HOME
DETAILS

ഹജ്ജിന്റെ ആത്മാവറിയണം, പുറംതോടില്‍ അഭിരമിക്കരുത്‌

  
backup
July 11 2019 | 22:07 PM

soul-of-hajj

കേരളത്തില്‍ നിന്നുള്ള മക്കയിലേക്കുള്ള ഹാജിമാരുടെ സംഘങ്ങള്‍ യാത്രതിരിച്ചു കൊണ്ടിരിക്കുകയാണ്.
ലോകത്തിന്റെ അഷ്ടദിക്കുകളില്‍നിന്ന് ലബ്ബൈക്കയുടെ മന്ത്രങ്ങളുമായി ലക്ഷോപലക്ഷം ഹാജിമാര്‍ ഇനി വിശുദ്ധ ഹറമില്‍ പാരാവാരം പോലെ നിറയും...

ഹജ്ജ് ഒരു ടൂറല്ല...
പുസ്തകത്തിലെയും പഠന ക്ലാസിലെയും
കര്‍മ ശാസ്ത്രം മാത്രമല്ല ഹജ്ജ്.
ഹജ്ജിന്റെ ആത്മാവ് അറിയാതെ
പുറംതോടില്‍ അഭിരമിച്ചു മടങ്ങിയാല്‍
പേരിനു പിന്നില്‍ 'ഹാജി'എന്ന അലങ്കാരം മാത്രമേ ബാക്കിയാകൂ.

ഹജ്ജിലൂടെ വിശ്വാസി അല്ലാഹുവിലേക്ക്
തീര്‍ഥയാത്ര പോകുകയാണ്.
കാമുകനെ തേടി അലയുന്ന കാമുകിയെ പോലെ.
ആഡംബരത്തിന്റെ ഉടയാടകള്‍ വലിച്ചു കീറി,
സഹനത്തിന്റെ ഊര്‍ജം ഖല്‍ബില്‍ നിറച്ചു,
ഫഖീറായി,
പ്രേമ ലഹരിയില്‍ സ്വയം അലിഞ്ഞു,
ദേഹി തന്റെ അസ്തിത്വത്തിന്റെ അരികില്‍
സുഖ സമാഗമത്തിന്റെ അനുഭൂതി
ആസ്വദിക്കാന്‍ ഓടിപ്പോകുകയാണ് മക്കയിലേക്ക്...

എല്ലാ ബന്ധനങ്ങളും ഉപേക്ഷിച്ചു
നാടും വീടും കുടുംബവും വിട്ടേച്ചു
പ്രാണനാഥന്റെ നഗരിയിലേക്ക്.
കാടും മേടും കടലും കരയും കടന്നു
പ്രണയിനി പോകുകയാണ്..
'നാഥാ...ഞാനിതാ നിന്റെ വിളിക്കുത്തരം നല്‍കി വന്നിരിക്കുന്നു...!!'
ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്, മക്കയിലെ പ്രണയ മന്ത്രമാണത്.

അന്വേഷിച്ചന്വേഷിച്ചു മഹ്ബൂബിന്റെ നാട്ടില്‍ നാം എത്തിച്ചേരുന്ന ആ മുഹൂര്‍ത്തമുണ്ടല്ലോ,
മരണത്തിനു മുന്‍പ് സ്വര്‍ഗത്തിലെത്തുന്ന പോലെയാണത്..
പ്രേയസിയുമായുള്ള കൂടിക്കാഴ്ചയില്‍
ഏതു കാമുകന്റെ കാലുകളാണ് തെന്നിപ്പോകാത്തത്...!
സീനായ് ഗിരി നിരയില്‍ മൂസാ പ്രവാചകന്റെ കാലുകള്‍ പോലും വിറച്ചു പോയി...!!!

പ്രിയപ്പെട്ട ഹാജീ...,
മഹ്ബൂബുമായുള്ള കണ്ടുമുട്ടലിന്റെ നേരം
നീ ചിലപ്പോള്‍ ആ വീടിനെ വലംവയ്ക്കുന്നു,
ചിലപ്പോള്‍ തുരുതുരെ ചുംബിക്കുന്നു...
ചിലപ്പോള്‍ ആ ചുവരുകളില്‍ നെഞ്ചു ചേര്‍ത്തു മുഖമുരുമ്മിക്കരയുന്നു...

