സഭാ സമ്മേളനം അവസാനിച്ചത് 552 ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെ സ്പീക്കറുടെ റൂളിങിന് വിലകല്‍പ്പിക്കാതെ സര്‍ക്കാര്‍
തിരുവനന്തപുരം: നിയമസഭയില്‍ എം.എല്‍.എമാരുടെ ചോദ്യങ്ങള്‍ക്ക് കൃത്യ സമയത്ത് മറുപടി നല്‍കണമെന്ന സ്പീക്കറുടെ റൂളിങിന് വിലകല്‍പ്പിക്കാതെ സര്‍ക്കാര്‍. 552 ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാതെയാണ് സഭാ സമ്മേളനം അവസാനിച്ചത്. സഭ തീരുന്നതിനു മുന്‍പു തന്നെ ഉത്തരങ്ങള്‍ നല്‍കണമെന്നും സ്പീക്കര്‍ റൂളിങ് നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ സഭ അവസാനിച്ചപ്പോള്‍ പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്കെല്ലാം വിവരം ശേഖരിക്കുന്നു എന്ന ഒഴുക്കന്‍മട്ടിലുള്ള മറുപടി മാത്രമാണ് ലഭിച്ചത്. കേന്ദ്ര പദ്ധതികള്‍ എത്ര, അതിന് കേന്ദ്രം അനുവദിച്ച തുക എത്ര എന്ന ചോദ്യത്തിനും വിവരം ശേഖരിച്ചു വരുന്നു എന്ന മറുപടിയാണ് നല്‍കിയത്. മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തെ പല പദ്ധതി വിഹിതത്തിന്റെയും കണക്ക് അന്വേഷിച്ചപ്പോഴും ഇതേ മറുപടി തന്നെ.
ഈ സമ്മേളനത്തില്‍ 6,581 ചോദ്യങ്ങളാണ് അംഗങ്ങള്‍ ഉന്നയിച്ചത്. 660 നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങളും 5,921 നക്ഷത്രചിഹ്നമിടാത്ത ചോദ്യങ്ങളും അനുവദിച്ചിരുന്നു. ഇതില്‍ 80 ചോദ്യങ്ങള്‍ക്ക് മന്ത്രിമാര്‍ വാക്കാല്‍ മറുപടി നല്‍കി. സഭാതലത്തില്‍ എം.എല്‍.എമാര്‍ 691 ഉപചോദ്യങ്ങള്‍ ഉന്നയിക്കുകയും മന്ത്രിമാര്‍ മറുപടി നല്‍കുകയും ചെയ്തു.
മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന വകുപ്പുകളെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്കാണ് ഉത്തരം കിട്ടാത്തത്. ഈ സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഏപ്രില്‍ 25ന് ചോദിച്ച 382 ചോദ്യങ്ങളില്‍ 27 എണ്ണത്തിന് സഭ അവസാനിച്ച ഇന്നലെയും മറുപടി ലഭിച്ചില്ല. ആഭ്യന്തര വകുപ്പാണ് മറുപടി നല്‍കുന്നതില്‍ ഏറ്റവും പിന്നില്‍. ആഭ്യന്തരവകുപ്പുമായി ബന്ധപ്പെട്ട ഏതാണ്ട് മുന്നൂറിലധികം ചോദ്യങ്ങള്‍ക്കാണ് ഉത്തരം ലഭിക്കാത്തത്.
ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണി, മന്ത്രിമാര്‍ പ്രതികളായ കൊലക്കേസുകള്‍, ജിഷ്ണു പ്രണോയിയുടെ ദുരൂഹമരണം, സെന്‍കുമാറിനെ മാറ്റിയ നടപടി, ഈ സര്‍ക്കാര്‍ വന്ന ശേഷമുള്ള കൊലപാതകങ്ങള്‍, സ്ത്രീ പീഡനങ്ങള്‍, മുഖ്യമന്ത്രിയുടെ ഉപദേശകര്‍, മന്ത്രിമാര്‍ക്കെതിരേയുള്ള വിജിലന്‍സ് അന്വേഷണം, മുന്‍ സര്‍ക്കാരിന്റെ കാലത്തെ അഴിമതി, നിയമനങ്ങള്‍ തുടങ്ങിയ ചോദ്യങ്ങള്‍ക്കാണ് ഉത്തരം നിഷേധിച്ചത്.
പട്ടികവിഭാഗം, നിയമം, സാംസ്‌കാരികം, വനം, മൃഗസംരക്ഷണം, മല്‍സ്യബന്ധനം, കശുവണ്ടി വ്യവസായം, തൊഴില്‍, എക്‌സൈസ് വകുപ്പുകള്‍ യഥാസമയം ഉത്തരം നല്‍കി.
പത്തില്‍താഴെ ചോദ്യങ്ങള്‍ക്കു മാത്രമേ ഈ വകുപ്പുകള്‍ ഇനി ഉത്തരം നല്‍കാനുള്ളൂ. ധനകാര്യം, വൈദ്യുതി, സഹകരണം, വിനോദസഞ്ചാരം എന്നീ വകുപ്പുകളില്‍ നിന്നു അന്‍പതിലധികം ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാനുണ്ട്. കൃഷി, തദ്ദേശഭരണം, തുറമുഖം, ഗതാഗത വകുപ്പുള്‍ 140 ചോദ്യങ്ങള്‍ക്കും മരാമത്ത്, വിദ്യാഭ്യാസം, റവന്യൂ, ജലവിഭവം വകുപ്പുകള്‍ 133 ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാനുണ്ട്. മെയ് അഞ്ച്, 11 തിയതികളില്‍ മുഴുവന്‍ ചോദ്യങ്ങള്‍ക്കും മറുപടി ലഭിച്ചു.
അതേസമയം, ചോദ്യങ്ങള്‍ സംബന്ധിച്ച് ഇന്നലെയും സ്പീക്കറുടെ റൂളിങ് ഉണ്ടായി. നേരത്തെ നല്‍കിയ റൂളിങ് മുഖവിലയ്‌ക്കെടുത്ത് ഭരണപരമായ അസൗകര്യങ്ങള്‍ അനുഭവപ്പെടുന്നവ ഒഴികെയുള്ള പരമാവധി ചോദ്യങ്ങള്‍ക്ക് മറുപടി ലഭ്യമാക്കാന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള എല്ലാ മന്ത്രിമാരും പരിശ്രമിക്കുകയും ഒരു പരിധിവരെ വിജയിക്കുകയും ചെയ്തതായി സ്പീക്കര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."