേന്ദ്ര ഭരണകൂടത്തെ എത്തിച്ചത്. രാജ്യതലസ്ഥാനം വളഞ്ഞുള്ള സമരത്തിന് പിന്തുണ കൂടിക്കൊണ്ടിരിക്കുകയാണ് ഓരോ ദിവസവും. സമരം പൊളിക്കാന്‍ പഠിച്ചപണി പതിനെട്ടും പയറ്റിയിട്ടും കാരിരുമ്പിന്റെ കരുത്തുണ്ടെന്നൊക്കെ പറയപ്പെടുന്ന കേന്ദ്ര സര്‍ക്കാരിന് അതിനായില്ല. സമരം വിജയിക്കാതെ പിന്നോട്ടില്ലെന്ന പ്രതിജ്ഞയുമായി ആറു മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കളും അടിയന്തര ഘട്ടങ്ങളില്‍ ചികിത്സിക്കാന്‍ ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകരുമൊക്കെയായാണ് അവരെത്തിയത്. ചുരുക്കിപ്പറഞ്ഞാല്‍ ഗംഭീര സെറ്റപ്പ്. ഒരുപാട് സമരങ്ങള്‍ രാജ്യം കണ്ടിട്ടുണ്ട്. എന്നാലും ഇങ്ങനെയുമുണ്ടോ ഒരു സമരം.
സമരമുഖത്തേക്കെത്തിയത് പഞ്ചാബിലെയും ഹരിയാനയിലെയും രാജസ്ഥാനിലെയും യു.പിയിലെയുമൊക്കെ കര്‍ഷകരാണെങ്കിലും മലയാളികളും ഒട്ടും മോശമാക്കിയിട്ടില്ല. സമരം ചെയ്യാന്‍ സമരഭൂമിയില്‍ തന്നെ പോകണമെന്ന നിര്‍ബന്ധമൊന്നുമില്ലല്ലോ. അതുകൊണ്ട് ഒരുപാട് മലയാളികള്‍ ഫേസ്ബുക്കില്‍ ആവേശം കത്തുന്ന പോസ്റ്റുകളിട്ടു. വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ചൂടുള്ള സമരാഹ്വാനങ്ങള്‍ കൈമാറി. യൂട്യൂബില്‍ സമരത്തെക്കുറിച്ചും ഇന്ത്യയിലെ കര്‍ഷകര്‍ നേരിടുന്ന പ്രത്യയശാസ്ത്ര പ്രതിസന്ധിയെക്കുറിച്ചും കാര്‍ഷിക വിപ്ലവത്തിന്റെ ദാര്‍ശനിക പ്രശ്‌നങ്ങളെക്കുറിച്ചും യമണ്ടന്‍ പ്രഭാഷണങ്ങള്‍ നടത്തി. അല്ല, എങ്ങനെ സമരം നടത്തണമെന്നറിയാത്തവര്‍ക്ക് അതിനെക്കുറിച്ചു പറഞ്ഞുകൊടുക്കുകയും അതിന്റെ പ്രത്യയശാസ്ത്രം പഠിപ്പിക്കുകയുമൊക്കെ ചെയ്യുന്നതും വലിയൊരു സമരം തന്നെയാണല്ലോ.
അതിനവരെ പറഞ്ഞിട്ടു കാര്യമില്ല. ഉത്തരേന്ത്യയിലുള്ളവരെല്ലാം വിവരമില്ലാത്തവരാണെന്ന് മലയാളികള്‍ പണ്ടുമുതല്‍ പറഞ്ഞുപോരുന്നതല്ലേ. ഉത്തരേന്ത്യക്കാര്‍ മാത്രമല്ല, നമ്മുടെ തൊട്ടടുത്ത തമിഴ്‌നാട്ടിലെ 'അണ്ണാച്ചി'മാരും കര്‍ണാടകയിലെ 'പുന്നാടന്‍'മാരുമടക്കം ഈ ലോകത്തെ മലയാളികളല്ലാത്ത എല്ലാവരും പൊതുവെ നമ്മളെക്കാള്‍ വിവരം കുറവുള്ളവരാണല്ലോ. അക്കൂട്ടത്തില്‍ സായ്പന്‍മാര്‍ക്കും മദാമ്മമാര്‍ക്കും മാത്രമാണ് ഇത്തിരിയെങ്കിലും വിവരമുള്ളത്. ബാക്കിയൊക്കെ കണക്കാ. അതുകൊണ്ടാണല്ലോ നമ്മള്‍ കേരളം വ്യത്യസ്തമാണ്, മറ്റു നാട്ടുകാര്‍ക്കൊക്കെ മാതൃകയാണ്, മറ്റുള്ളവര്‍ കേരളത്തെ കണ്ടു പഠിക്കണം എന്നൊക്കെ ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നത്.
