നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിന് പ്രാര്‍ഥനാഭരിതമായ തുടക്കം; ആദ്യസംഘം ഇന്നു പുറപ്പെടും
.
ജലീല്‍ അരൂക്കുറ്റി
കൊച്ചി: പുണ്യം തേടി സമര്‍പ്പിത മനസുമായി ഹജ്ജ് തീര്‍ഥാടകര്‍ പുണ്യഭൂമിയിലേക്ക് യാത്രതിരിക്കുന്നതിനായി കൊച്ചിയിലേക്ക് ചെറുസംഘങ്ങളായി എത്തിതുടങ്ങിയതോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഒരുക്കിയ നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാംപും പ്രാര്‍ഥനാഭരിതമായി.
കേരളത്തിന് രണ്ട് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ അനുവദിച്ചതോടെയാണ് കോഴിക്കോടിന് പുറമേ മുന്‍വര്‍ഷത്തിന്റെ തുടര്‍ച്ചയായി കൊച്ചി വഴിയും യാത്ര തിരിക്കാന്‍ അവസരം ലഭിച്ചത്. കൊച്ചിയില്‍ നിന്നുള്ള ആദ്യസംഘം തീര്‍ഥാടകര്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കും അടുത്ത സംഘം 2.05 നും പുറപ്പെടും. രണ്ടാമത്തെ സംഘം ലക്ഷദ്വീപില്‍നിന്നുള്ള തീര്‍ഥാടകരാണ്.
ഇരുവിമാനത്തിലും പോകേണ്ട തീര്‍ഥാടകര്‍ ഇന്നലെ ഉച്ചയോടെ ഹജ്ജ് ക്യാംപിലെത്തി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. തീര്‍ഥാടകരും അവരെ യാത്രയാക്കാന്‍ എത്തിയ ബന്ധുക്കളും സുഹൃത്തുക്കളും അടക്കം വന്‍ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു ഹജ്ജ് ക്യാംപിനു തുടക്കം കുറിച്ചത്.
ലക്ഷദ്വീപില്‍നിന്നുള്ള 330 പേര്‍ ഉള്‍പ്പടെ 680 തീര്‍ഥാടകരാണ് ഇന്ന് കൊച്ചിയില്‍ നിന്ന് എയര്‍ഇന്ത്യയുടെ രണ്ട് വിമാനങ്ങളിലായി പുണ്യനഗരിയായ മദീനയിലേക്ക് തിരിക്കുന്നത്.
നെടുമ്പാശ്ശേരിയില്‍ തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും നടക്കുന്ന ഹജ്ജ് ക്യാംപ് സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രി കെ. ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. ഹജ്ജ് കമ്മിറ്റി അംഗം കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി പ്രാര്‍ഥന നിര്‍വഹിച്ചു. ലക്ഷദ്വീപ് എം.പി പി.പി.മുഹമ്മദ് ഫൈസല്‍, എം.എല്‍.എമാരായ അന്‍വര്‍ സാദത്ത്, റോജി എം ജോണ്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എ അബ്ദുല്‍ മുത്തലിബ്, ജി.സി.ഡി.എ ചെയര്‍മാന്‍ വി.സലിം, ലക്ഷദ്വീപ് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് മുസ്‌ലിയാര്‍, മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്, സിയാല്‍ ഡയറക്ടര്‍ എ.സി.കെ.നായര്‍, മുന്‍ എം.എല്‍.എ എ.എം.യൂസഫ്, മുന്‍ ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഇബ്രാഹിം ഖലീല്‍ ബുഹാരി തങ്ങള്‍,ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അനസ് ഹാജി, മുസമ്മില്‍ ഹാജി, എം.കെ. അബൂബക്കര്‍ ഫാറൂഖി, പി.കോയ തുടങ്ങിയവര്‍ സംസാരിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് ഹാങ്കറിനോട് ചേര്‍ന്നുള്ള സിയാല്‍ അക്കാദമിയിലാണ് ഹജ്ജ് ക്യംപിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്നുള്ള 2431 തീര്‍ഥാടകരാണ് നാലു ദിവസങ്ങളിലായി നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് വഴി പുറപ്പെടുന്നത്.
തീര്‍ഥാടകര്‍ക്കു വേണ്ടി വളണ്ടിയര്‍മാരും ഉദ്യോഗസ്ഥരും സന്നദ്ധപ്രവര്‍ത്തകരും സേവനസന്നദ്ധരായി അണിനിരന്നിട്ടുണ്ട്.
ഇന്നു രാവിലെ 10 മണിയോടെ തീര്‍ഥാടകരെ ഹജ്ജ് ക്യാംപില്‍നിന്നു പ്രത്യേക വാഹനങ്ങളിലായി വിമാനത്താവളത്തിലേക്കു കൊണ്ടുപോകും.
തുടര്‍ന്ന് വിമാനത്താവള ടെര്‍മിനലില്‍നിന്ന് ഇവര്‍ യാത്രതിരിക്കും.
തീര്‍ഥാടകര്‍ക്ക് വേണ്ടി നിസ്‌കാരസ്ഥലം, താമസസൗകര്യം, ഭക്ഷണശാല, മെഡിക്കല്‍ സംഘങ്ങള്‍ തുടങ്ങിയവയെല്ലാം താല്‍ക്കാലികമായി ക്യാംപില്‍ സജ്ജമാക്കിയിട്ടുണ്ട്. കൊച്ചിയിലെ ഹജ്ജ് ക്യാംപ് 17 നാണ് സമാപിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."