യൂറോപ്പയില്‍ മാഞ്ചസ്റ്റര്‍
സ്റ്റോക്ക്‌ഹോം: തീവ്രവാദികള്‍ മുറിവേല്‍പ്പിച്ച മാഞ്ചസ്റ്റര്‍ നഗരത്തിന് അവരുടെ അഭിമാനത്തിന്റെ അടയാളങ്ങളിലൊന്നായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഫുട്‌ബോള്‍ ടീമിന്റെ വക കിരീട വിജയത്തിന്റെ സമാശ്വാസം. തീവ്രവാദ ആക്രമണത്തില്‍ 22 പേരുടെ ജീവന്‍ വിട്ടുനല്‍കേണ്ടി വന്നതിന്റെ ഞെട്ടലില്‍ വിറങ്ങലിച്ച സ്വന്തം നഗരത്തിന് യൂറോപ്പ ലീഗ് കിരീടം സമ്മാനിച്ചാണ് ഹോസെ മൗറീഞ്ഞോയും സംഘവും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഹോളണ്ട് ടീം അയാക്‌സ് ആംസ്റ്റര്‍ഡാമിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യൂറോപ്പയിലെ ചാംപ്യന്‍മാരായത്. വിജയം മാഞ്ചസ്റ്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് സമര്‍പ്പിച്ചാണ് ടീം കിരീടം ഏറ്റുവാങ്ങിയത്.
അപ്രതീക്ഷിത ആക്രമണത്തില്‍ മുറിവേറ്റും ജീവന്‍ നഷ്ടപ്പെട്ടും ഹതാശരായ ഒരു ജനതയുടെ ആത്മാവിന്റെ സാന്ത്വനത്തിനായാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്റ്റോക്‌ഹോമിലെ ഫ്രന്റ്‌സ് അരേനയില്‍ ഇറങ്ങിയത്. മത്സരത്തിന് മുന്‍പ് ആക്രമണത്തില്‍ മരിച്ചവരുടെ ശാന്തിക്കായി ഒരു നിമിഷം മൗനമാചരിച്ചാണ് ടീമുകള്‍ നേര്‍ക്കുനേര്‍ പോരിനിറങ്ങിയത്. ഈ വിജയത്തെ മാഞ്ചസ്റ്റര്‍ ടീം എന്നതു പോലെ അവിടുത്തെ ജനതയും ശരിക്കും വിലമതിക്കുന്നുണ്ട്. അതുകൊണ്ടാണ് യൂറോപ്പ ലീഗിലെ ചാംപ്യന്‍ പട്ടം മാഞ്ചസ്റ്ററില്‍ സന്തോഷം മടക്കികൊണ്ടുവന്നതായി ഇതിഹാസ താരം ഡേവിഡ് ബെക്കാം അഭിപ്രായപ്പെട്ടതും.
വിജയത്തില്‍ കുറഞ്ഞതൊന്നും ആശ്വാസമാകിലെന്ന അറിവിലാണ് മാഞ്ചസ്റ്റര്‍ ഫൈനല്‍ കളിക്കാനിറങ്ങിയത്. ടീമിനെ സംബന്ധിച്ച് പ്രീമിയര്‍ ലീഗില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കാത്തതിന്റെ നിരാശ അവര്‍ക്കുണ്ടായിരുന്നു. സീസണിന്റെ തുടക്കത്തില്‍ ഇംഗ്ലീഷ് ലീഗ് കപ്പ് സ്വന്തമാക്കി തുടങ്ങിയ അവര്‍ക്ക് പക്ഷേ പിന്നീട് സ്ഥിരത പുലര്‍ത്താന്‍ സാധിക്കാതെ പോയിരുന്നു. പ്രത്യേകിച്ച് പ്രീമിയര്‍ ലീഗില്‍. അതുകൊണ്ടു തന്നെ അവസാന പിടിവള്ളിയായ യൂറോപ്പ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനും പരിശീലകന്‍ മൗറീഞ്ഞോയ്ക്കും നിര്‍ണായകമായിരുന്നു.