റുക്‌നുല്‍ അസ്‌വദെന്ന മൂലയില്‍ ഇരിപ്പുണ്ട്
'ഹജറുല്‍ അസ്‌വദ്'എന്ന സ്വര്‍ഗ ശില...!
അതിനെ അരുമയോടെ ചുംബിക്കുമ്പോള്‍
നിന്റെ ചുണ്ടുകള്‍ ഉരസുന്നത് വെറും ജീവനില്ലാത്ത കല്ലിലല്ല.!'
'ആലമുല്‍ അര്‍വാഹില്‍'
(ആത്മാവുകളുടെ ലോകം)വച്ച്
'ഞാന്‍ നിങ്ങളുടെ രക്ഷിതാവ് അല്ലയോ'
എന്നചോദ്യത്തിന്
'അതേ..'
എന്ന് നീ ഉത്തരം പറഞ്ഞ
കരാര്‍ രേഖയുണ്ട് ഈ ശിലയുടെ വായില്‍...

അതെ, നീ ഓരോ തവണ ഹജറുല്‍ അസ്‌വദിനെ ചുംബിക്കുമ്പോഴും
പ്രണയദൂതു പോലെ,
അത് സ്ഥലകാലബോധ തലങ്ങളുടെ
അങ്ങേയറ്റത്ത്,
കാലം പോലും തരിച്ചു നില്‍ക്കുന്ന നിന്റെ അസ്തിത്വത്തിന്റെ മുകളിലാണത്...
ആ ഓര്‍മകള്‍ നിന്റെ ചുണ്ടുകളില്‍നിന്ന് വൈദ്യുത തരംഗം പോലെ ശരീര കോശങ്ങളിലേക്കു പറന്നു കയറുകയാണ് അപ്പോള്‍...!!!!

കഅബയുടെ കിസ്‌വ അണച്ച്
പിടിക്കും ഹാജി.
അത് പ്രേമത്തിന്റെ അടയാളമാണ്.
മഹ്ബൂബിന്റെ ശരീരത്തെ ചേര്‍ത്തു പിടിച്ചാല്‍ കൊതി തീരുമോ..
കഅബയുടെ വാതിലിന്റെയും ഹജറിന്റെയും ഇടയില്‍ ഒരു സ്ഥലമുണ്ട്
'മുല്‍തസം'!!
ദുആക്ക് ഉത്തരം കിട്ടുന്ന സ്ഥലം.

കഅബയുടെ വാതിലിനടിയില്‍
മുഖം ചേര്‍ത്തു കരയണം.
ഉടമ അടിമയോടു അലിവ് കാട്ടുന്ന മുഹൂര്‍ത്തമാണത്.
പിഴവുകള്‍ പേര്‍ത്തും പേര്‍ത്തും
എടുത്തു പറയണം.
മഹ്ബൂബിന്റെ മുന്നിലെ അശ്രുപൂജയാണത്.

ലൈലയുടെ മതിലില്‍ തലയുരുമ്മിക്കരഞ്ഞ
ഒരു മജ്‌നൂന്‍ (ഭ്രാന്തന്‍) ഉണ്ട്.
ഇസ്ഫഹാനിലെ ഖൈസ്!!
അവന്റെ ഹൃദയം നിറയെ ലൈലയോടുള്ള
ഇശ്ഖ് ആയിരുന്നു.
കാണുന്ന എന്തിലും ഏതിലും അവന്‍ തന്റെ കാമുകിയുടെ മുഖം തേടി..
മക്കയിലെത്തുന്ന ഓരോ ഹാജിയുടെ മനസും ഇതുപോലെയാകണം.
മഹ്ബൂബായ തമ്പുരാനേ തേടണം.
അവനോടുള്ള ഹുബ്ബില്‍ കരയണം.
അത് നഷ്ടപ്പെടുമോ എന്ന് വിതുമ്പണം.
അവനോട് ചെയ്തുപോയ തെറ്റുകളോര്‍ത്തു പിടയണം..!!

അതാണ് ആത്മാവുള്ള ഹജ്ജ്!!
അല്ലെങ്കില്‍ ജഡിക പ്രധാനമായ ഒരു കര്‍മമായി ഹജ്ജ് നമ്മെ നിരാശപ്പെടുത്തും.
കഅബയുടെ മുറ്റത്തു 'മത്വാഫി'ലൂടെ ഹാജി എല്ലാം മറന്നു അലയണം.
തേട്ടത്തിന്റെ ഗദ്ഗദം
അവനെ പിടിച്ചുലക്കണം.
എവിടെയാണ് കാല്‍പാദങ്ങള്‍ എന്നോര്‍ത്തു ശരീരം വിറയ്ക്കണം..

