കല്ലട ബസിലെ പീഡനം: ഉടമയെ വനിതാ കമ്മിഷന്‍ വിളിച്ചുവരുത്തി ശാസിച്ചു
ബസുകളില്‍ സ്ത്രീസുരക്ഷക്കായി പ്രത്യേക സംവിധാനം വേണം
തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ബസ് സര്‍വിസുകളിലും അന്തര്‍ സംസ്ഥാന റൂട്ടുകളിലും സ്ത്രീകള്‍ക്ക് സുരക്ഷിതമായി യാത്രാ സംവിധാനം ഒരുക്കാന്‍ നടപടികളെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും പ്രത്യേക കത്ത് നല്‍കും. വനിതാ കമ്മിഷന്‍ ആസ്ഥാനത്ത് നടന്ന കമ്മിഷന്‍ യോഗത്തിലാണ് ഈ തീരുമാനമെടുത്തതെന്ന് അധ്യക്ഷ എം.സി ജോസഫൈന്‍ അറിയിച്ചു.
കല്ലട ബസില്‍ യാത്രക്കാരിയായ പെണ്‍കുട്ടിയെ ഡ്രൈവര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കമ്മിഷന്‍ നേരത്തേ സ്വമേധയാ കേസെടുത്തിരുന്നു. കേസ് അന്വേഷണത്തിന്റെ ഭാഗമായി ആസ്ഥാനത്ത് കല്ലട ബസ് ഉടമ സുരേഷിനെ കമ്മിഷന്‍ വിളിച്ചു വരുത്തി ശാസിച്ചു.
സ്ത്രീ സുരക്ഷക്കായി കെയര്‍ടേക്കറെ നിയമിക്കുന്നത് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ബസില്‍ ഏര്‍പ്പെടുത്തണമെന്നും ഇക്കാര്യങ്ങള്‍ നടപ്പിലാക്കിയ ശേഷം കമ്മിഷനെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ബസ് നിശ്ചിത ദൂരം പിന്നിടുമ്പോള്‍ സ്ത്രീ യാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനായി നിര്‍ത്തി കൊടുക്കണം. ടിക്കറ്റ് നല്‍കുമ്പോള്‍ തന്നെ ബസ് നിര്‍ത്തുന്ന സ്ഥലങ്ങള്‍ അതില്‍ രേഖപ്പെടുത്തിയിരിക്കണം.
ഇത്തരം വാഹനങ്ങളില്‍ ജീവനക്കാരെ നിയമിക്കുമ്പോള്‍ അവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടോയെന്ന് അന്വേഷിക്കണം. ഇതിനായി പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. കൂടാതെ മുഴുവന്‍ ബസ് ജീവനക്കാര്‍ക്കും സ്ത്രീ സുരക്ഷയെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കല്ലട ബസ് ഉടമ എത്രയും വേഗത്തില്‍ ഇക്കാര്യങ്ങള്‍ ചെയ്ത ശേഷം നേരില്‍ അറിയിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നല്‍കുന്ന കത്തിലും ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും വനിതാ കമ്മിഷന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."