വൈകാരിക മത്സരത്തിനിറങ്ങിയ മാഞ്ചസ്റ്ററിനായി പോള്‍ പോഗ്ബയും മിഖിതാര്യനും ഇരു പകുതികളിലായി ഗോളുകള്‍ സമ്മാനിച്ച് വിജയം ഉറപ്പിക്കുകയായിരുന്നു. വിജയത്തോടെ മാഞ്ചസ്റ്റര്‍ അടുത്ത സീസണിലെ ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിലേക്ക് നേരിട്ട് യോഗ്യത നേടുകയും ചെയ്തു. റാഷ്‌ഫോര്‍ഡിനെ ഏക മുന്നേറ്റക്കാരനാക്കി 4-5-1 എന്ന ശൈലിയിലാണ് മാഞ്ചസ്റ്റര്‍ ടീം ഇറങ്ങിയത്. അയാക്‌സ് 4-3-3ല്‍ കളത്തിലിറങ്ങി. മധ്യനിരയില്‍ മാറ്റ- ഫെല്ലെയ്‌നി- മിഖിതാര്യന്‍ ത്രയവും തൊട്ടുപിന്നില്‍ പോള്‍ പോഗ്ബയും ആന്റര്‍ ഹെരേരയും കളി നിയന്ത്രണം ഏറ്റു.
റൊമേറോയായിരുന്നു ഗോള്‍ വല കാത്തത്. ബോള്‍ പൊസഷനില്‍ അയാക്‌സ് മുന്നില്‍ നിന്നെങ്കിലും നിര്‍ണായക ഘട്ടത്തില്‍ ഗോളടിച്ച് മാഞ്ചസ്റ്റര്‍ മത്സരം അനുകൂലമാക്കുകയായിരുന്നു. കളി തുടങ്ങി 18ാം മിനുട്ടില്‍ ഫെല്ലെയ്‌നിയുടെ പാസില്‍ നിന്ന പോഗ്ബ മാഞ്ചസ്റ്ററിന് ലീഡൊരുക്കി. ഫെല്ലെയ്‌നി നല്‍കിയ പാസില്‍ നിന്ന് ബോക്‌സിന്റെ വക്കില്‍ വച്ച് പോഗ്ബ ഇടംകാലന്‍ അടിയിലൂടെ പന്ത് വലയിലാക്കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ മാഞ്ചസ്റ്റര്‍ ലീഡുയര്‍ത്തി. 48ാം മിനുട്ടില്‍ ക്രിസ് സ്മാളിങിന്റെ പാസ് വലയിലാക്കി മിഖിതാര്യന്‍ ലീഡ് രണ്ടാക്കി യുനൈറ്റഡിന്റെ വിജയം ഉറപ്പ് വരുത്തി.
യൂറോപ്പിലെ മൂന്ന് മേജര്‍ കിരീടങ്ങള്‍ സ്വന്തമാക്കുന്ന അഞ്ച് ടീമുകളിലൊന്നായി ഇതോടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മാറി. ചാംപ്യന്‍സ് ലീഗ്, യൂറോപ്യന്‍ കപ്പ് വിന്നേഴ്‌സ് കപ്പ്, ഇപ്പോള്‍ യൂറോപ്പ ലീഗ് കിരീട വിജയങ്ങളും അവര്‍ അക്കൗണ്ടില്‍ ചേര്‍ത്തു. യുനൈറ്റഡ് ഫൈനലില്‍ കീഴടക്കിയ അയാക്‌സ് നേരത്തെ ഈ നേട്ടം സ്വന്തമാക്കിയവരാണ്. അയാക്‌സിന് പുറമെ ബയേണ്‍ മ്യൂണിക്ക്, യുവന്റസ്, ചെല്‍സി ടീമുകളും മൂന്ന് കിരീടങ്ങള്‍ നേടിയവരാണ്. യൂറോപ്യന്‍ സൂപ്പര്‍ കപ്പ് വിജയവും മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സ്വന്തമായുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."