ജില്ലാ വികസന സമിതി: കെ.എസ്.ആര്‍.ടി.സി സര്‍വിസ് മുടക്കുന്നതിനെതിരേ വിമര്‍ശനം
കണ്ണൂര്‍: ദേശസാത്കൃത റൂട്ടുകളില്‍ ഉള്‍പ്പെടെ തിരക്കേറിയ സമയങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ട്രിപ്പുകള്‍ മുടക്കരുതെന്ന് ജില്ലാ വികസന സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ഇതുമൂലം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ബുദ്ധിമുട്ടുകയാണ്. യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ എം.എല്‍.എമാരും ഈ വിഷയം ഉന്നയിച്ചു. കഴിഞ്ഞ ഒരു മാസത്തെ അപേക്ഷിച്ച് ഈ മാസം എത്ര ട്രിപ്പുകള്‍ റദ്ദാക്കിയെന്ന് അറിയിക്കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് യോഗം നിര്‍ദേശം നല്‍കി. കെ.എസ്.ആര്‍.ടി.സിയില്‍ ഡ്യൂട്ടി കൈമാറുന്നതിന് തളിപ്പറമ്പിലും ഇരിട്ടിയിലും സൗകര്യം ഉണ്ടാക്കാവുന്നതാണെന്ന് ജയിംസ് മാത്യു എം.എല്‍.എ നിര്‍ദേശിച്ചു. കെ.സി ജോസഫ് എം.എല്‍.എയാണ് പ്രമേയം അവതരിപ്പിച്ചത്.പ്രളയക്കെടുതിയില്‍ തകര്‍ന്ന 31 പ്രധാന്‍മന്ത്രി ഗ്രാമീണ്‍ സഡക് യോജന റോഡുകളുടെ അറ്റകുറ്റപണിക്കായി നിര്‍ദേശം അയച്ചതായി എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഉരുള്‍പൊട്ടലും ഭൂമി വിണ്ടുകീറലും ഉണ്ടായ കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍ പഞ്ചായത്തുകളില്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം നാഷനല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് പഠനം നടത്തുമെന്ന് കലക്ടര്‍ അറിയിച്ചു. ജില്ലയില്‍ 2018-19 വര്‍ഷത്തെ ഇതുവരെയുള്ള മുഴുവന്‍ നഷ്ടപരിഹാരങ്ങളും വിതരണം ചെയ്തതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ അറിയിച്ചു. കൃഷി വകുപ്പ് നല്‍കുന്ന 205 ലക്ഷം രൂപയും സ്‌റ്റേറ്റ് ഡിസാസ്റ്റര്‍ റിലീഫ് ഫണ്ട് ആയി 14 ലക്ഷവും വിതരണം ചെയ്തു. പാലക്കോട് അഴിമുഖത്ത് മണല്‍ത്തിട്ട മൂലം ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ കരക്കടുപ്പിക്കാന്‍ കഴിയുന്നില്ലെന്ന് ടി.വി രാജേഷ് എം.എല്‍.എ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."