കഞ്ചാവ് കടത്ത്: വമ്പന്‍മാര്‍ക്കായി വലവിരിച്ച് എക്‌സൈസ്
കല്‍പ്പറ്റ: കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് വമ്പന്‍മാര്‍ എക്‌സൈസിന്റെ വലയിലായെന്ന് സൂചന.
വന്‍ തലവന്‍മാര്‍ക്ക് വലവിരിച്ച് വയനാട് എക്‌സൈസ് നര്‍കോട്ടിക്ക് സ്‌പെഷ്യല്‍ ടീമും എക്‌സൈസ് ഇന്റലിജെന്റ് വിഭാഗവും ബംങ്കളൂരുവിലെത്തി. ഒരു മാസം മുമ്പ് ആളില്ലാതെ ബസിന്റെ ഡിക്കിയില്‍ നിന്ന് കിട്ടിയ 14 കിലോ കഞ്ചാവിനെ കുറിച്ച് നിരീക്ഷിച്ച എക്‌സൈസ് സംഘം ബംങ്കളൂരിവിലെ പാര്‍സല്‍ ഓഫിസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഒരാളെ കണ്ണൂരില്‍ നിന്നും അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുമ്പ് 32 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചിരുന്നു. ഇതിന്റെ പിന്നില്‍ രണ്ട് സംസ്ഥാനങ്ങളിലുമായി വന്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം. അഞ്ചംഗസംഘമാണ് കഞ്ചാവ് കടത്തലിന്റെ പിന്നിലെന്നാണ് സൂചന. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ തോല്‍പെട്ടിയിലും ബാവലിയിലുമായി 72 കിലോയോളം കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്. 500 ഗ്രാമും 200 ഗ്രാമും ഒരു കിലോയും വേറെയുമുണ്ട്. ബംങ്കളൂരു സിറ്റി എക്‌സൈസ് സംഘത്തിന്റെ സഹായവും വയനാട് എക്‌സൈസ് സംഘത്തിനുണ്ട്. എക്‌സൈസ് നര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ സി.ഐ ജിമ്മി ജോസഫും സംഘവുമാണ് ബംങ്കളൂരിവില്‍ തമ്പടിച്ച് കഞ്ചാവ് കടത്തിലെ പ്രധാന കണ്ണികളെ കുറിച്ച് നീരീക്ഷണം നടത്തുന്നത്. മുമ്പ് മയക്ക് ഗുളിക കടത്തിയ സംഭവങ്ങളും എക്‌സൈസ് നിരീക്ഷിക്കുന്നുണ്ട്. മയക്ക് ഗുളികയുടെ ഉറവിടങ്ങളും സംഘം നിരീക്ഷിച്ചുവരികയാണ്. കര്‍ണാടകയില്‍ നിന്ന് കടത്തുന്ന കഞ്ചാവ്, മറ്റ് നിരോധിത ലഹരി ഉല്‍പന്നങ്ങള്‍ യഥാസ്ഥാനത്ത് എത്തിക്കുന്നതില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും എക്‌സൈസ് സംഘം അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."