ജാടകളുടെ ഉടയാടകള്‍ വലിച്ചെറിഞ്ഞ്
രണ്ടു തുണിയിലായി ഹാജി കഅബയെ
വലം വയ്ക്കുകയാണ്.
സ്വയം നഷ്ടമായ പഥികനെപ്പോലെ..
ലക്ഷങ്ങള്‍ നിറഞ്ഞൊഴുകുന്ന ആ മുറ്റത്തു.
ആ തിരക്കില്‍,
ത്വവാഫിന്റെ ഭ്രമണത്തില്‍,
ആ ചാക്രിക പ്രവാഹത്തില്‍..
നീ നിന്നെപ്പോലും മറന്നു പോകുകയാണ്.
എല്ലാം ഒരു ബിന്ദുവിലേക്കു ഉരുകിച്ചേരുകയാണ്.
അനന്തമായ കാലത്തിന്റെ
വിദൂര പഥങ്ങളിലെവിടെയോ അലിഞ്ഞ് പോകുകയാണ് നീ...

'യാ..ഇലാഹീ....!!!!!'

ഇപ്പോള്‍ നീയില്ല.
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും,
താരാപഥങ്ങളും മാമലകളും,
ആറുകളും പുഴകളും മരുഭൂമികളും,
സമതലങ്ങളും ചരാചരങ്ങളും,
ഈ ബ്രഹ്മാണ്ഡകടാഹം പോലും ഇല്ല.
എല്ലാം എവിടെയോ ശൂന്യമായിരിക്കുന്നു..
ആ നിതാന്ത ശൂന്യതയില്‍,

'ഇല്ലല്ലാഹ്...'.!!!!

മാത്രമാകുന്ന നിമിഷമാണ് പ്രണയ സംഭോഗ സാഫല്യമറിയുന്നത്...
കണ്ടുമുട്ടലിന്റെ രോമാഞ്ചമണിയുന്നതു.
പ്രണയ പാരവശ്യത്തില്‍ മഹ്ബൂബും നീയും തനിച്ചാകുന്ന നിമിഷത്തിന്റെ ചാരുതയില്‍ ഇശ്ഖിന്റെ പുഴകള്‍ ഓളം തുള്ളുകയായി..
വര്‍ഷ ഹര്‍ഷം പോലെ....!!
അപ്പോള്‍ ഖല്‍ബ് കരയാന്‍ തുടങ്ങും!!
പ്രണയത്തിന്റെ അശ്രുകണങ്ങള്‍ നിന്റെ കവിളണകളെ തഴുകുമ്പോള്‍ നീ ഹാജി ആവുകയാണ്...!!

ദുല്‍ഹിജ്ജ ഒന്‍പതിന്റെ മധ്യാഹ്ന സൂര്യന്‍
റഹ്മ മലമുകളില്‍ എത്തുമ്പോള്‍,
അറഫയില്‍ ജനലക്ഷങ്ങള്‍
ഒത്തു ചേരുകയായി..
കണ്ണുകളുയര്‍ത്തി കൈകളുയര്‍ത്തി
തേട്ടത്തിന്റെ തിരത്തള്ളലില്‍
അറഫ പോലും ഇരമ്പുകയായി..!!
കൃപയുടെ കടാക്ഷം തേടി,
കണ്ണുകളെ കടലുകളാക്കി,
ഇഹ്‌റാമിന്റെ വിശുദ്ധിയില്‍
ഒരേ വേഷം,
ഒരേ ചിന്ത,
ഒരേ വികാരം,
ഒരേ മന്ത്രം!!!

സമ്പന്നനും ദരിദ്രനും പണ്ഡിതനും പാമരനും കറുത്തവനും വെളുത്തവനും,
വേര്‍ത്തിരിവുകളില്ലാതെ ഒരുമിച്ചു കൂടുകയാണ്.
പ്രണയത്തിനു ഭേദങ്ങളില്ലലോ..!

