ആശ്വാസകിരണം: കുടിശ്ശിക വരുത്തരുതെന്ന് മനുഷ്യാവകാശ കമ്മിഷന്
തിരുവനന്തപുരം: മുഴുവന്‍സമയ പരിചരണം ആവശ്യമുള്ള രോഗികളുടെ സഹായികള്‍ക്ക് മാസം 600 രൂപ വീതം സഹായം നല്കുന്ന ആശ്വാസകിരണം പദ്ധതിയില്‍ കുടിശ്ശിക വരുത്തരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്. പദ്ധതിക്കുകീഴില്‍ കൂടുതല്‍ വിഭാഗങ്ങളെ കൊണ്ടുവരുമ്പോള്‍ അതിനാവശ്യമായ ഫണ്ടുകൂടി വകയിരുത്തണമെന്നും കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍ദേശിച്ചു. പദ്ധതിയില്‍ നിന്ന് 17 മാസമായി ധനസഹായം കിട്ടാറില്ലെന്നും 1,13,713 പേര് ബുദ്ധിമുട്ടുകയാണെന്നുമുള്ള വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മിഷന് സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
നിലവില്‍ ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് പുറമെ ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മാനസികവൈകല്യം, കാന്‍സര്‍, പ്രായാധിക്യം എന്നിവ അനുഭവിക്കുന്നവരുടെ സഹായികളെകൂടി പട്ടികയില്‍ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സാമൂഹിക സുരക്ഷാ മിഷന് എക്സിക്യൂട്ടീവ് ഡയരക്ടര്‍ കമ്മിഷനെ അറിയിച്ചു. ഇത്തരത്തില്‍ ഗുണഭോക്താക്കളുടെ എണ്ണം വര്‍ധിച്ചപ്പോള്‍ ബജറ്റ് വിഹിതത്തെക്കാള്‍ കൂടുതല്‍ തുക ആവശ്യമായി വന്നു. നടപ്പുസാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതമായ 40 കോടി അനുവദിച്ചിട്ടുണ്ട്. 2018 ഡിസംബര്‍ മുതല്‍ 2019 ഏപ്രില്‍ വരെ കുടിശികയായ 36,92,89,309 രൂപ അനുവദിച്ചിട്ടുണ്ടെന്നും ഫണ്ട് ലഭ്യമാകുന്ന മുറയ്ക്ക് തുടര്‍ന്നുള്ള ധനസഹായം അനുവദിക്കുമെന്നും ഡയരക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."