സമരവും ഉത്തരേന്ത്യക്കാര്‍ പ്രബുദ്ധ കേരളത്തെ കണ്ടു തന്നെ പഠിക്കണം. കണ്ടമാനം സമരങ്ങള്‍ നടക്കുന്ന നാടാണിത്. എന്നാല്‍ ഇതുപോലെ ദിവസങ്ങളോളം നാടു സ്തംഭിപ്പിച്ച് സമരം ചെയ്യുന്ന ദുശ്ശീലമൊന്നും പ്രബുദ്ധരായ ഞങ്ങള്‍ക്കില്ല. പൊതുവെ ഒരു സമരം ചെയ്യണമെന്നു തോന്നിയാല്‍ ഒരു മുഹൂര്‍ത്തം നിശ്ചയിച്ച് കൂട്ടത്തോടെ സെക്രട്ടേറിയറ്റിന്റെയോ കലക്ടറേറ്റുകളുടെയോ ഒക്കെ മുന്നിലേക്കു പോകും. ഏതു സമയത്തു തുടങ്ങി ഏതു സമയത്ത് അവസാനിപ്പിക്കുമെന്നൊക്കെ പറഞ്ഞ് പൊലിസുകാരുമായി നേരത്തെ ധാരണയുണ്ടാക്കും. അവിടെ പോയിരുന്ന് അത്യുഗ്രന്‍ മുദ്രാവാക്യം വിളിക്കും. നേതാക്കളെത്തി ഉദ്ഘാടനവും പ്രസംഗവുമൊക്കെ കഴിഞ്ഞാല്‍ പിരിഞ്ഞുപോകും.
ഇനിയിപ്പോള്‍ ശക്തമായ സമരമെന്നൊക്കെ പത്രങ്ങളിലും ചാനലുകളിലും വരണമെന്നുണ്ടെങ്കില്‍ ഇത്തിരി അലമ്പുണ്ടാക്കുമേ എന്ന് പൊലിസിനു നേരത്തെ വിവരം കൊടുക്കും. അവരത് എഴുതിയെടുത്ത് സേതുരാമയ്യര്‍ അതിവിദ്ഗ്ധമായി കണ്ടെത്തയിതുപോലെയെന്ന് ഭാവിച്ച് ഗമയില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടെന്നൊക്കെ പറഞ്ഞ് സര്‍ക്കാരിനു കൊടുക്കും. സമരം തുടങ്ങുന്നതിനു മുമ്പ് ലാത്തിച്ചാര്‍ജാണ് വേണ്ടതെങ്കില്‍ അതിനൊരുങ്ങിയും ജലപീരങ്കി വേണമെങ്കില്‍ വെള്ളം നിറച്ച വണ്ടികളൊരുക്കിയുമൊക്കെ നേരത്തെ തന്നെ അവിടെയെത്തും. സമരം തുടങ്ങി മാധ്യമ കാമറകളൊക്കെ എത്തി എന്നു കണ്ടാല്‍ ഒരു കല്ലെടുത്ത് പൊലിസിനു നേരെ എറിയും. സിഗ്നല്‍ കിട്ടിയാല്‍ പൊലിസ് പണി തുടങ്ങും. അതൊക്കെ ആവശ്യത്തിന് പത്ര, ചാനല്‍ കാമറകളില്‍ പതിഞ്ഞെന്നു തോന്നിയാല്‍ അവിടെ നിര്‍ത്തി പിരിഞ്ഞുപോകും. ഒരു സമരമെന്നൊക്കെ പറഞ്ഞാല്‍ ഇത്ര സിമ്പിളല്ലേ.
പിന്നെ ഇതുപോലെ ഏതാനും വര്‍ഷം മുമ്പ് ലക്ഷ്യം കണ്ടേ പിന്മാറൂ എന്നൊക്കെ പറഞ്ഞ് ഇവിടെയും സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന് സമരഭടന്‍മാര്‍ പുറപ്പെട്ടുപോയി സെക്രട്ടേറിയറ്റ് വളഞ്ഞിരുന്നു. അന്നത്തെ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നായിരുന്നു ആവശ്യം. സമരം തകൃതിയായി തന്നെ തുടങ്ങി. ചാനലുകാര്‍ പലയിടങ്ങളില്‍ കാമറ വച്ച് തലങ്ങുംവിലങ്ങും തത്സമയ വാര്‍ത്തകള്‍ കൊടുത്തു. ഒരു പകല്‍ തുടങ്ങി രാത്രിയും പിന്നിട്ട് പിറ്റേന്ന് നേരം പുലര്‍ന്നപ്പോഴും പോരാളികള്‍ ഊര്‍ജ്വസ്വലരായി സമരംരംഗത്തുണ്ടായിരുന്നു. അന്നും രാവിലെ വലിയ നേതാക്കളെത്തി സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച് പ്രസംഗിച്ച് സമരത്തിന് ഊര്‍ജം പകര്‍ന്നു. വെയില്‍ മൂത്തപ്പോള്‍ ഈ നേതാക്കളില്‍ ചിലരെ സമരമുഖത്തു കാണാതായി. അന്നത്തെ പ്രമുഖനായൊരു മന്ത്രിയെയും ആ സമയത്ത് പുറത്തൊന്നും കണ്ടില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ആരോപണ വിഷയത്തില്‍ നടത്തുമെന്ന് ഒരാഴ്ച മുമ്പ് പറഞ്ഞിട്ടും സമരത്തിന് ആഹ്വാനം ചെയ്തവര്‍ അംഗീകരിക്കാതിരുന്ന അതേ അന്വേഷണം തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി ഒരിക്കല്‍ കൂടി പറഞ്ഞു. അതറിഞ്ഞ ഉടന്‍ നേതാക്കള്‍ സെക്രട്ടേറിയറ്റിനു മുന്നിലെത്തി സമരം വിജയിച്ചെന്നും നിര്‍ത്താമെന്നും പറഞ്ഞു. സ്വിച്ച് ഓഫ് ചെയ്തതുപോലെ സമരം നിലച്ചു. എത്ര എളുപ്പത്തില്‍ കാര്യം നടന്നു. ഇങ്ങനെ എന്തെല്ലാം പാഠങ്ങള്‍ മറ്റുള്ളവര്‍ കേരളത്തില്‍ നിന്ന് പഠിക്കാനിരിക്കുന്നു.
