പയസ്വിനി പുഴയില്‍ വ്യാപക മണലൂറ്റ്; മൂന്നുഫൈബര്‍ തോണികള്‍ തകര്‍ത്തു
മുള്ളേരിയ: പയസ്വിനി പുഴയില്‍ മണലൂറ്റ് വ്യാപകം. പൊലിസിന്റെ കണ്ണുതെറ്റുമ്പോള്‍ വന്‍ തോതില്‍ മണ്ണ് കടത്തുകയാണ്. പരിശോധന കര്‍ശനമാക്കിയതിന്റെ ഭാഗമായി മണലെടുക്കുന്നതിനായി ഉപയോഗിച്ച് മൂന്നുഫൈബര്‍ വള്ളങ്ങള്‍ പൊലിസ് തകര്‍ത്തു.
മഴ കുറഞ്ഞതോടെ പുഴയിലെ വെള്ളം വറ്റിത്തുടങ്ങിയതോടെയാണ് മണലെടുപ്പ് വ്യാപകമായത്. മണല്‍ മാഫിയാ സംഘങ്ങള്‍ പുഴയില്‍നിന്നു പകലെന്നോ രാത്രിയെന്നോ വിത്യാസമില്ലാതെ മണലെടുപ്പ് തുടങ്ങിയിട്ടുണ്ട്. മണലെടുപ്പിനെ കുറിച്ച് പൊലിസിനും മറ്റും വിവരം കൈമാറുന്നവരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവായതോടെയാണ് ചിലര്‍ പരസ്യമായി തന്നെ പരാതിയുമായി രംഗത്ത് വന്നത്.
ഇതേ തുടര്‍ന്ന് ആദൂര്‍ സി.ഐ എം.എ മാത്യുവിനുലഭിച്ച വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ എട്ടുമുതല്‍ രാത്രി ഏഴുവരെ നടത്തിയ പരിശോധനക്കൊടുവില്‍ പുഴയില്‍ നിന്നു മണല്‍ കരയിലേക്ക് എത്തിക്കാന്‍ ഉപയോഗിക്കുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന മൂന്നുഫൈബര്‍ വള്ളങ്ങള്‍ കണ്ടെത്തി. ജെ.സി.ബി ഉപയോഗിച്ച് ബോട്ടുകള്‍ കരക്കെത്തിച്ച് തകര്‍ത്തു. എസ് .ഐ നിബിന്‍ ജോയ്, സിവില്‍ പൊലിസ് ഓഫിസര്‍മാരായ പ്രമോദ് കുമാര്‍, വിജയന്‍ ബാളക്കണ്ടം, വിനീത്, ഫിലിപ്, അഭിലാഷ്, ഗോഡ്വിന്‍ തുടങ്ങിയവര്‍ പരിശോധനാസംഘത്തിലുണ്ടായിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പും ആലൂര്‍ കടവില്‍നിന്ന് അഞ്ചു ബോട്ടുകള്‍ പിടികൂടി പൊലിസ് സംഘം നശിപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."