പെരുമ്പളം ദ്വീപിലേക്കുള്ള പാലം: നിര്‍മാണം മണ്ണ് പരിശോധനയുടെ ആദ്യഘട്ടം പൂര്‍ത്തിയായി
പൂച്ചാക്കല്‍: പെരുമ്പളം ദ്വീപിലേക്കുള്ള പാലം നിര്‍മാണത്തിന്റെ മണ്ണ് പരിശോധനയുടെ ആദ്യഘട്ടം പൂര്‍ത്തിയായി.അരൂക്കുറ്റിയിലെ വടുതലജെട്ടി മുതല്‍ പെരുമ്പളം നോര്‍ത്ത് ജെട്ടി വരെയുള്ള റൂട്ടില്‍ പാലം നിര്‍മിക്കുന്നതിനാണ് തീരുമാനമായിരിക്കുന്നത്.ഇതിനു വേണ്ടിയുള്ള മണ്ണ് പരിശോധന നടന്നു വരുന്നു.
പെരുമ്പളം നോര്‍ത്ത് ജെട്ടിയില്‍ നിന്നും 180 മീറ്റര്‍ അകലെയാണ് മണ്ണ് പരിശോധനക്ക് തുടക്കം കുറിച്ചത് .ഇന്നലെ 76 മീറ്റര്‍ താഴ്ചയില്‍ പാറ കണ്ടെത്തിയതിനെ തുടര്‍ന്ന് എ.ഇ.ഒബിഷ സ്ഥലത്തെത്തി ബോധ്യപ്പെട്ടു.ഇതോടെ ആദ്യഘട്ടം പൂര്‍ത്തിയായി. ഇന്ന് മുതല്‍ 300 മീറ്റര്‍ അകലെ മാറി രണ്ടാം ഘട്ട മണ്ണ് പരിശോധന ആരംഭിക്കും . പാലത്തിന്റെ റൂട്ട് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പഠനം നടത്തിയ ഏജന്‍സിയുടെ ശുപാര്‍ശ അനുസരിച്ച് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ജൂണ്‍ ഒന്നിന് നടക്കും.ഇതിന്റെ സ്വാഗ സംഘം രൂപീകരണം 27 ന് നടത്തുമെന്ന് തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ജി.മുരളീധരന്‍ പറഞ്ഞു .കൊച്ചിയിലെ സ്വകാര്യ ഏജന്‍സി നേതൃത്വത്തിലാണ് മണ്ണ് പരിശോധന നടത്തുന്നത്.
പെരുമ്പളം നോര്‍ത്ത് ജെട്ടിയില്‍ നിന്നും ജോലികള്‍ തുടങ്ങി.വടുതലജെട്ടി പെരുമ്പളം നോര്‍ത്ത്‌ജെട്ടിയിലെ കായല്‍ദൂരത്തിനിടെ നിശ്ചിത എട്ട് സ്ഥലങ്ങളില്‍ കായലിന്റെ അടിത്തട്ടില്‍ പാറവരെ കുഴിച്ചെത്തിയുള്ള പരിശോധനയാണ് നടത്തേണ്ടത്. അതില്‍ ശേഖരിക്കുന്ന മണ്ണും പാറ അംശങ്ങളും പ്രത്യേക പരിശോധന നടത്തും. പാലം നിര്‍മാണം തുടങ്ങി പൈലുകള്‍ താഴ്ത്തുമ്പോള്‍ തടസങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് മുന്‍കൂര്‍ മണ്ണ് പരിശോധന നടത്തുന്നത്. ഇതിനായി ഏജന്‍സിയ്ക്ക് മൂന്നു മാസത്തെ സമയം അനുവദിച്ചു.മണ്ണ് പരിശോധന ഫലത്തിനു ശേഷം പാലത്തിന്റെ വിശദ പദ്ധതി വിവരം(ഡീറ്റെയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട്) തയാറാക്കും.
പാലത്തിനായി സ്ഥലം ഏറ്റെടുക്കല്‍, പ്രാഥമിക അടങ്കല്‍, ഡിസൈന്‍ തുടങ്ങിയവ ഇതിലുണ്ടാകും.തുടര്‍ന്ന് ഭരണാനുമതിയും സാങ്കേതിക അനുമതിയും നേടി പാലം നിര്‍മാണം തുടങ്ങാനാകും.വടുതലജെട്ടി പെരുമ്പളം നോര്‍ത്ത്‌ജെട്ടി, പാണാവള്ളി ബോട്ട് ഫെറി പെരുമ്പളം ഉപ്പുതുരുത്ത് എന്നിങ്ങനെ രണ്ടു റൂട്ടുകളാണ് പാലം നിര്‍മാണത്തിനായി ആലോചന നടത്തിയത്.പാലം നിര്‍മാണത്തിനായി100 കോടിരൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."