ഇടയ പീഡനം: കേസ് അട്ടിമറിക്കാന്‍ ശ്രമമെന്ന് ആക്ഷന്‍ കൗണ്‍സില്‍
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസ് അട്ടിമറിക്കാന്‍ ശ്രമമുണ്ടെന്നു സംശയിക്കുന്നതായി കന്യാസ്ത്രീ സമരത്തിനു നേതൃത്വം നല്‍കിയ സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍. ശക്തമായ സമരങ്ങളെ തുടര്‍ന്നു ബിഷപ്പ് അറസ്റ്റിലായെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സംഭവവികാസങ്ങള്‍ അട്ടിമറി ശ്രമങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറഞ്ഞു.
ബിഷപ്പിനെതിരേ മൊഴി നല്‍കിയ പ്രധാന സാക്ഷികള്‍ കൂറുമാറുന്നതായുള്ള സൂചന, പൊലിസിനു കൈമാറിയ തെളിവുകള്‍ എതിര്‍പക്ഷത്തേക്കു പോകുന്നതായുള്ള വിവരം, പ്രധാന കേസ് കാര്യക്ഷമമായി അന്വേഷിച്ച ഇപ്പോഴത്തെ അന്വേഷണ സംഘത്തെ ഒഴിവാക്കി അനുബന്ധ കേസുകള്‍ ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കാനുള്ള നീക്കം തുടങ്ങിയവയെല്ലാം അട്ടിമറി സൂചനയാണ് നല്‍കുന്നത്. ഇങ്ങനെ പോയാല്‍ ഇരയുടെയും പ്രധാന സാക്ഷികളുടെയുമെല്ലാം ജീവന് അപായം സംഭവിക്കാനുള്ള സാധ്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഇടവക വികാരി ഫാദര്‍ നിക്കോളാസ് മണിപറമ്പ് കൊലക്കേസ് പ്രതിയോടൊപ്പം കുറവിലങ്ങാട് മഠം സന്ദര്‍ശിക്കാനെത്തിയതു കടുത്ത നിയമലംഘനവും അപായ സൂചനയുമാണ്. ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ വീട്ടില്‍ നടന്ന സ്വകാര്യ ചടങ്ങിന്റെ ഫോട്ടോ, വിഡിയോ ദൃശ്യങ്ങള്‍ എന്നിവയടങ്ങിയ സി.ഡി, പെന്‍ഡ്രൈവ് എന്നിവ എറണാകുളം റെയ്ഞ്ച് ഐ.ജിയുടെ നിര്‍ദേശപ്രകാരമാണ് ഫോട്ടോഗ്രാഫര്‍ പൊലിസിനു കൈമാറിയത്. എന്നാല്‍, ഇവയടങ്ങിയ കവര്‍ ഉയര്‍ത്തിപ്പിടിച്ചാണ് പി.സി ജോര്‍ജ് എം.എല്‍.എ വാര്‍ത്താസമ്മേളനം നടത്തിയത്. ഇത് അത്യന്തം ഗൗരവമായി കാണണം. മാത്രമല്ല, സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കും മറ്റും തന്നെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന ബോധ്യത്തോടെയാണ് പി.സി ജോര്‍ജ് ഇപ്പോഴും കന്യാസ്ത്രീയെ അപമാനിക്കുന്ന പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഫാ. അഗസ്റ്റിന്‍ വട്ടോളി, ഫെലിക്‌സ് പുല്ലൂടന്‍, പ്രൊഫ. ജോസഫ് വര്‍ഗീസ്, സി.ആര്‍ നീലകണ്ഠന്‍, ഷൈജു ആന്റണി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."