രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണം: ജുഡിഷ്യല്‍ കമ്മിഷന്‍
സ്വന്തം ലേഖകന്‍
തൊടുപുഴ: നെടുങ്കണ്ടം പൊലിസ് കസ്റ്റഡിയില്‍ മരിച്ച വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാറിന്റെ (49) മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ ജുഡിഷ്യല്‍ കമ്മിഷന്റെ നിര്‍ദേശം. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ രീതിയില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും ജുഡിഷ്യല്‍ അന്വേഷണ കമ്മിഷന്‍ ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് പറഞ്ഞു. ഇക്കാര്യം ഇടുക്കി ആര്‍.ഡി.ഒയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ലാഘവത്തോടെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുമായി അന്വേഷണം അസാധ്യമെന്നും കമ്മിഷന്‍ പറഞ്ഞു. നെടുങ്കണ്ടം പൊലിസ് സ്റ്റേഷനിലും താലൂക്ക് ആശുപത്രിയിലും ഇന്നലെ കമ്മിഷന്‍ തെളിവെടുപ്പ് നടത്തി. രാജ്കുമാര്‍ ക്രൂരമര്‍ദനത്തിനിരയായ നെടുങ്കണ്ടം പൊലിസ് സ്റ്റേഷനിലാണ് ആദ്യം തെളിവെടുപ്പ് നടത്തിയത്. ലോക്കപ്പും രാജ്കുമാറിനെ കട്ടിലില്‍ കെട്ടിയിട്ട് മര്‍ദിച്ച പൊലിസിന്റെ വിശ്രമമുറിയും വിശദമായി പരിശോധിച്ചു.
തുടര്‍ന്ന് രാജ്കുമാറിന് ചികിത്സ നല്‍കിയ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലും തെളിവെടുപ്പ് നടത്തി.
ജൂണ്‍ 12നാണ് സാമ്പത്തിക തട്ടിപ്പ് പരാതിയുടെ പേരില്‍ രാജ്കുമാറിനെ നെടുങ്കണ്ടം പൊലിസ് പിടികൂടുന്നത്. പിന്നീട് 16ന് പീരുമേട് സബ് ജയിലില്‍ റിമാന്‍ഡ് ചെയ്യുകയായിരുന്നു.
റിമാന്‍ഡില്‍ കഴിയവേ 21ന് രാവിലെ 10.30ന് രാജ്കുമാര്‍ മരണപ്പെട്ടു (പൊലിസ് പറയുന്ന സമയം). മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയും ചെയ്തു. തുടര്‍ന്ന് 22ന് പോസ്റ്റ്‌മോര്‍ട്ടത്തിനായി ഫ്രീസറില്‍ നിന്നെടുക്കുമ്പോഴാണ് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൂരമര്‍ദനത്തിന്റെ പാടുകള്‍ കാണുന്നത്. തുടര്‍ന്ന് ബന്ധുക്കള്‍ പരാതി ഉന്നയിക്കുകയായിരുന്നു.
ക്രൈംബ്രാഞ്ച് സംഘം നെടുങ്കണ്ടം എസ്.ഐ സാബു അടക്കം നാല് പൊലിസ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തിരുന്നു.
ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇതിനിടെ, ജുഡിഷ്യന്‍ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ജസ്റ്റീസ് നാരായണക്കുറുപ്പിനെ കമ്മിഷനാക്കുകയും ചെയ്യുകയായിരുന്നു.
പോസ്റ്റുമോര്‍ട്ടത്തിലെ പിഴവുകള്‍: മര്‍ദനം മൂലം 22 മുറിവുകളും ചതവുകളുമുണ്ടെന്നും ഇതാണ് ന്യുമോണിയയിലേക്കും തുടര്‍ന്ന് മരണത്തിലേക്കും നയിച്ചതെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇവയുടെ പഴക്കം രേഖപ്പെടുത്താതെ വന്നതോടെ ഇത് എവിടെ വച്ചുണ്ടായി എന്നത് തെളിയിക്കാനായില്ല.
ഇതിനൊപ്പം ആന്തരിക അവയവങ്ങളും പരിശോധനക്ക് അയച്ചില്ല. അവസാന നാല് ദിവസം രാജ്കുമാര്‍ പീരുമേട് ജയിലിലായിരുന്നു. പഴക്കം നിര്‍ണയിച്ചില്ലെങ്കില്‍ പരമാവധി 24 മണിക്കൂറാണ് ഇത് കണക്കാക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."