നെഹ്‌റു ട്രോഫി വള്ളംകളി: രജിസ്റ്റര്‍ ചെയ്തിട്ട് മത്സരങ്ങളില്‍ പങ്കെടുത്തില്ലെങ്കില്‍ മൂന്നു വര്‍ഷത്തേക്ക് വിലക്ക്
ആലപ്പുഴ: അന്താരാഷ്ട്ര മത്സരങ്ങള്‍ക്കെല്ലാമുള്ളതു പോലെ നെഹ്‌റുട്രോഫി ജലമേളയ്ക്കും വ്യക്തവും ചിട്ടയുള്ളതുമായ നിയമാവലി വരുന്നതിലൂടെ വള്ളം കളിയുടെ ജനപ്രിയത വര്‍ധിപ്പിക്കാനാവുമെന്ന് ജില്ലാകലക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു. ഇത്തവണ ചരിത്രത്തിലാദ്യമായി 25 ചുണ്ടന്‍ വള്ളങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മത്സര രംഗത്തുള്ള ചുണ്ടന്‍ വള്ളങ്ങളുടെ എണ്ണം കൂടിയത് നെഹ്‌റുട്രോഫിയുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണ്. 64ാമത് നെഹ്‌റുട്രോഫി വള്ളംകളിക്ക് മുന്നോടിയായി വെള്ളിയാഴ്ച പുളിമൂട്ടില്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ക്യാപ്റ്റന്‍സ് മീറ്റിങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. വള്ളങ്ങളുടെ മെയിന്റനസ് ഗ്രാന്റ് ഒരു വര്‍ഷത്തേത് ഇപ്പോള്‍ കൊടുക്കുമെന്ന് കലക്ടര്‍ പറഞ്ഞു.
രജിസ്റ്റര്‍ ചെയ്തിട്ട് മത്സരങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ മൂന്നു വര്‍ഷത്തേക്ക് ആ ടീമിനെ നെഹ്‌റുട്രോഫി മല്‍സരങ്ങളില്‍ നിന്ന് ഒഴിവാക്കും. സമയക്രമത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഫൈനലിലേക്കുള്ള വള്ളങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തുക എന്നതാണ് വലിയ മാറ്റം. നാല് ട്രാക്ക് തന്നെ തുടരും. എന്നാല്‍ ഫിനിഷിങ് പോയിന്റ് നിലവിലുള്ളതില്‍ നിന്ന് 25 മീറ്റര്‍ വടക്കോട്ട് മാറ്റി. സ്റ്റാര്‍ട്ടിങ് പോയിന്റ് 30 മീറ്റര്‍ തെക്കോട്ടും മാറ്റിയിട്ടുണ്ട്.ഫൈനലില്‍ എത്തുന്ന ചുണ്ടന്‍ വള്ളങ്ങള്‍ ഹീറ്റ്‌സില്‍ ഏറ്റവും കുറച്ചുസമയം എടുക്കുന്ന നാലു വള്ളം ആയിരിക്കും. അതുപോലെ തന്നെയാണ് ലൂസേഴ്‌സ് ഫൈനലും. തുല്യ സമയം വന്നാല്‍ നറുക്കിട്ടെടുക്കും. എന്‍.ടി.ബി.ആര്‍കമ്മറ്റി സെക്രട്ടറിയായ ആര്‍.ഡി.ഒ സുബൈര്‍ കുട്ടി അധ്യക്ഷനായി. നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് ആശംസകള്‍ അറിയിച്ചു. ക്യാപ്റ്റന്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്‍ഫ്രാസ്‌ട്രെക്ചര്‍ കമ്മറ്റി കണ്‍വീനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ആര്‍.രേഖ വായിച്ചു. മുന്‍ എം.എല്‍.എ കെ.കെ.ഷാജു, ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍.കെ.കുറുപ്പ്, ബോട്ട് ക്ലബ്ബ് സെക്രട്ടറി എസ്.എം.ഇക്ബാല്‍, എസ്.ഗോപാലകൃഷ്ണന്‍, കെ.എം.അഷറഫ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."