പി.എസ്.സിയുടെ നിയമന മെമ്മോ മേള ഇടതുപക്ഷത്ത് ആളെക്കൂട്ടാന്‍: മുല്ലപ്പള്ളി
തിരുവനന്തപുരം: ഉദ്യോഗാര്‍ഥികള്‍ക്കുള്ള നിയമന മെമ്മോ പി.എസ്.സി ആസ്ഥാനത്ത് വിതരണ മേള നടത്തി നല്‍കാനുള്ള പി.എസ്.സിയുടെ പുതിയ നടപടി ഇടതുപക്ഷ സര്‍വിസ് സംഘടനകളിലേക്ക് ആളെ റിക്രൂട്ട് ചെയ്യാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ നിയമന മെമ്മോ ല്‍ അപ്‌ലോഡു ചെയ്യുകയോ രജിസ്‌ട്രേഡ് തപാലിലൂടെ അയക്കുകയോ ചെയ്യാമെന്നിരിക്കെയാണ് ഇത്തരം ഒരു നടപടിക്ക് പി.എസ്.സി തയാറെടുക്കുന്നത്. ഇത് ഉദ്യോഗാര്‍ഥികളെ കൂടുതല്‍ വലയ്ക്കുന്ന തീരുമാനമാണ്. പി.എസ്.സി നടത്തുന്ന ഈ മേളയില്‍ പങ്കെടുക്കാന്‍ മലബാര്‍ മേഖലയില്‍ നിന്നും വരുന്നവര്‍ക്ക് ധനനഷ്ടത്തിനും ഇടവരുത്തും.
പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഏകപക്ഷീയ തീരുമാനങ്ങളിലൂടെ പി.എസ്.സിയെ തകര്‍ക്കുക്കുകയാണ്. വര്‍ഷങ്ങളായി പി.എസ്.സി സുതാര്യവും സത്യസന്ധവുമായി നടത്തിവരുന്ന കായികക്ഷമതാ പരീക്ഷകള്‍, വകുപ്പുതല പരീക്ഷകള്‍, ഡിപ്പാര്‍ട്ട്‌മെന്റല്‍ പ്രമോഷന്‍ കമ്മിറ്റികള്‍ എന്നിവ പി.എസ്.സിയില്‍ നിന്നും മാറ്റി പാരലല്‍ റിക്രൂട്ട്‌മെന്റ് ബോര്‍ഡുകള്‍ രൂപീകരിക്കാനുള്ള രഹസ്യനീക്കം നടക്കുന്നതായും മുല്ലപ്പള്ളി ആരോപിച്ചു.
വകുപ്പുതല പരീക്ഷകള്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ പരീക്ഷാകേന്ദ്രങ്ങളായെടുത്ത് കുറ്റമറ്റ രീതിയിലാണ് നടത്തി വന്നിരുന്നത്. എന്നാല്‍ ഈ വര്‍ഷം മുതല്‍ സ്വകാര്യ എന്‍ജിനിയറിങ് കോളജുകള്‍ ഭീമമായ തുക നല്‍കി ഓണ്‍ലൈന്‍ സംവിധാനത്തില്‍ പരീക്ഷകള്‍ നടത്തുകയാണ്. രണ്ടാംഘട്ട പരീക്ഷ നടത്തേണ്ട സമയമായിട്ടും ഇതുവരെ ആദ്യഘട്ട പരീക്ഷാഫലം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
ഇടതുപക്ഷ അനുഭാവികളല്ലാത്ത ഉദ്യോഗസ്ഥരോട് വൈരനിര്യാതന ബുദ്ധിയോടുള്ള സമീപനം തുടരാനാണ് സര്‍ക്കാരിന്റെയും പി.എസ്.സി ചെയര്‍മാന്റെയും നിലപാടെങ്കില്‍ കോണ്‍ഗ്രസ് ശക്തമായ പോരാട്ടം നടത്തുമെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ് നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."