വിളവ് തിന്നത് വേലിതന്നെ! ഭൂരേഖാ തഹസില്‍ദാറും കുടുംബവും പുറമ്പോക്ക് കൈയേറി
മുക്കം: ഭൂരേഖാ തഹസില്‍ദാറും കുടുംബവും പുറമ്പോക്ക് ഭൂമി കൈയേറിയതായി അന്വേഷണത്തില്‍ കണ്ടെത്തി. കോഴിക്കോട് താലൂക്ക് ഭൂരേഖാ തഹസില്‍ദാര്‍ അനിതകുമാരിയും കുടുംബവുമാണ് പുറമ്പോക്ക് ഭൂമി കൈയേറിയതായി കണ്ടെത്തിയിരിക്കുന്നത്.
ഹൈക്കോടതി നിര്‍ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് ഇവരുടെ മുക്കം കുറ്റിപ്പാല റോഡിലെ വീടിനോട് ചേര്‍ന്ന മൂന്ന് സെന്റ് ഭൂമിയോളം കൈയേറിയതായി കണ്ടെത്തിയത്. സര്‍വെയില്‍ കണ്ടെത്തിയ വിവരങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് സര്‍വെ സൂപ്രണ്ട് തിങ്കളാഴ്ച ജില്ലാ കലക്ടര്‍ക്കും ഹൈക്കോടതിക്കും സമര്‍പ്പിക്കും.
തഹസില്‍ദാര്‍ ഭൂമി കൈയേറിയതായി ആരോപിച്ച് കോഴിക്കോട് സ്വദേശിയായ രത്നാകരന് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മുന്‍പ് നടത്തിയ പരിശോധനയില്‍ ഭൂമി കൈയേറിയിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ചു വീണ്ടും കോഴിക്കോട് കലക്ടര്‍ക്ക് നല്കിയ പരാതിയില്‍ നടപടി ഇല്ലാതിരുന്നതോടെയാണ് പരാതിക്കാരന് ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ജില്ലാ സര്‍വെ സൂപ്രണ്ട് വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വെയിലാണ് മൂന്ന് സെന്റ് ഭൂമി കൈയേറിയതായി കണ്ടെത്തിയത്.
ലാന്‍ഡ് കണ്‍സര്‍വന്‍സി നിയമപ്രകാരം സര്‍ക്കാര്‍ ഭൂമി കൈയേറുന്നത് മൂന്ന് വര്‍ഷം തടവും 2500 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. എന്നാല്‍ പരാതിക്കാരന് തങ്ങള്‍ക്കെതിരേ വ്യക്തിപരമായ ശത്രുത തീര്‍ക്കുകയാണെന്നാണ് തഹസില്‍ദാരുടെ ഭര്‍ത്താവ് പറയുന്നത്. കോഴിക്കോട് ജില്ലയിലെ സര്‍ക്കാര്‍ ഭൂമി കൈയേറ്റം കണ്ടെത്തി നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥയും കുടുംബവും തന്നെ സര്‍ക്കാര്‍ ഭൂമി കൈയേറിയതായി കണ്ടെത്തിയ സാഹചര്യത്തില്‍ തഹസില്‍ദാര്‍ക്കെതിരേ വകുപ്പ്തല നടപടി ഉണ്ടായേക്കുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."