ചുട്ടു പൊള്ളുന്ന വെയിലില്‍
തൊണ്ട നനക്കാന്‍ ഒരു തുള്ളി വെള്ളമില്ലാതെ ഇത് പോലെ ഒരു നാള്‍ മഹ്ശറില്‍ നില്‍ക്കേണ്ടി വരും എന്ന ഓര്‍മ നിന്നെ നടുക്കിക്കളയണം !!

പിന്നെ 'മുസ്ദലിഫ'യില്‍ രാപ്പാര്‍ക്കണം.
പിശാചിനെ ആട്ടിയകറ്റാന്‍ ശക്തി സംഭരിക്കണം ആ രാത്രിയില്‍!
പുലരുമ്പോള്‍ 'മിന' യിലേക്ക് ചേക്കേറണം.
'ജംറ'യില്‍ നീ പിശാചിനെ ഓടിക്കണം.
ഹൃദയത്തിലെ പിശാചിനെ വലിച്ചു പുറത്തേക്കെറിയണം.
മൂന്ന് ദിവസം മിനായില്‍
നീയൊരു മനുഷ്യനാവുകയാണ്.
ആത്മാവുള്ള മനുഷ്യന്‍..!!
എല്ലാം നാഥന് സമര്‍പ്പിക്കാന്‍ കരുത്തുള്ള മനുഷ്യന്‍!!

അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന്
നിന്നെ തടയുന്ന ദുനിയാവിനെ
നീ മിനാ മല മുകളില്‍വച്ച് ത്വലാഖ് ചൊല്ലും...
തഖ്‌വ മാത്രമാണ് മഹത്വത്തിന്റെ അടിസ്ഥാനം എന്ന് മിന നിന്നെ പഠിപ്പിക്കും..!!
വര്‍ണ വര്‍ഗ വൈജാത്യങ്ങള്‍ക്കപ്പുറം മനുഷ്യനെ ഒന്നായിക്കാണാന്‍ മിന
പരിശീലനം നല്‍കും.
ഒടുവില്‍ പ്രണയിനിയെ നേരില്‍ കാണുന്ന കണ്ണുകള്‍ നിന്റെ ഹൃദയത്തില്‍ തുറക്കപ്പെടും.
ഇപ്പോള്‍ പ്രസവിച്ച കുഞ്ഞിനെപ്പോലെ..
അതെ ഹജ്ജിന്റെ സാഫല്യമാണത്..!!
ഇതല്ല ഹജ്ജ് നല്‍കുന്നതെങ്കില്‍
പിന്നെ എന്തിനാണ് ഹജ്ജിനു
പോകുന്നത്..!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഭാഗീയതയും പരസ്യപ്പോരും; മധു മുല്ലശ്ശേരിയെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കാന്‍ ശുപാര്‍ശ

Kerala
  •  10 days ago
No Image

റഫ അതിര്‍ത്തി തുറക്കാനുള്ള നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഈജിപ്ത്;  ഹമാസുമായി ചര്‍ച്ചക്ക് ഫത്തഹ്

International
  •  10 days ago
No Image

വിവിധ പരിപാടികളുമായി ഈദുൽ ഇത്തിഹാദ് ആഘോഷിച്ച് അൽ വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ

uae
  •  10 days ago
No Image

യുഎഇയിൽ ഇന്ന് നേരിയ മഴക്ക് സാധ്യത

uae
  •  10 days ago
No Image

‌‌സഊദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി യുഎഇ പ്രസിഡണ്ട്

uae
  •  10 days ago
No Image

സ്‌കൂള്‍ അര്‍ധവാര്‍ഷിക പരീക്ഷ: വെള്ളിയാഴ്ച ജുമുഅയിൽ പങ്കെടുക്കാൻ തടസമാകും

Kerala
  •  10 days ago
No Image

വളപട്ടണം കവർച്ച:  പ്രതി അയൽവാസി, പിടിയിൽ

Kerala
  •  10 days ago
No Image

ഫിന്‍ജാല്‍: തിരുവണ്ണാമലൈയില്‍ വന്‍ മണ്ണിടിച്ചില്‍; നിരവധി പേര്‍ മണ്ണിനടിയില്‍;  തമിഴ്‌നാട്ടിലും പുതുച്ചേരിയിലും കനത്തമഴ തുടരുന്നു,മരണം 13 ആയി

Weather
  •  10 days ago
No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  10 days ago
No Image

ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം

Kerala
  •  10 days ago