നഗരസഭ ഉണര്‍ന്നു; ഡേ കെയര്‍ സെന്ററുകള്‍ക്ക് രജിസ്‌ട്രേഷന്‍
കൊച്ചി: നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഡേ കെയറുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്താന്‍ കൊച്ചി കോര്‍പറേഷന്‍ തീരുമാനം. ഇന്നലെ മേയറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. അടുത്ത മാസം 10 മുതല്‍ 30 വരെ നിലവില്‍ പ്രവര്‍ത്തിക്കുന്നതും തുടങ്ങാനിരിക്കുന്നതുമായ ഡേ കെയറുകള്‍ക്ക് കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്യാം. ഇതോടൊപ്പം തന്നെ ലൈസന്‍സിങ് ഏര്‍പ്പെടുത്താനും കോര്‍പറേഷന്‍ തീരുമാനമുണ്ട്. ഇതിനായി പ്രത്യേക ബൈലോ തയാറാക്കും.
രജിസ്‌ട്രേഷന്‍ നടപടികളും ബൈലോ തയാറാക്കലും ഒരുമിച്ച് മുന്നോട്ടു കൊണ്ടു പോകാനാണ് തീരുമാനം ഇതിനായി ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.ബി. സാബുവിനെ മേയര്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് സര്‍വീസസിന്റെ സഹകരണത്തോടെയാകും ബൈലോ തയാറാക്കുക.
നിലവില്‍ കോര്‍പ്പറേഷനില്‍ ഡേ കെയര്‍ സംബന്ധിച്ച് കണക്കുകള്‍ ഉണ്ടായിരുന്നില്ലെന്നും രജിസ്‌ട്രേഷന്‍ നിലവില്‍ വരുന്നതോടെ ഇതിനു പരിഹാരമാകുമെന്നും മേയര്‍ സൗമിനി പറഞ്ഞു. ഡേ കെയറുകളുടെ സ്ഥലസൗകര്യങ്ങള്‍ക്കൊപ്പം കെട്ടിടത്തിന്റെ ഫിറ്റ്‌നസ്, കുട്ടികളുടെ സുരക്ഷിതത്വം ജീവനക്കാരുടെ യോഗ്യത എന്നിവ കണക്കിലെടുത്താവും ലൈസന്‍സ് നല്‍കുക.
ലൈസന്‍സ് നല്‍കിയ ശേഷവും കോര്‍പ്പറേഷന്‍ ജാഗ്രതാ സമിതികള്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കും. ഇതിനായി ജാഗ്രതാസമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. സമിതികള്‍ രണ്ടോ മൂന്നോ മാസത്തിലൊരിക്കല്‍ കോര്‍പ്പറേഷനു റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന രീതിയിലാണ് നിലവില്‍ നിരീക്ഷണം വിഭാവനം ചെയ്തിരിക്കുന്നത്. ഇവരുടെ നിര്‍ദേശങ്ങളും ശുപാര്‍ശകളും പരിഗണിച്ചാവും ലൈസന്‍സിന്റെ കാര്യത്തില്‍ പുതുക്കല്‍ ഉള്‍പ്പടെയുള്ള തുടര്‍ തീരുമാനങ്ങള്‍. സമിതി റിപ്പോര്‍ട്ട് എതിരാണെങ്കില്‍ ആ സ്ഥാപനങ്ങളുടെ ലൈസന്‍സ് എടുത്തു കളയുമെന്നും മേയര്‍ വ്യക്തമാക്കി.
നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍, പേയിംഗ് ഗസ്റ്റ് സംവിധാനങ്ങള്‍ എന്നിവയുടെയും രജിസ്റ്റര്‍ തയാറാക്കാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്. എന്നാല്‍ ഇവയ്ക്ക് കോര്‍പ്പറേഷന്റെ പ്രത്യേക രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുക, പരിശോധനകള്‍ കാര്യക്ഷമമാക്കുക എന്നീ കാര്യങ്ങള്‍ പിന്നീട് മാത്രമേ തീരുമാനിക്കൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."