കുപ്പത്തെ ചെമ്പല്ലിക്കൂടിന് ആവശ്യക്കാരേറെ...
തളിപ്പറമ്പ്: അന്യം നിന്നുപോകുന്ന ചെമ്പല്ലിക്കൂട് നിര്‍മാണവിദ്യ പഠിക്കാന്‍ താല്‍പര്യമുള്ളവരെ കാത്ത് കുപ്പത്തെ മൂവര്‍സംഘം. ചെമ്പല്ലിക്കൂട് നിര്‍മാണത്തില്‍ ഇപ്പോഴും സജീവമായ ഇവര്‍ക്ക് ചെറുപ്പത്തില്‍ ആരംഭിച്ച ചെമ്പല്ലിക്കൂട് നിര്‍മാണം തന്നെയാണ് ഇന്നും ഉപജീവന മാര്‍ഗം. പരമ്പരാഗത തൊഴിലുകളെ പുതുതലമുറ അവഗണിക്കുന്ന ഇക്കാലത്തും കാരണവന്‍മാര്‍ പഠിപ്പിച്ച തൊഴില്‍ വൈദഗ്ധ്യത്തെ മുറുകെ പിടിക്കുന്ന കുപ്പത്തെ ടി.പി അലി, യു.എം മുഹമ്മദ്കുഞ്ഞി, പി.ബി മുഹമ്മദ് എന്നിവരെ തേടി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നാണ് ആവശ്യക്കാരെത്തുന്നത്.
അതുകൊണ്ടുതന്നെ ദേശീയപാതയില്‍ കുപ്പം പാലത്തിന് സമീപത്തെ പഴയകാലത്തെ വാണിജ്യ കേന്ദ്രത്തില്‍ ഇന്നും ഇവരുടെ തൊഴിലിടങ്ങള്‍ സജീവമാണ്. പുഴമത്സ്യങ്ങളിലെ പ്രധാന ഇനമായ ചെമ്പല്ലിയുടെ പേരിലുളള കൂടാണ് ഇവര്‍ നിര്‍മിക്കുന്നത്. പഴയകാലത്തേക്കാള്‍ ഇന്ന് ഇതിന് ആവശ്യക്കാര്‍ ഏറെയുണ്ടെന്നാണ് ഇവര്‍ പറയയുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് അഴീക്കോടുകാരനായ ഒരാള്‍ മുഖേന കുപ്പത്തെ ഏറ്റവും മുതിര്‍ന്ന ചെമ്പല്ലിക്കൂട് നിര്‍മാണക്കാരനായ മുഹമ്മദ്കുഞ്ഞി നിര്‍മിച്ച കൂട് ബഹ്‌റൈനിലേക്കും കടല്‍ കടന്നിരുന്നു.
മുളയും കവുങ്ങിന്‍ തടിയും ചെത്തിമിനുക്കി ചെറുചീളുകളാക്കി അവയെ കൂടിന്റെ ഘടനയ്ക്കനുസരിച്ച് പ്രത്യേക രീതിയില്‍ നൈലോണ്‍ കയറുപയോഗിച്ച് ബന്ധിപ്പിച്ചാണ് കൂട് നിര്‍മാണം. മുട്ടോളം ഉയരത്തിലാണ് സാധാരണ കൂട് നിര്‍മിക്കാറുള്ളത്. എങ്കിലും ആവശ്യക്കാര്‍ക്ക് അവരുടെ നിര്‍ദ്ദേശമനുസരിച്ച് അരയാള്‍ പൊക്കത്തിലും നിര്‍മിച്ചു നല്‍കുന്നു. നാലു മുതല്‍ ആറുവരെ ദിവസങ്ങള്‍ ഒരു കൂട് നിര്‍മാണത്തിനു പിന്നിലുണ്ട്. 7,000 രൂപയാണ് കൂടിന്റെ വില. മുളകൊണ്ടുണ്ടാക്കുന്ന കൂട്ടിനകത്ത് കയറിയാല്‍ മീനിന് പുറത്തിറങ്ങാന്‍ കഴിയില്ല.
ചെറുപ്പക്കാര്‍ മീന്‍ പിടുത്തം ഹോബിയാക്കിയതോടെ പണ്ടുള്ളതിനെക്കാള്‍ ആവശ്യക്കാരുണ്ട്. എന്നാല്‍ തങ്ങളുടെ കാലം കഴിഞ്ഞാല്‍ ഈ രംഗത്ത് കുപ്പത്തിന്റെ ഖ്യാതി നഷ്ടമാകുന്ന അവസ്ഥയാണെന്നത് ഇവരെ വിഷമിപ്പിക്കുന്നു. പുതു തലമുറയിലുള്ളവര്‍ ചെമ്പല്ലിക്കൂട് നിര്‍മാണം പഠിക്കാന്‍ തയാറായി വന്നാല്‍ അവരെ പഠിപ്പിച്ചു നല്‍കാനും തയാറാണെന്ന് ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."