ദുബൈയിലേത് ഇന്ത്യക്ക് പഠിക്കാവുന്ന പാഠം
ഏത് പോരാട്ടത്തിലും എതിരാളിയുടെ വലുപ്പത്തിലേക്ക് നോക്കരുത്. എതിരാളിയെ നേരിടുന്ന രീതിയും വിജയത്തിലേക്കുള്ള വഴിയിലും മാത്രമായിരിക്കണം ജയിക്കണമെന്നുള്ളവന്റെ ചിന്തയിലുണ്ടാവേണ്ടത്. വമ്പനാണെങ്കിലും കൊമ്പനാണെങ്കിലും ഇത്തിരിക്കുഞ്ഞന്‍മാരുടെയടുത്ത് അടിയറവ് പറയേണ്ടിവരും. അതാണ് മത്സരങ്ങളിലെ നീതി. മികച്ച പോരാട്ടം നടത്തിയവന്‍ ജയിക്കണം. അതില്‍ വലിയവന്‍ ജയിക്കണമെന്ന തത്വമൊന്നുമില്ല.
കഴിഞ്ഞ ദിവസമാണ് ലോകത്തെ വമ്പന്‍ ക്ലബായ റയല്‍ മാഡ്രിഡ് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് സെവിയ്യയോട് തോറ്റത്. മറ്റൊരു വമ്പന്‍മാരായ ബാഴ്‌സലോണ ടൂര്‍ണമെന്റിലെ ഏറ്റവും താഴെയുള്ള ക്ലബായ ലെഗാനസിനോട് പരാജയപ്പെട്ടു. ഇതൊരു ഉദാഹരണമാണ്. ഇനി വിഷയത്തിലേക്ക് വരാം. കഴിഞ്ഞ ദിവസം ദുബൈയില്‍ സമാപിച്ച ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് രണ്ട് പാഠങ്ങള്‍ പഠിക്കാനുണ്ട്. ഒന്ന്, ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുമ്പ് തന്നെ സേവാഗ്, ഗാംഗുലി, ഗാവസ്‌കര്‍ തുടങ്ങിയവര്‍ എതിരാളികളെ വിലകുറച്ച് കാണരുതെന്ന് പലതവണ ഉപദേശിച്ചിരുന്നു .
ടൂര്‍ണമെന്റിലെ ഏറ്റവും ഈസിയാണെന്ന് വിചാരിച്ചിരുന്ന മത്സരമാണ് ഇന്ത്യക്ക് ഏറ്റവും കടുത്തതായത്. ആ മത്സരത്തില്‍ മാത്രമാണ് ഇന്ത്യ അല്‍പമൊന്ന് വിയര്‍ത്തത്. എതിരാളികള്‍ ഹോങ്കാങ്ങാണെന്നത് കൊണ്ട് ഇന്ത്യ അനായാസ വിജയം സ്വപ്നം കണ്ടാണിറങ്ങിയത്. കളത്തിലിറങ്ങിയപ്പോഴാണ് ഹോങ്കോങ്ങിന്റെ യഥാര്‍ഥ മുഖം കണ്ട് ഇന്ത്യ കുഴഞ്ഞത്.
ഹോങ്കോങ് താരം നിസാകത് ഖാന്‍ കരിയറിലെ മികച്ച ബാറ്റിങ്ങുമായി 92 റണ്‍സ് നേടി. ക്യാപ്റ്റന്‍ അന്‍ഷുമാന്‍ റാത്ത് തന്റെ ആറാമത്തെ അര്‍ധ സെഞ്ചുറിയും ഇന്ത്യക്കെതിരേയുള്ള മത്സരത്തില്‍ നേടി. ഹോങ്കോങ്ങിന്റെ ഏറ്റവും വലിയ ഓപണിങ് കൂട്ടുകെട്ടായ 174 റണ്‍സ് പിറന്നതും ഇന്ത്യക്കെതിരേയുള്ള മത്സരത്തിലായിരുന്നു. ഒരു വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്ക് 34.1 ഓവര്‍ വരെ കാത്തിരിക്കേണ്ടി വന്നു. ബൗളര്‍മാര്‍ക്കും ഫീല്‍ഡര്‍മാക്കും കീഴ്‌പെടാതെ സൂക്ഷിച്ചായിരുന്നു ഹോങ്കോങ്ങിന്റെ പ്രകടനം. പക്ഷേ പിന്നീട് ഇന്ത്യയുടെ സമയോചിതമായ ഇടപെടല്‍ കാരണമായിരുന്നു മത്സരത്തില്‍ ജയിക്കാനായത്. പിന്നെ ഇന്ത്യ വിയര്‍ത്തത് ബംഗ്ലാദേശുമായിട്ടുള്ള ഫൈനലിലായിരുന്നു.
