'കുട്ടിപുലിമുരുകനും ബാഹുബലിയും' താരം
കണ്ണൂര്‍: സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ വിപണികള്‍ സജീവം. രക്ഷിതാക്കളുടെയും കുട്ടികളുടെയും തിരക്കാണ് കടകളില്‍.
സിനിമാതാരങ്ങളും കാര്‍ട്ടൂണുകളുമാണ് മാര്‍ക്കറ്റിലെ താരം. ബാഹുബലി, പുലിമുരുകന് എന്നിവരാണ് ഇത്തവണ ബാഗ് മാര്‍ക്കറ്റ് കീഴടക്കിയിരിക്കുന്നത്. ഇവകൂടാതെ ഡോറ, മിക്കിമൗസ്, സ്പൈഡര്മാന്, ടോം ആന്‍ഡ് ജെറി എന്നിവരുടെ ത്രിഡി ചിത്രങ്ങളുമുണ്ട്.
ഇത്തവണ സ്കൂള്‍ വിപണിയെ വില വര്‍ധനവ് ബാധിച്ചിട്ടുണ്ട്. അഞ്ഞൂറ് രൂപയാണ് സാമാന്യം നല്ല ബാഗിന് വില. 2500 രൂപ വരെ വിലയുള്ള ബാഗുകളുമുണ്ട്. കുടകള്‍ക്കും ഇതുതന്നെ സ്ഥിതി. 300 രൂപ മുതല്‍ 800 രൂപവരെ വില വരും. ഇതില്‍ വെള്ളം ചീറ്റുന്നതും മിന്നി തിളങ്ങുന്നതുമായ കുടകള്‍ കുട്ടികളുടെ കണ്ണില്‍ തിളക്കം കൂട്ടും.
പ്രമുഖ ബ്രാന്റുകള്‍ക്കൊപ്പം ചൈനീസ് കമ്പനി കുടകളും വിപണിയിലുണ്ട്. കുരുന്നു കുട്ടികള്‍ക്കുള്ള കുടകളില്‍ നിറങ്ങളും കാര്‍ട്ടൂണുകളും തന്നെയാണ് മുഖ്യം. കുടകള്‍ക്കൊപ്പം തന്നെ മഴക്കോട്ടുകളും കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങളോടെയാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. നോട്ട് ബുക്ക്, പെന്‍സില്‍ബോക്സ്, പൗച്ച് കവര്‍, വാട്ടര്‍ബോട്ടില്‍, ലഞ്ച്ബോക്സ് എന്നിവയും വിവിധ വര്‍ണങ്ങളിലും ചിത്രങ്ങളിലും ഒരുക്കിയിട്ടുണ്ട്.
രക്ഷിതാക്കള്‍ക്ക് ആശ്വാസമായി കണ്‍സ്യൂമര്‍ ഫെഡിന്റെ സ്റ്റുഡന്റ് മാര്‍ക്കറ്റുകളും തുറന്നിട്ടുണ്ട്. മാവേലി സ്റ്റോര്‍ വഴിയും ന്യായ വിപണി വഴിയും വസ്തുക്കള്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."