യുവാവിനെ കൊന്ന് ചതുപ്പില്‍ താഴ്ത്തിയ സംഭവം: അന്വേഷണത്തില്‍ വീഴ്ചയെന്ന് ആക്ഷേപം
കൊച്ചി: യുവാവിനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തിയ സംഭവത്തില്‍ പൊലിസിനെതിരേ ഗുരുതര ആരോപണവുമായി കൊല്ലപ്പെട്ട യുവാവിന്റെ പിതാവും ബന്ധുക്കളും രംഗത്ത്. കുമ്പളം മാന്നനാട്ട് വീട്ടില്‍ എം.എസ് വിദ്യന്റെ മകന് അര്‍ജുനെ (20)യാണ് നെട്ടൂരില്‍ റെയില്‍വേ ക്വാര്‍ട്ടേഴ്സിന് പടിഞ്ഞാറുവശം കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ചതുപ്പില്‍ കൊന്ന് ചവിട്ടി താഴ്ത്തിയത്. സംഭവത്തില്‍ അര്‍ജുന്റെ സുഹൃത്തുക്കളായ അഞ്ചുപേരാണ് അറസ്റ്റിലായത്. ജൂലൈ മൂന്നിനാണ് അര്‍ജുനെ കാണാതായതെന്ന് കാണിച്ച് പനങ്ങാട് പൊലിസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം തൃപ്തികരമാവാതെ വന്നതോടെ കഴിഞ്ഞ എട്ടിന് ഹൈക്കോടതിയില്‍ ഹേബിയസ് ഹരജിയും സമര്‍പ്പിച്ചു.
പരാതി നല്‍കിയതിന് ശേഷം സംശയിക്കുന്ന യുവാക്കളെ വിളിച്ചുവരുത്തിയശേഷം പൊലിസിനു കൈമാറിയിരുന്നെന്നും എന്നാല്‍ പ്രതികളുടെ വാക്ക് വിശ്വസിച്ച് പൊലിസ് ഇവരെ വിട്ടയക്കുകയാണ് ചെയ്തതെന്നും കൊല്ലപ്പെട്ട അര്‍ജുന്റെ പിതാവ് വിദ്യന്‍ പറഞ്ഞു.
പരാതി കൊടുത്തപ്പോള്‍ അര്‍ജുന്റെ മൊബൈല്‍ ഫോണിന്റെ ടവര്‍ലൊക്കേഷന്‍ ആലുവയില്‍ കാണിക്കുന്നുണ്ടെന്നും കൂട്ടുകാരാരെങ്കിലും പോയി അന്വേഷിക്കണമെന്നുമാണ് പൊലിസ് പറഞ്ഞത്.പിറ്റേദിവസം പൊലിസിനോട് അന്വേഷിച്ചപ്പോള്‍ കോതമംഗലം വാരപ്പെട്ടിയില്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചു എന്നാണ് പറഞ്ഞത്. തുടര്‍ന്ന് തങ്ങള്‍ക്ക് കിട്ടിയ വിവരമനുസരിച്ച് ജൂലൈ അഞ്ചിന് ഇപ്പോള്‍ അറസ്റ്റിലായ റോണിയെയും നിപിനെയും വിളിച്ചു വരുത്തി പോലിസിനു കൈമാറി. എന്നാല്‍ ഇവരെ ചോദ്യം ചെയ്ത ശേഷം പോലിസ് വിട്ടയച്ചു. ഇതിനു ശേഷം വീണ്ടും എ.എസ്.ഐ വീട്ടില്‍ വന്നു അപ്പോഴും താന്‍ എല്ലാകാര്യവും അദ്ദേഹത്തോട് പറഞ്ഞു.പിന്നീട് അര്‍ജുന്റെ വിവരം വല്ലതും ലഭിച്ചോയെന്നറിയാന്‍ പൊലിസ് സ്റ്റേഷനില്‍ വിളിച്ചപ്പോള്‍ പൊലിസുകാര്‍ കണിയാന്മാരാണോ എന്നാണ് ചോദിച്ചതെന്നും വിദ്യന്‍ പറയുന്നു. അതേസമയം സംഭവത്തില്‍ നടപടി വൈകിയെന്ന ആരോപണം പൊലിസ് നിഷേധിച്ചു. അര്‍ജുനെ കാണാതായെന്ന് പരാതി കിട്ടിയ അന്നുതന്നെ എഫ്.ഐ.ആര് എടുത്തു. അര്‍ജുന്റെ സുഹൃത്തുക്കളും ബന്ധുക്കളും പ്രതികളെ പിടികൂടി ഏല്പിച്ചെന്ന വാദം തെറ്റാണെന്നും പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."