ഫൈനലിന്റെ തലേ ദിവസവും വീരേന്ദര്‍ സേവാഗിന്റെ പ്രസ്താവനയുണ്ടായിരുന്നു ബംഗ്ലാദേശിനെ ചെറുതായി കാണരുതെന്ന്. തുടക്കത്തില്‍ ഇന്ത്യക്ക് കപ്പ് കൈവിട്ടു പോകുമോയെന്ന പേടിയുണ്ടായിരുന്നെങ്കിലും അത്യന്തം ആവേശകരമായ മത്സരത്തില്‍ ഭാഗ്യത്തിനാണ് ഇന്ത്യ ജയിച്ചതെന്ന് വേണമെങ്കില്‍ പറയാം. കാരണം റണ്‍സിനായി ഓടാനാവാത്ത കേദാര്‍ യാദവിന്റെ കാലില്‍ തട്ടി ലെഗ് ബൈ കിട്ടിയിരുന്നില്ലാ എങ്കില്‍ കളിയുടെ ഗതി മറ്റൊന്നാകുമായിരുന്നു.
എതിരാളിയെ നിസാരമായി കണ്ട് രണ്ട് മത്സരത്തിലും ഇന്ത്യ പതറി. ഇനി രണ്ടാമത്തെ കാര്യത്തിലേക്ക് വരാം. ടൂര്‍ണമെന്റിലുടനീളം ഇന്ത്യന്‍ ബൗളിങ് നിരയും ബാറ്റിങ് നിരയും സ്ഥിരതയുള്ള പ്രകടനമായിരുന്നു പുറത്തെടുത്തത്. ഹോങ്കോങ്ങിനെതിരേ ധോണിയുടെ പൂജ്യം ഒഴിച്ചാല്‍ മറ്റുള്ള മത്സരങ്ങളിലെല്ലാം ഇന്ത്യന്‍ ബാറ്റിങ് നിര മികച്ച നിന്നു. രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, അമ്പാട്ടി റായിഡു, മഹേന്ദ്ര സിങ് ധോണി, ലോകേഷ് രാഹുല്‍, ദിനേഷ് കാര്‍ത്തിക് തുടങ്ങിയവരെല്ലാം അടക്കമുള്ള പ്രകടനമായിരുന്നു പുറത്തെടുത്തത്.
ബൗളിങ് നിരയിലും മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടേത്. രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, യുസ് വേന്ദ്ര ചഹല്‍ എന്നിവരും ഒരു സമയത്തും അലക്ഷ്യമായി ബൗള്‍ ചെയ്തില്ല. എതിര്‍ ടീമിനെ വരിഞ്ഞുകെട്ടാന്‍ ആവശ്യമുള്ള സമയത്ത് ബൗളിങ് നിര ചേര്‍ന്ന് പ്രതിരോധം തീര്‍ത്തതോടെയാണ് ബാറ്റിങ് നിരക്കും കാര്യങ്ങള്‍ എളുപ്പമായത്. ഈ പാഠങ്ങള്‍ മറക്കാതെ ഓര്‍ത്താല്‍ മാത്രമേ തുടര്‍ന്നും ഇന്ത്യയുടെ പ്രകടനത്തിലെ സ്ഥിരത നിലനിര്‍ത്താനാകൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."