ആശ്രമങ്ങളിലെ അന്തേവാസികള്‍ക്കും റേഷന്‍ കാര്‍ഡ്
തിരുവനന്തപുരം: സന്യാസ ആശ്രമങ്ങളിലെ അന്തേവാസികള്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍. കന്യാസ്ത്രീ മഠങ്ങള്‍, ശാന്തിഗിരി, അമൃതാനന്ദമയീ മഠം പോലുള്ള ആശ്രമങ്ങള്‍, സര്‍ക്കാര്‍ സഹായം ലഭിക്കാത്ത യത്തീംഖാനകള്‍ തുടങ്ങിയവയിലെ അന്തേവാസികള്‍ക്കാണ് റേഷന്‍ കാര്‍ഡ് നല്‍കാന്‍ തീരുമാനം.
അടുത്ത മന്ത്രിസഭായോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമാകും. ഇത്തരം സ്ഥാപനങ്ങളിലെ നാല് അന്തേവാസികള്‍ക്ക് ഒരു കാര്‍ഡ് എന്ന നിലയിലായിരിക്കും ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുക. നാലുപേരില്‍ ഏറ്റവും മുതിര്‍ന്നയാള്‍ കാര്‍ഡുടമയും ബാക്കി മൂന്നുപേര്‍ അംഗങ്ങളുമായിരിക്കും.
തല്‍ക്കാലം വെള്ള കാര്‍ഡാണ് വിതരണം ചെയ്യുക. പിന്നീട് ഇവര്‍ക്കായി പ്രത്യേക നിറത്തിലുള്ള കാര്‍ഡും വിഹിതവും നിശ്ചയിക്കും. സ്ഥാപനത്തിലെ അംഗങ്ങളാണെന്നുള്ള സ്ഥാപന മേധാവിയുടെ സത്യവാങ്മൂലം അപേക്ഷയോടൊപ്പം വയ്ക്കണം. അംഗങ്ങളുടെ ആധാര്‍ കാര്‍ഡും ഇതോടൊപ്പം വേണം. അപേക്ഷകര്‍ ഏതെങ്കിലും റേഷന്‍ കാര്‍ഡുകളില്‍ പേരുള്ളവര്‍ ആയിരിക്കരുത്.
നിലവില്‍ അഗതിമന്ദിരങ്ങള്‍ പോലുള്ള ക്ഷേമസ്ഥാപനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ സഹായത്തോടെ റേഷന്‍ വിതരണം ചെയ്ത് വരുന്നുണ്ട്. എന്നാല്‍ സന്യാസ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ക്ക് റേഷന്‍ കാര്‍ഡില്ലായിരുന്നു.
ഇവര്‍ക്ക് കാര്‍ഡ് അനുവദിക്കണമെന്ന ആവശ്യത്തെത്തുടര്‍ന്നാണ് തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."