ഖദീജ ചോദിക്കുന്നു; വീട് തകരും മുന്‍പ് റോഡ് നന്നാക്കുമോ?
മഞ്ചേരി: ഒരു പോറലുമേല്‍ക്കാത്ത വീടിന് ദുരിതാശ്വാസ സഹായമായി അഞ്ചര ലക്ഷം രൂപ നല്‍കാന്‍ ശുപാര്‍ശ നല്‍കിയ തൃക്കലങ്ങോട് പഞ്ചായത്ത് അധികൃതര്‍ക്ക് മുന്നില്‍ തന്റെ വീട് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് വെള്ളാരംകല്ല് അരിമ്പ്രക്കുന്നന്‍ ഖദീജ കേണപേക്ഷിക്കാന്‍ തുടങ്ങിയിട്ട് രണ്ട് മാസത്തോളമായി. പക്ഷെ തിരിഞ്ഞുനോക്കാന്‍ പോലും അധികൃതര്‍ തയറായിട്ടില്ല. വീട് ശരിപ്പെടുത്താന്‍ ഒരു ചില്ലിക്കാശ് പോലും വേണ്ട. പകരം വീടിന് മുകളിലേക്ക് ഇടിഞ്ഞ് കൊണ്ടിരിക്കുന്ന റോഡ് സംരക്ഷിച്ച് വീട് തകരാതിരിക്കാന്‍ നടപടി വേണമെന്നാണ് വിധവയായ ഖദീജ ഉമ്മയുടെ ആവശ്യം.
ഓഗസ്റ്റ് പതിനാറിനാണ് ആമയൂര്‍ വെള്ളാരംകല്ല് കുന്നുംപുറം റോഡ് ഇടിഞ്ഞ് അരിമ്പ്രക്കുന്നന്‍ ഖദീജയുടെ വീടിന് മേല്‍ പതിച്ചത്. തൃക്കലങ്ങോട് പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് ഈ നിര്‍ധന കുടുംബം താമസിക്കുന്നത്. റോഡ് ഇടിഞ്ഞത് സന്ദര്‍ശിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം എത്തിയതൊഴിച്ച് യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. നട്ടുകാരുടെ സഹായത്തോടെയാണ് വീടിന് മേല്‍ പതിച്ച കല്ലും മണ്ണും നീക്കം ചെയ്തത്.
അപകട ഭീഷണി നേരിടുന്ന റോഡിലൂടെ വാഹനം ഗതാഗതം നിയന്ത്രിക്കാനും അധികൃതര്‍ തയറാകുന്നില്ല. വെള്ളാരംകല്ല് ക്വാറിയിലെ ലോറികള്‍ ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ ഇതിലൂടെ ഇപ്പോഴും സഞ്ചാരം നടത്തുന്നത് വലിയ അപകടത്തിന് വഴിയൊരുക്കുമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ ഇത് സംബന്ധിച്ച് യു.ഡി.എഫ് അംഗങ്ങള്‍ നിര്‍ദേശം സമര്‍പ്പിച്ചിരുന്നെങ്കിലും മുഖവിലക്കെടുക്കാന്‍ പഞ്ചായത്ത് ഭരണസമിതി തയാറായില്ല. വീടിനു പിറകില്‍ മണ്ണിടിഞ്ഞു വീണെന്ന കാരണത്താല്‍ ഉടമസ്ഥന് 5.79 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തൃക്കലങ്ങോട് പഞ്ചായത്ത് അസി. എന്‍ജിനീയര്‍ റവന്യു അധികൃതര്‍ക്കു റിപ്പോര്‍ട്ട് നല്‍കിയത് വിവാദമായിരുന്നു. എന്നാല്‍ പാവപ്പെട്ട കുടുംബത്തിന്റെ വീടിന് ഭീഷണിയായ റോഡ് സംരക്ഷിക്കാന്‍ പഞ്ചായത്തിന് ഫണ്ടില്ല. അടുത്ത വാര്‍ഷിക പദ്ധതിയില്‍ ഈ റോഡ് നിര്‍മാണം ഉള്‍പ്പെടുത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍.എം കോയ മാസ്റ്റര്‍ പറഞ്ഞു. അപ്പോഴേക്കും റോഡ് ഇടിഞ്ഞ് വീട് നിലംപൊത്തുമൊ എന്ന ഭീതിയിലാണ് ഖദീജയും കുടുംബവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."