ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയ നടത്താന്‍ അനുമതി: സമരം തുടങ്ങി; വലഞ്ഞ് രോഗികള്‍
തിരുവനന്തപുരം: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ശസ്ത്രക്രിയകള്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ മെഡിസിന്റെ ഉത്തരവില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരുടെ സമരം ആരംഭിച്ചു.
സമരത്തിന്റെ ഭാഗമായി ഡോക്ടര്‍മാര്‍ ഇന്ന് (വെള്ളിയാഴ്ച) ഒ.പി ബഹിഷ്‌കരിച്ചിരിക്കുയാണ്. മിക്ക ആശുപത്രി ഒ.പികളിലും രോഗികളുടെ നീണ്ട നിരതന്നെയാണ് കാണുന്നത്.
രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയാണ് സമരം. എന്നാല്‍ അത്യാഹിത വിഭാഗത്തെയും കൊവിഡ് ചികിത്സയെയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടിയന്തര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ഇന്‍പേഷ്യന്റ് കെയര്‍, ഐ.സി.യു കെയര്‍ എന്നിവയിലും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ഡോക്ടര്‍മാരുടെ വിവിധ സംഘടനകളും സമരത്തിന്റെ ഭാഗമാകും. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും സമരത്തിന്റെ ഭാഗമായി നടത്തില്ല എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
മോഡേണ്‍ മെഡിസിനില്‍ ഡോക്ടര്‍മാര്‍ നിരവധി വര്‍ഷത്തെ പഠനത്തിനും പരിശീലനത്തിനും ശേഷം ചെയ്യുന്ന ശസ്ത്രക്രിയകള്‍ ആയുര്‍വേദ ബിരുദാനന്തര ബിരുദ സമയത്ത് കണ്ടുപഠിച്ച് ചെയ്യാമെന്ന ഉത്തരവ് വലിയ ദുരന്തം സൃഷ്ടിക്കുമെന്ന് ഐ.എം.എ പ്രസിഡന്റ് ഡോ.പി.ടി സക്കറിയാസ് പറഞ്ഞു. പുതിയ നിര്‍ദേശം ആയുര്‍വേദത്തിന്റെ വിശ്വാസ്യത തന്നെ തകര്‍ക്കുന്നതാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."