പാകിസ്താന് ലോകബാങ്ക് കോടതിയുടെ പ്രഹരം
ഇസ്‌ലാമാബാദ്: വിദേശ സ്വര്‍ണഖനന കമ്പനിക്ക് 600 കോടി ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാന്‍ പാകിസ്താനോട് ലോകബാങ്ക് കോടതി ഉത്തരവിട്ടു. 2011ല്‍ സര്‍ക്കാര്‍ സ്വര്‍ണഖനനം നിരോധിച്ചതിനെ തുടര്‍ന്ന് നഷ്ടത്തിലായ കനേഡിയന്‍ കമ്പനി ലോകബാങ്ക് കോടതിയെ സമീപിക്കുകയായിരുന്നു.
കാനഡയിലെ വന്‍കിട ഖനന കമ്പനിയായ ദ കണ്‍സോര്‍ഷ്യം ടെത്യാന്‍ കോപ്പര്‍ കമ്പനി പത്തുവര്‍ഷം മുമ്പാണ് ബലൂചിസ്താന്‍ പ്രവിശ്യയിലെ രെകോദിഖില്‍ വന്‍ സ്വര്‍ണ-ചെമ്പ് നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയത്. എന്നാല്‍ 2011ല്‍ പദ്ധതിക്കുള്ള ലീസ് പ്രാദേശിക ഭരണകൂടം റദ്ദാക്കുകയായിരുന്നു. പക്ഷേ 2013ല്‍ പാക് സുപ്രിം കോടതി ഉത്തരവ് അസാധുവാക്കി.
ഖനി അടച്ചുപൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരേ കമ്പനി ലോകബാങ്കിന്റെ അന്താരാഷ്ട്ര ആര്‍ബിട്രേഷന്‍ ട്രിബ്യൂണല്‍ കമ്മിറ്റിയെ സമീപിക്കുകയായിരുന്നു. 584 കോടി ഡോളര്‍ നഷ്ടപരിഹാരമായി നല്‍കാനാണ് പാക് ഭരണകൂടത്തോട് ലോകബാങ്ക് കോടതി നിര്‍ദേശിച്ചത്. വിധി നിരാശപ്പെടുത്തുന്നതാണെന്ന് പാക് അറ്റോര്‍ണി ജനറല്‍ അന്‍വര്‍ മന്‍സൂര്‍ ഖാന്‍ പറഞ്ഞു.
രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനെ തുടര്‍ന്ന് ഐ.എം.എഫ് 600 കോടി സഹായം അനുവദിച്ചത് അടുത്തിടെ ആയിരുന്നു. ആറു ലക്ഷം ടണ്‍ ചെമ്പും രണ്ടര ലക്ഷം ഔണ്‍സ് സ്വര്‍ണവും ഖനനം ചെയ്യാനായിരുന്നു പദ്ധതിയെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."