ചര്‍ച്ചയ്ക്കു പോയപ്പോള്‍ സര്‍ക്കാര്‍ നല്‍കാന്‍ ശ്രമിച്ച വിശിഷ്ട ഭക്ഷണങ്ങള്‍ നിരസിച്ച് ഉത്തരേന്ത്യന്‍ കര്‍ഷക നേതാക്കള്‍ സ്വന്തം ആളുകള്‍ കൊണ്ടുവന്ന ചപ്പാത്തിയും പരിപ്പുകറിയും വിജ്ഞാന്‍ ഭവനില്‍ നിലത്തിരുന്ന് കഴിച്ചതും അത്ര നല്ല കാര്യമൊന്നുമല്ല. ഞങ്ങളുടെ നാട്ടിലെ നേതാക്കളാണെങ്കില്‍ ചര്‍ച്ചയ്ക്കു പോകുമ്പോള്‍ അപ്പുറത്ത് സര്‍ക്കാരായാലും മുതലാളിമാരായാലും അവര്‍ നല്‍കുന്നത് സന്തോഷത്തോടെ കഴിക്കും. ആതിഥ്യമര്യാദയെ വല്ലാതെ ആദരിക്കുന്നതാണ് കേരളീയ സംസ്‌കാരം. മാത്രമല്ല ആ ചര്‍ച്ച വഴി അവരുമായി സാധ്യമായ തരത്തിലൊക്കെ അടുപ്പമുണ്ടാക്കാനും ശ്രമിക്കും. അതൊക്കെ ഭാവിയില്‍ ഒരുപാട് ഗുണം ചെയ്യും.
ഇനിയുമുണ്ട് കേരള മോഡല്‍. കൃഷി ചെയ്യുന്നവര്‍ അധികമൊന്നുമില്ലെങ്കിലും ഈ നാട്ടില്‍ കര്‍ഷക സംഘടനകള്‍ ധാരാളമുണ്ട്. അവയ്‌ക്കൊക്കെ തരക്കേടില്ലാത്ത ഓഫിസുകളുണ്ട്. ജീവിതത്തില്‍ ഒരു തൂമ്പയെടുത്ത് മണ്ണില്‍ പണിയെടുത്തിട്ടില്ലാത്ത നേതാക്കളാണ് ഈ സംഘടനകളെ നയിക്കുന്നത്. കര്‍ഷകരാവാന്‍ കൃഷിപ്പണിയെടുക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. കര്‍ഷക സംഘടനകളെ നയിക്കാന്‍ കൃഷിപ്പണി അറിയണമെന്ന നിയമവും നാട്ടിലില്ലല്ലോ.
ഉത്തരേന്ത്യക്കാരെപ്പോലെ മുഷിഞ്ഞ വേഷവും വിണ്ടുകീറിയ കാലുകളും വിയര്‍പ്പുനാറ്റവുമൊക്കെയുള്ള മനുഷ്യരെ കര്‍ഷക നേതാക്കളെന്നു പറഞ്ഞ് ചുമന്നു നടക്കേണ്ട ഒരു കാര്യവുമില്ല. സാരമില്ല. നമ്മളെപ്പോലെ വിവരമില്ലാത്തതുകൊണ്ട് ചെയ്യുന്നതല്ലേ. നമ്മള്‍ക്കത് ക്ഷമിച്ചേക്കാം. എന്നിട്ട് സമരവീര്യം തുളുമ്പുന്ന ഓരോ പോസ്റ്റുകള്‍ കൂടി ഫേസ്ബുക്കിലിടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."